എം.ജി ഗ്ലോസ്റ്ററിനും മനോരമയ്ക്കും അടുത്ത 'പണിയുമായി' സുജിത് ഭക്തന്‍; ഫോര്‍ഡ് എന്‍ഡോവറിന്റെ മരുഭൂമിയിലെ സവാരി വീഡിയോ
Auto News
എം.ജി ഗ്ലോസ്റ്ററിനും മനോരമയ്ക്കും അടുത്ത 'പണിയുമായി' സുജിത് ഭക്തന്‍; ഫോര്‍ഡ് എന്‍ഡോവറിന്റെ മരുഭൂമിയിലെ സവാരി വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th November 2020, 4:48 pm

കുറച്ച് ദിവസം മുമ്പാണ്  വ്‌ളോഗറായ സുജിത് ഭക്തന്‍ എം.ജി ഗ്ലോസ്റ്റര്‍ എന്ന വണ്ടിയുടെ റിവ്യൂ വീഡിയോ തയ്യാറാക്കിയത്. വയനാട്ടില്‍ ഓഫ് റോഡ് ഡ്രൈവ് ചെയ്ത എം.ജി ഗ്ലോസ്റ്ററിന് എന്നാല്‍ കൃത്യമായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ഇത് തന്റെ വിഡിയോയിലൂടെ സുജിത് ഭക്തന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ നിരവധി ആരോപണങ്ങളും സൈബര്‍ ആക്രമണവും സുജിത് ഭക്തനെതിരെ നടന്നു.

മലയാള മനോരമയുടെ ഓണ്‍ലൈന്‍ എഡിഷനിലും പത്രത്തിലും സുജിത് ഭക്തനെ ലക്ഷ്യം വെച്ച് ലേഖനങ്ങളും വന്നിരുന്നു. തൊട്ടുപിന്നാലെ ഓഫ് റോഡ് ഡ്രൈവിംഗിനായി ആയി നിര്‍മ്മിച്ചെടുത്ത മഡ് റോഡിലൂടെ എം.ജി ഗ്ലോസ്റ്റര്‍ ഡ്രൈവ് ചെയ്യുകയും മനോരമ വിഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.

10 ലക്ഷം രൂപയോളം എം.ജി ഗ്ലോസ്റ്റര്‍ വാങ്ങിക്കുന്നതിനായി സുജിത് ഭക്തന്‍ ഡിസ്‌കൗണ്ട് ചോദിച്ചെന്നും ഇത് നല്‍കാത്തതിനാലാണ് നെഗറ്റീവ് റിവ്യു സുജിത് ഭക്തന്‍ ചെയ്തതെന്നുമായിരുന്നു എം.ജിയിലെ ചില ജീവനക്കാര്‍ തന്നെ സുജിതിന്റെ വിഡിയോയില്‍ കമന്റുകളുമായി എത്തിയത്.

തുടര്‍ന്ന് തങ്ങള്‍ക്കെതിരെ നടന്ന പ്രചാരണങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ക്കും മറുപടിയുമായി സുജിത് ഭക്തനും കൂടെയുണ്ടായിരുന്ന എമിലും രംഗത്ത് എത്തിയിരുന്നു. തന്റെ എം.ജി ഹെക്ടര്‍ എന്ന വാഹനം സുജിത് ഭക്തന്‍ വില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് സുജിത്.

രാജസ്ഥാനിലെ മരുഭൂമിയിലൂടെയുള്ള ഫോര്‍ഡ് എന്‍ഡോവറിന്റെ യാത്രയാണ് സുജിതിന്റെ പുതിയ വീഡിയോയില്‍ ഉള്ളത്. പുതിയ വിഡിയോയുടെ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഫോര്‍ഡ് എന്‍ഡവര്‍ പെര്‍ഫോമന്‍സിനൊപ്പം മരുഭൂമിയിലെ മണലില്‍ വണ്ടി കുടുങ്ങിയിടത്ത് സഹായത്തിന് എത്തിയ സ്ഥിരം ഓഫ് റോഡ് റൈഡറും വീഡിയോയില്‍ എത്തുന്നുണ്ട് എന്നാണ് ടീസര്‍ തരുന്ന സൂചന. എം.ജി ഗ്ലോസ്റ്റ്‌റിനെ കുറിച്ചുള്ള ഇയാളുടെ അഭിപ്രായവും സുജിത് വിഡിയോയില്‍ ചോദിക്കുന്നുണ്ട്.

എം.ജി ഗ്ലോസ്റ്ററിനും മലയാള മനോരമയ്ക്കും ഉള്ള അടുത്ത പണിയെന്നാണ് സുജിതിന്റെ വീഡിയോ കണ്ടവര്‍ അഭിപ്രായം പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Sujith Bhaktan Tech Travel Eat Vlog for Ford Endeavor Desert Ride Video