ജനതാ കര്‍ഫ്യൂവിലും കേരള മോഡല്‍; വീടും പരിസരവും ശുചിയാക്കി മലയാളികള്‍
Kerala Model
ജനതാ കര്‍ഫ്യൂവിലും കേരള മോഡല്‍; വീടും പരിസരവും ശുചിയാക്കി മലയാളികള്‍
ന്യൂസ് ഡെസ്‌ക്
Sunday, 22nd March 2020, 12:41 pm

തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ വീടും പരിസരവും ശുചിയാക്കി മലയാളികള്‍. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമടക്കം സ്വന്തം വീട്ടിലിരുന്നും വീടും പരിസരവും ശുചിയാക്കിയുമാണ് ജനതാ കര്‍ഫ്യൂവില്‍ പങ്കാളികളായത്.

സംസ്ഥാനത്തുടനീളം അഗ്നിരക്ഷാസേന പൊതുയിടങ്ങളെല്ലാം അണുനാശിനി ഉപയോഗിച്ച് ശുചിയാക്കി. സിനിമാ-സാംസ്‌കാരിക-കായിക രംഗത്തെ പ്രമുഖര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

ജനതാ കര്‍ഫ്യൂ സംസ്ഥാനത്ത് കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനം ജനത കര്‍ഫ്യൂ പൂര്‍ണാമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടത്തില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ വീട്ടില്‍ കഴിയുന്നവര്‍ ശുചീകരണം നടത്തുകയും രോഗപ്രതിരോധത്തിനുള്ള സന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹനഗതാഗതം നിര്‍ത്തി വെക്കുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബാറുകളും ബീവറേജസുകളും പ്രവര്‍ത്തിക്കില്ല. ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ മാത്രമാവും ലഭ്യമാവുക. ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ തുറക്കും. മാഹിയില്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കില്ല.

സ്വയം നിയന്ത്രണം പാലിക്കാന്‍ ജനങ്ങള്‍ തയാറായതോടെ സംസ്ഥാനത്തെ റോഡുകള്‍ ശൂന്യമാണ്. പൊലീസിന്റെയും ആവശ്യസര്‍വീസിന്റെയും വിരലില്‍ എണ്ണാവുന്ന വാഹനങ്ങളാണ് റോഡുകളിലുള്ളത്. കാസര്‍കോട്ട് റോഡിലിറങ്ങിയ ജനങ്ങളെ പൊലീസ് തടഞ്ഞു വീട്ടിലേക്ക് തിരിച്ചയച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ മറ്റുജില്ലകളില്‍ നിന്ന് വയനാട് എത്തുന്നവരെ വിലക്കി.

ഒഴിഞ്ഞുകിടക്കുന്ന റോഡുകളും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഒരാളു പോലുമില്ലാത്ത റയില്‍വേ പ്ലാറ്റ് ഫോമുകളുമാണ് ഇന്നത്തെ കേരളത്തിന്റെ ചിത്രം. കോവിഡിനെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി ജനം ചിന്തിച്ചതോടെ ജനതാ കര്‍ഫ്യൂ നാടിന്റെ സ്വയം പ്രതിരോധമായി. ഹര്‍ത്താല്‍ ദിനത്തില്‍ തലങ്ങും വിലങ്ങു പായുന്ന ഇരുചക്രവാഹനങ്ങള്‍ പോലും വളരെ വിരളമായേ തെരുവിലുണ്ടായുള്ളൂ.

തിരക്കേറിയ നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ആളില്ലാ നഗരങ്ങളായി. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലുണ്ടായിരുന്നത് ആര്‍പിഎഫും ആരോഗ്യപ്രവര്‍ത്തകരും മാത്രം. ഓട്ടോറിക്ഷകളും ടാക്‌സികളും പൂര്‍ണമായും യാത്രകള്‍ ഒഴിവാക്കി. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിയപ്പോഴും വീടുകളില്ലാത്ത ചിലര്‍ക്ക് തെരുവുകളില്‍ തന്നെ കഴിയേണ്ടിവന്നു.

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിശ്ചിത അകലം പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ കണ്ണൂരിലെ വിദേശ മദ്യ ഷാപ്പിന് മുന്നില്‍ ആളുകള്‍ വരിനില്‍ക്കുന്ന ചിത്രം വലിയ വാര്‍ത്തയായിരുന്നു.

സാധാരണ വലിയ ഉന്തും തള്ളുമായിരുന്നു മദ്യ ഷാപ്പുകള്‍ക്ക് മുന്നിലെങ്കില്‍, ഒരു മീറ്ററോളം അകലമിട്ട് വരി നില്‍ക്കുന്നവരുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നതിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തിലും മാതൃക കാണിച്ച് കേരളം രംഗത്തെത്തിയിരുന്നു. ബുധനാഴ്ച (18/3/20) കൊവിഡ് 19 വിലയിരുത്തലുമായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം സെക്രട്ടറിയേറ്റിലെ ഓപ്പണ്‍ ഹാളിലാണ് നടന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിപ്പിടമൊരുക്കിയത് ഒരു മീറ്റര്‍ ദൂരത്തിലായിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ചീഫ് സെക്രട്ടറി ടോം ജോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച തന്നെ വാര്‍ത്താസമ്മേളനങ്ങളില്‍ ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് 19 പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും തൃപ്തി രേഖപ്പെടുത്തിയത് പ്രതിരോധപ്രവര്‍ത്തനത്തിന് കരുത്താകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മത-സാമുദായിക നേതാക്കള്‍ ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത-സാമുദായിക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഉത്സവങ്ങളും പള്ളികളിലെ ചടങ്ങുകളും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ കോണ്‍ഫറന്‍സിംഗിന് ശേഷം കെ.സി.ബി.സി സര്‍ക്കാര്‍ നടപടികളോട് സഹകരിക്കുമെന്നറിയിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോട് പട്ടാളം പള്ളിയിലെ വെള്ളിയാഴ്ച നമസ്‌കാരം ഉള്‍പ്പടെയുള്ളവ ഒഴിവാക്കിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: