നീയിത് കാണുന്നുണ്ടോ... ഇതാ നിന്റെ സണ്ടര്‍ലാന്‍ഡ് തിരിച്ചുവരന്നിരിക്കുന്നു
Sports News
നീയിത് കാണുന്നുണ്ടോ... ഇതാ നിന്റെ സണ്ടര്‍ലാന്‍ഡ് തിരിച്ചുവരന്നിരിക്കുന്നു
ആദര്‍ശ് എം.കെ.
Sunday, 17th August 2025, 5:04 pm

 

എട്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ വിജയമധുരം നുണഞ്ഞാണ് സണ്ടര്‍ലാന്‍ഡ് പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. സ്വന്തം തട്ടകമായ സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം വിജയിച്ചത്. ആദ്യ മത്സരത്തിന് പിന്നാലെ ടീം നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പ്രൊമോഷന്‍ നേടി പ്രീമിയര്‍ ലീഗിന് യോഗ്യത നേടിയ ശേഷം കളിക്കുന്ന ആദ്യ മത്സരത്തില്‍, അതും സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സാധിച്ചതില്‍ ആരാധകരും ഹാപ്പിയാണ്.

സണ്ടര്‍ലാന്‍ഡിന്റെ വിജയത്തിനൊപ്പം ആരാധകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരാണ് ബ്രാഡ്‌ലി ലോറിയുടേത്. സണ്ടര്‍ലാന്‍ഡിനെ ഏറെ സ്നേഹിച്ച കൊച്ചു ആരാധകന്‍. ന്യൂറോബ്ലാസ്റ്റോമ എന്ന ക്യാന്‍സറിന് കീഴടങ്ങി 2017ല്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ അവന്റെ പ്രായം വെറും ആറ് വയസ് മാത്രമായിരുന്നു.

ബ്രാഡ്‌ലി ലോറി

 

നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അവന്‍ ഓരോ ഫുട്ബോള്‍ ആരാധകരന്റെയും മനസ് കീഴടക്കി. ആരാധകരുടെ മാത്രമല്ല, സണ്ടര്‍ലാന്‍ഡ് താരങ്ങളുടെ കൂടി പ്രിയപ്പെട്ടവനായിരുന്നു ലോറി. സാംസണ്‍, ഡിലേയ എന്നിവര്‍ക്കൊപ്പം ലോറിയും ടീമിന്റെ മാസ്‌കോട്ടുകളിലൊരാളായി മാറി.

സാംസണും ഡിലേയയും – സണ്ടര്‍ലാന്‍ഡിന്റെ മാസ്‌കോട്ടുകള്‍

അവന്റെ വിയോഗം ഓരോ സണ്ടര്‍ലാന്‍ഡ് ആരാധകരെയും സങ്കടത്തിലേക്ക് തള്ളിയിട്ടു. അവസാനമായി അവനെ ഒരു നോക്കുകാണാന്‍ ചുവപ്പും വെള്ളയും നിറത്തിലുള്ള ജേഴ്‌സയണിഞ്ഞ് അവര്‍ ഒഴുകിയെത്തി.

 

ബ്രാഡ്‌ലിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര

ബ്രാഡ്‌ലി മരണപ്പെട്ട അതേ സീസണില്‍ തന്നെയായിരുന്നു (2016/17) സണ്ടര്‍ലാന്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് റെലഗേറ്റ് ചെയ്യപ്പെട്ടത്. ആ സീസണില്‍ 20ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ആറ് വിജയവും ആറ് സമനിലയും 26 തോല്‍വിയുമായി സണ്ടര്‍ലാന്‍ഡ് ഇംഗ്ലീഷ് ഫുട്ബോളിന്റെ രണ്ടാം ഡിവിഷനിലേക്ക് വീണു.

2017/18ല്‍ ഇ.എഫ്.എല്‍ ചാമ്പ്യന്‍ഷിപ്പിലും സണ്ടര്‍ലാന്‍ഡ് അവസാനക്കാരായിരുന്നു. 46 മത്സരത്തില്‍ നിന്നും ഏഴെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം സീസണിലും റെലഗേറ്റ് ചെയ്യപ്പെട്ട് മൂന്നാം ഡിവിഷനായ ലീഗ് വണ്ണിലേക്കും സണ്ടര്‍ലാന്‍ഡ് പടിയിറങ്ങി.

അടുത്ത സീസണില്‍ ലീഗ് വണ്ണില്‍ അഞ്ചാം സ്ഥാനക്കാരായാണ് സണ്ടര്‍ലാന്‍ഡ് ഫിനിഷ് ചെയ്തത്. 22 വിജയവും 19 സമനിലയും അഞ്ച് തോല്‍വിയുമായി 85 പോയിന്റാണ് ടീമിനുണ്ടായിരുന്നത്. എന്നാല്‍ അടുത്ത സീസണില്‍ എട്ടാം സ്ഥാനത്തേക്ക് ടീം വീണു. എഫ്.എ കപ്പിന്റെ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട ടീം ഇ.എഫ്.എല്‍ ട്രോഫിയിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.

അടുത്ത സീസണില്‍ പ്രൊമോഷന്റെ വക്കിലെത്തിയെങ്കിലും കാലിടറി വീണു. പോയിന്റ് പട്ടികയില്‍ നാലാമതായി ഫിനിഷ് ചെയ്ത പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും സെമിയില്‍ ലിങ്കണ്‍ എഫ്.സിയോട് പരാജയപ്പെട്ടു. എന്നാല്‍ ഇ.എഫ്.എല്‍ ട്രോഫിയിലെ വിജയം ആരാധകര്‍ക്ക് ജീവവായുവായി.

ലീഗ് വണ്ണില്‍ തുടര്‍ച്ചയായ നാല് സീസണുകള്‍ക്ക് പിന്നാലെ 2023-23ല്‍ സണ്ടര്‍ലാന്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രൊമോഷന്‍ നേടി. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി പ്രീമിയര്‍ ലീഗ് പ്രൊമോഷനുള്ള പ്ലേ ഓഫിനും ബ്ലാക് ക്യാറ്റ്‌സ് യോഗ്യത നേടി.

എന്നാല്‍ ലൂട്ടണ്‍ ടൗണിനെതിരെ ടീം പരാജയപ്പെട്ടു. ആദ്യ പാദത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ 2-1ന് വിജയിച്ച ടീം രണ്ടാം പാദത്തില്‍ 2-0ന് പരാജയപ്പെടുകയായിരുന്നു. ഇതോടെ 3-2 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ടീം തോല്‍വിയിലേക്ക് വീണു. 2023-24ലും ടീമിന് പ്രോമോഷനിലേക്ക് മുന്നേറാന്‍ സാധിച്ചില്ല.

2024-25 സീസണില്‍ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. ആദ്യം കളിച്ച 12ല്‍ ഒമ്പതും വിജയിച്ച് ടീം കരുത്ത് കാട്ടി. എന്നാല്‍ അടുത്ത ആറ് മത്സരത്തില്‍ ഒന്നില്‍പ്പോലും വിജയിക്കാനായില്ല. അഞ്ച് മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒരു മത്സരത്തില്‍ പരാജയപ്പെട്ടു. ഇതോടെ ടീം നാലാം സ്ഥാനത്തേക്ക് വീണു. തുടര്‍ന്നങ്ങോട്ടും സീസണില്‍ ടീമിന് നാലാം സ്ഥാനത്ത് തന്നെ ടീം നിലയുറപ്പിച്ചു.

സീസണിലെ അവസാന അഞ്ച് മത്സരത്തിലും ടീം പരാജയപ്പെട്ടെങ്കിലും പ്ലേ ഓഫിന് സണ്ടര്‍ലാന്‍ഡ് യോഗ്യത നേടി.

പ്ലേ ഓഫ് സെമിയില്‍ കോവെന്‍ട്രി സിറ്റിയെ 3-2ന് തോല്‍പ്പിച്ച ടീമിന് ഫൈനലില്‍ നേരിടാനുണ്ടായിരുന്നത് ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം സണ്ടര്‍ലാന്‍ഡ് രണ്ട് ഗോളടിച്ച് തിരിച്ചുവരികയായിരുന്നു. ഇതോടെ എട്ട് വര്‍ഷത്തിന് ശേഷം ടീം പ്രീമിയര്‍ ലീഗിലേക്കും മടങ്ങിയെത്തി.

തിരിച്ചുവരവിലെ ആദ്യ മത്സരം തന്നെ സ്വന്തം തട്ടകമായ സ്റ്റേഡിയം ഓഫ് ലൈറ്റില്‍. എതിരാളികള്‍ ഹാമ്മേഴ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വെസ്റ്റ് ഹാം യുണൈറ്റഡ്.

4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനില്‍ സണ്ടര്‍ലാന്‍ഡ് പരിശീലകന്‍ റെജിസ് ലെ ബ്രിസ് തന്റെ കുട്ടികളെ കളത്തിലിറക്കി. മറുവശത്ത് 3-4-1-2 എന്ന ഫോര്‍മേഷനിലാണ് ഗ്രഹാം പോട്ടര്‍ വെസ്റ്റ് ഹാമിനെ വിന്യസിച്ചത്.

ആദ്യ പകുതിയില്‍ അടിയും തിരിച്ചടിയുമായി കൊണ്ടും കൊടുത്തും ഇരുവരും മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മത്സരത്തിന്റെ 61ാം മിനിട്ടില്‍ സണ്ടര്‍ലാന്‍ഡിന് പ്രീമിയര്‍ ലീഗ് യോഗ്യത നേടിക്കൊടുത്ത ഗോളിനുടമ എലൈസര്‍ മയേന്‍ഡയിലൂടെ ബ്ലാക്ക് ക്യാറ്റ്‌സ് ലീഡ് നേടി. 73ാം മിനിട്ടില്‍ ഡാനിയല്‍ ബല്ലാര്‍ഡിലൂടെ ലീഡ് ഇരട്ടിയാക്കിയ സണ്ടര്‍ലാന്‍ഡ് ആഡ് ഓണ്‍ ടൈമിന്റെ രണ്ടാം മിനിട്ടില്‍ വില്‍സണ്‍ ഇസിഡോറിലൂടെ മൂന്നാം ഗോളും ഒപ്പം വിജയവും സ്വന്തമാക്കി.

ഓഗസ്റ്റ് 23നാണ് സണ്ടര്‍ലാന്‍ഡ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബ്ലാക്ക് ക്യാറ്റ്‌സിനൊപ്പം പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ നേടിയ ബേണ്‍ലിയാണ് എതിരാളികള്‍. ബേണ്‍ലിയുടെ ഹോം ഗ്രൗണ്ടായ ടര്‍ഫ് മൂറാണ് വേദി.

 

Content Highlight: Sunderland AFC’s return to the Premier League

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.