സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്.
നാളെയാണ് (ഡിസംബര്‍ 19ന്) സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അവസാന ടി-20 മത്സരം അരങ്ങേറുന്നത്. അഹമ്മദാബാദാണ് വേദി.
മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനേയും കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്റെക്കോഡ് നേട്ടമാണ്. മത്സരത്തില്‍ വെറും 30 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ടി-20യില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സൂര്യയ്ക്ക് സാധിക്കുക.
ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഈ നാഴികക്കല്ലിലെത്തുന്ന നാലാമത്തെ താരമാകാനും സൂര്യയ്ക്ക് കഴിയും. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയുമാണുള്ളത്.
അതേസമയം വെറും നാല് റണ്‍സ് നേടാന്‍ സാധിച്ചാല്‍ ടി-20യില്‍ 8000 റണ്‍സ് നേടുന്ന താരമാകാന്‍ സഞ്ജുവിനും സാധിക്കും. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പരിക്ക് പറ്റിയതിനാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ താരം കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
മാത്രമല്ല വരാനിരിക്കുന്ന മത്സരത്തില്‍ കളത്തിലിറങ്ങി അഞ്ച് റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും സഞ്ജുവിന് അവസരമുണ്ട്.
കഴിഞ്ഞ 20ലേറെ മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഈ കാലയളവില്‍ ടീമിന് വേണ്ടി ഒരു ഫിഫ്റ്റി പോലും താരം നേടിയില്ലായിരുന്നു. എന്നിരുന്നാലും അടുത്ത മത്സരത്തില്‍ സ്‌കൈ തിരിച്ചുവരുമെന്നാണ് ആരാധകരും വിശ്വസക്കുന്നത്.