സിനിമയുടെ ഓരോ ഷോട്ടും സത്യമായിട്ടുള്ളത്: വി.എസ്. അച്യുതാനന്ദന്റെ പേരില്‍ വീണ്ടും കളവ് പറഞ്ഞ് സുദീപ്‌തോ സെന്‍
India
സിനിമയുടെ ഓരോ ഷോട്ടും സത്യമായിട്ടുള്ളത്: വി.എസ്. അച്യുതാനന്ദന്റെ പേരില്‍ വീണ്ടും കളവ് പറഞ്ഞ് സുദീപ്‌തോ സെന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd August 2025, 8:24 am

ദല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ കേരള സ്‌റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമ കാണാതയാണ് പിണറായി വിജയന്‍ വിമര്‍ശിക്കുന്നതെന്ന് സുദീപ്‌തോ പറയുന്നു. വി.എസ്. അച്യുതാനന്ദന്റെ പഴയ പത്രസമ്മേളനത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് സുദീപ്‌തോ ന്യായീകരിക്കുന്നത്.

കേരളം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റായി മാറുമെന്ന് വി.എസ് അച്യുതാന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതായി സുദീപ്‌തോ സെന്‍ ആവര്‍ത്തിച്ച് കളവ് പറയുന്നുണ്ട്. എന്നാല്‍ വി.എസ്. അച്യുതാനന്ദന്റെ മരണത്തിന് ശേഷം  അദ്ദേഹം പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജേര്‍ണലിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴും കേരള സ്‌റ്റോറി എന്ന സിനിമയെ ന്യായീകരിക്കാനായി അതേ വാദമാണ് ചിത്രത്തിന്റെ സംവിധായകന്‍ ഉപയോഗിക്കുന്നത്. ചിത്രത്തിലെ ഓരോ ഡയലോഗും സെന്‍സര്‍ ബോര്‍ഡ് സസൂക്ഷ്മം നിരീക്ഷിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ രണ്ട് മാസത്തോളം സമയമെടുത്തെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.

‘കലയില്‍ മാത്രം വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയത്തെക്കുറിച്ച് എനിക്കറിയില്ല, രാഷ്ട്രീയക്കാരെപ്പോലെ സംസാരിക്കാനും എനിക്ക് സാധിക്കില്ല. പിണറായി വിജയന്‍ സാര്‍ സിനിമ കാണാതെയാണ് വിമര്‍ശിക്കുന്നത്. അദ്ദേഹത്തോട് സിനിമ കാണാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്നെ അഭിനന്ദിച്ചുകൊണ്ടുള്ള നൂറുകണക്കിന് മെസ്സേജുകള്‍ക്കാണ്,’ സുദീപ്‌തോ പറഞ്ഞു.

ചിത്രത്തിന്റെ ഓരോ ഷോട്ടും സത്യമായിട്ടുള്ളതാണെന്നും അതിനെക്കുറിച്ചുള്ള വെല്ലുവിളികളെ നേരിടാന്‍ താന്‍ തയാറാണെന്നും സംവിധായകന്‍ പറഞ്ഞു. സിനിമയില്‍ കാണിച്ചിട്ടുള്ള ഓരോ കാര്യത്തിലും താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും സുദീപ്‌തോ സെന്‍ പറയുന്നു.

71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങളാണ് ദി കേരള സ്റ്റോറിക്ക് ലഭിച്ചത്. മികച്ച ഛായാഗ്രഹണം, മികച്ച സംവിധായകന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ കേരളത്തെക്കുറിച്ച് ഇല്ലാത്ത വസ്തുതകള്‍ പ്രചരിപ്പിക്കുന്ന സിനിമക്ക് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.

Content Highlight: Sudipto Sen again misleading VS Achuthanandan’s statement to justify The Kerala Story movie