സെറ്റിൽ നിന്നും ഭയങ്കര ടെൻഷനിൽ ആയിരുന്നു മമ്മൂക്ക പോയിരുന്നത്: സുധി കോഴിക്കോട്
Film News
സെറ്റിൽ നിന്നും ഭയങ്കര ടെൻഷനിൽ ആയിരുന്നു മമ്മൂക്ക പോയിരുന്നത്: സുധി കോഴിക്കോട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 4:41 pm

മമ്മൂട്ടി ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ ദി കോർ. നവംബർ 23ന് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമകാലിക വിഷയത്തെ വ്യക്തമായ കാഴ്ചപ്പാടോടെ തുറന്ന് പറയാൻ കാതൽ എന്ന ചിത്രത്തിനായി.

സിനിമയുടെ സെറ്റിൽ നിന്ന് മമ്മൂട്ടിക്ക് പോകാൻ താത്പര്യമില്ലായിരുന്നെന്നും വിഷമിച്ചിട്ടാണ് പോയതെന്നും സുധി കോഴിക്കോട് പറഞ്ഞു. അതുപോലെ ചിന്നുവും താനും പ്രൊമോഷന്റെ ഭാഗമായി കുറേ ദിവസം ഒരുമിച്ചായിരുന്നെന്നും യാത്ര പറഞ്ഞു പോകുമ്പോൾ സങ്കടം തോന്നിയെന്നും സുധി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സെറ്റിൽ നിന്നും ഭയങ്കര ടെൻഷനിലാണ് മമ്മൂക്ക പോയത്. സെറ്റിൽ നിന്നും വിട്ടു പിരിയുന്നതിനുള്ള വിഷമമായിരുന്നു. കുറച്ചുദിവസം ഞാനും ചിന്നുവും മുത്തുവും ഗോവ മുതൽ ഒരുമിച്ചുണ്ടായിരുന്നു. പ്രൊമോഷന്റെ ഭാഗമായിട്ട് ഒരുമിച്ച് ആയിരുന്നു. പിന്നെ ഇന്നലെ രാവിലെ ചിന്നു പറയുകയാണ് ‘ഇവിടുന്ന് പ്രമോഷൻ കഴിഞ്ഞാൽ എന്നാണ് എല്ലാവരെയും കാണുക, അതാണ് ഏറ്റവും വിഷമം തോന്നുന്നത്’ എന്ന്. അത് നല്ല സങ്കടമായിരുന്നു,’ സുധി പറയുന്നു.

അതുപോലെ തന്റെ പഴയ സഹപ്രവർത്തകൻ പടം കണ്ടിട്ടുള്ള അനുഭവവും സുധി പങ്കുവെച്ചു. ‘ഇന്നലെ എന്റെ സഹപ്രവർത്തകൻ വിളിച്ചിരുന്നു. അവനെ ഞാൻ മുന്നേ വർക്ക് ചെയ്ത ഓഫീസിലെ ഒരാൾ വിളിച്ചിട്ട് ‘ നിങ്ങൾ ഇതുവരെ പടം കണ്ടില്ലേ, കാണാൻ പോകുമ്പോൾ ഒരു തോർത്തുകൊണ്ട് കയ്യിൽ കരുതിയിട്ട് പോവണം. അതിൽ കുറേ കരയാൻ ഉണ്ട്’ എന്ന് പറഞ്ഞെന്ന്,’ സുധി കോഴിക്കോട് പറഞ്ഞു.

ഇന്ന് മലയാള സിനിമയിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് കാതൽ ദി കോർ. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സുധി കോഴിക്കോട് ചെയ്ത തങ്കൻ എന്ന കഥാപാത്രം. മാത്യു എന്ന കഥാപാത്രത്തെ മമ്മൂട്ടിയും ഓമന എന്ന കഥാപാത്രത്തെ ജ്യോതികയും അഭിനയിച്ചു.

Content Highlight: Sudhi kozhikode about the kathal the core team