സൗത്ത് ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് സുഹാസിനി. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന സുഹാസിനി തുടക്ക കാലം മുതല്‍ തന്നെ ഇന്‍ഡസ്ട്രിയുടെ ശ്രദ്ധാകേന്ദ്രമായി മാറി. ബാലു മഹേന്ദ്രയുടെ നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കാന്‍ സുഹാസിനിക്ക് സാധിച്ചു.
തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ സുഹാസിനി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പങ്കാളിയായ മണിരത്‌നത്തിന്റെ തിരുടാ തിരുടാ, ഇരുവര്‍, രാവണന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഭാഷണമൊരുക്കിയ താരം പെണ്‍, ഇന്ദിര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതുവരെ അഭിനയിച്ച നടന്മാരില്‍ തനിക്ക് ഏറ്റവും ബഹുമാനം തോന്നിയത് മമ്മൂട്ടിയോടാണെന്ന് പറയുകയാണ് സുഹാസിനി.
‘കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഡീസന്റും ജെന്റിലുമായിട്ടുള്ള വ്യക്തി മമ്മൂട്ടിയാണ്. എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ട്. ഏറ്റവും മികച്ച കോ സ്റ്റാര്‍ മമ്മൂട്ടിയാണ്. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന് എപ്പോഴും താത്പര്യം. എന്നെ കണ്ടപ്പോള്‍ അതുപോലെ ചെയ്യാനായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്.
സ്റ്റാര്‍ഡം നല്‍കുന്ന വലിയ സെറ്റപ്പ് ഒരിക്കലും എന്റെ ഗോള്‍ ആയിരുന്നില്ല. ഇതേ ചിന്ത തന്നെയായിരുന്നു മമ്മൂട്ടിയുടെയും. എന്നാല്‍ അതിന് ശേഷം അദ്ദേഹം വലിയ സ്റ്റാറായി മാറി. ഞാന്‍ പറയുന്നത് 1983-84 കാലഘട്ടത്തെക്കുറിച്ചാണ്. മമ്മൂട്ടി സ്റ്റാറായത് അതിന് ശേഷമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്,’ സുഹാസിനി പറയുന്നു.
പരസ്പരം കോംപ്ലിമെന്റ് ചെയ്താണ് താനും മമ്മൂട്ടിയും പലപ്പോഴും ഒന്നിച്ച് അഭിനയിക്കാറുള്ളതെന്നും സുഹാസിനി പറഞ്ഞു. പരസ്പരം അങ്ങനെയൊരു ധാരണ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒന്നിച്ചുള്ള സീന്‍ ചെയ്യുമ്പോള്‍ ഒരാള്‍ മുകളില്‍ പോകാനെ മറ്റേയാള്‍ താഴേക്ക് പോകാനോ ശ്രമിക്കാറില്ലായിരുന്നെന്നും സുഹാസിനി പറയുന്നു.
മമ്മൂട്ടിയോടൊപ്പം ഏഴ് ചിത്രങ്ങളിലാണ് സുഹാസിനി അഭിനയിച്ചത്. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, കൂടെവിടെ, എന്റെ ഉപാസന തുടങ്ങിയവ ഇന്നും ക്ലാസിക്കായാണ് കണക്കാക്കപ്പെടുന്നത്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച നായികമാരിലൊരാള്‍ കൂടിയായിരുന്നു സുഹാസിനി.
Content Highlight: Suhasini saying Mammootty is the best Co star of her