ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പട്ടിണി കൊണ്ടല്ലെന്ന് പിതാവ്
Daily News
ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പട്ടിണി കൊണ്ടല്ലെന്ന് പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd April 2016, 11:17 pm

sruthi-mol

കണ്ണൂര്‍: പേരാവൂരില്‍ ആദിവാസി പെണ്‍കുട്ടി പട്ടിണി സഹിക്കവയ്യാതെ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ്. മകള്‍ ആത്മഹത്യ ചെയ്തത് ഭക്ഷണം കിട്ടാത്തത് കൊണ്ടല്ലെന്നും സൈക്കിള്‍ ലഭിക്കാത്തതിലുള്ള മനോവിഷമം മൂലമാണെന്നും പെണ്‍കുട്ടിയുടെ പിതാവ് ഏഷ്യനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു.

മക്കള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കിയിരുന്നെന്നും വാര്‍ത്തകളില്‍ പ്രചരിക്കും പോലെയുള്ള ബുദ്ധിമുട്ടുകള്‍ കുട്ടിയ്ക്ക്  ഇല്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. തങ്ങളോടൊപ്പം ജോലിക്ക് പോരാന്‍ കഴിയാത്തതിലലുള്ള മാനസിക വിഷമവും ഉണ്ടായിരുന്നതായി പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോള്‍ (15) ആത്മഹത്യ ചെയ്തത് പട്ടിണി മൂലമാണെന്ന് മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം വിശദീകരണവുമായി രംഗത്തെത്തിയത്. ശ്രുതിമോള്‍ ആത്മഹത്യ ചെയ്തത് വിശപ്പ് കൊണ്ടാണെന്ന് ദേശാഭിമാനിയായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.