പോൺ മൂവി ഷൂട്ട് ചെയ്യുകയല്ലല്ലോ, ഈ സിനിമ പൊളിറ്റിക്‌സാണ് സംസാരിക്കുന്നത്: സുധി കോഴിക്കോട്
Film News
പോൺ മൂവി ഷൂട്ട് ചെയ്യുകയല്ലല്ലോ, ഈ സിനിമ പൊളിറ്റിക്‌സാണ് സംസാരിക്കുന്നത്: സുധി കോഴിക്കോട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 12:23 pm

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കാതൽ ദി കോർ. മമ്മൂട്ടിക്കും ജ്യോതികക്കും പുറമെ ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ തങ്കനെ അവതരിപ്പിച്ചത് കോഴിക്കോട്ടുകാരനായ സുധിയാണ്.

വ്യക്തമായ രാഷ്ട്രീയം തുറന്നു പറയുന്ന ചിത്രമാണ് കാതൽ ദി കോർ. ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള കാരണത്തെക്കുറിച്ചും കഥയുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുധി കോഴിക്കോട്.

കാതൽ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണെന്നും ഇത് സമൂഹത്തിൽ സംസാരിക്കപ്പെടേണ്ട വിഷയമാണെന്നും സുധി പറയുന്നുണ്ട്. മമ്മൂട്ടി അഭിനയിക്കുന്നുണ്ടെങ്കിൽ താൻ എന്തിന് മാറി നിൽക്കണമെന്നും അങ്ങനെയുള്ളൊരു സിനിമയിൽ ഭാഗമാവാൻ ആരെങ്കിലും വിസമ്മതിക്കുന്നുകയാണെങ്കിൽ അയാളെ അടിക്കണമെന്നാണ് താൻ പറയുകയെന്നും സുധി പറഞ്ഞു. മമ്മൂട്ടിയുടേയും ജ്യോതികയുടെയും കൂടെ ജിയോ ബേബിയുടെയും പടത്തിൽ ഒരവസരം ലഭിച്ചാൽ ആരെങ്കിലും വേണ്ടെന്ന് പറയുമോയെന്നും സുധി ചോദിക്കുന്നുണ്ട്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുധി.

‘ഇത് പോൺ മൂവി ഷൂട്ട് ചെയ്യുകയല്ലല്ലോ, ഇതൊരു പൊളിറ്റിക്സ് ആണ് സംസാരിക്കുന്നത്. നമ്മുടെ സമൂഹത്തിന് ആവശ്യമുള്ള സബ്ജക്ടാണ്. അങ്ങനെയുള്ള ഒരു സബ്ജക്ടിന്റെ ഭാഗമാവണ്ടേ? ഞാനൊരു കലാകാരൻ മാത്രമല്ലല്ലോ എന്നിൽ ഒരു വലിയ ബാധ്യത കൂടി ഉണ്ടല്ലോ. അതിന്റെ പാർട്ട് ആവുക മാത്രമാണ് ചെയ്തത്.

മമ്മൂക്ക അത് ചെയ്യുന്നുണ്ടെങ്കിൽ പിന്നെ ഞാനെന്തിന് മാറി നിൽക്കണം. ആരെങ്കിലും ചെയ്യാൻ പോകുന്നില്ലെങ്കിൽ അവർക്ക് അടി കിട്ടണമെന്നാണ് ഞാൻ പറയുക. മാറി നിൽക്കുന്നവൻ കലാകാരനേ അല്ല. മമ്മൂക്കയുടെയും ജ്യോതിക മാമിന്റെയും ജിയോയുടെയും പടമാണിത്. ജിയോയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിരുന്നു. ഇത്രയും അട്ട്രാക്ഷൻ കിട്ടുന്ന ഒരു പടത്തിൽ ഒരു വേഷം കിട്ടിയാൽ എങ്ങനെ വേണ്ടെന്ന് പറയുക.

ഞാൻ സെലക്ട് ആയി എന്ന് പറഞ്ഞതിനുശേഷം വളരെ സൂക്ഷിച്ച് മാത്രമേ നടക്കാറുള്ളു. കാല് ഞാൻ എവിടെയെങ്കിലും കുത്തി വീണിട്ട് എന്തെങ്കിലും ആക്സിഡൻറ് പറ്റി പോയാൽ എനിക്ക് ചാൻസ് നഷ്ടപ്പെടുമല്ലോ. ഞാൻ അത്ര ശ്രദ്ധിച്ചായിരുന്നു നടന്നിരുന്നത്. ഞാൻ നേരത്തെ പോയി ഷൂട്ടിന് ജോയിൻ ചെയ്തിരുന്നു. അവിടെ എത്തിയപ്പോഴാണ് എനിക്ക് മനസമാധാനമായത്,’ സുധി കോഴിക്കോട് പറഞ്ഞു.

Content Highlight: Sudhi kozhikod about kathal movie’s politics