പുതുമുഖ നടന്മാര്‍ ആണെങ്കിലും കൂട്ടുകാരനായിട്ട് എന്നെ വിളിക്കും: സുധീഷ്
Malayalam Cinema
പുതുമുഖ നടന്മാര്‍ ആണെങ്കിലും കൂട്ടുകാരനായിട്ട് എന്നെ വിളിക്കും: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th July 2025, 8:25 am

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് സുധീഷ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.

മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങിയ സിനിമകളില്‍ സുധീഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തീവണ്ടി എന്ന ചിത്രത്തിലൂടെ ക്യാരക്ടര്‍ റോളുകളും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എന്നിവര്‍ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിങ്ങനെ അന്നത്തെ നിരവധി യുവനടന്‍മാര്‍ക്കൊപ്പം സുധീഷ് അഭിനയിച്ചിട്ടുണ്ട്.

തന്നെ അധികവും നായകന്റെ കൂട്ടുകാരനായി അഭിനയിക്കാനാണ് വിളിക്കാറുണ്ടായിരുന്നതെന്ന് സുധീഷ് പറയുന്നു. ഒരു പുതിയ നായകനാണെങ്കില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരനായിട്ട് അഭിനയിക്കാന്‍ വിളിക്കുമെന്നും അങ്ങനെയുള്ള പല അനുഭവങ്ങളും സിനിമയില്‍ നിന്ന് തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

നായകന്മാരെല്ലാം എപ്പോഴും പുതുമുഖങ്ങളായിരിക്കുമെന്നും കോളജില്‍ പഠിക്കുന്ന ആ നായകന്റെ കൂട്ടുകാരനായിട്ടാണ് തന്നെ പലപ്പോഴും വിളിച്ചിട്ടുള്ളതെന്നും സുധീഷ് കൂട്ടിച്ചേര്‍ത്തു. ഫഹദിന്റെ ആദ്യ ചിത്രത്തില്‍ താന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരനാണെന്നും കുഞ്ചാക്കോ ബോന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവിലും ഇതുപോലെതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു സുധീഷ്.

‘എന്നെ പൊതുവേ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍, ഒരു പുതിയ നായകനാണെങ്കില്‍ അവന്റെ കൂട്ടുകാരനായിട്ട് വിളിക്കും. അങ്ങനെയുള്ള പല അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. കോളജില്‍ പഠിക്കുന്ന നായകന്റെ കൂട്ടുകാരനായിട്ടാണ് എന്നെ വിളിക്കുക.

എപ്പോഴും നായകന്‍ പുതിയ ആളായിരിക്കും. അനിയത്തിപ്രാവില് ചാക്കോച്ചന്‍, കയ്യെത്തും ദൂരത്തിലാണെങ്കില്‍ ഫഹദ്, ഊമപെണ്ണിന് ഉരിയാടാ പയ്യനില്‍ ജയസൂര്യയുടെ കൂട്ടുകാരന്‍. അന്ന് അവര്‍ പുതിയ ആളുകളാണല്ലോ. അവരുടെ ആദ്യത്തെ സിനിമയാണ്. അപ്പോള്‍ പുതിയപുതിയ ആളുകളുമായിട്ട് എനിക്ക് നല്ല മിങ്കിളിങ് ആണ്. നല്ല ടൈമിങ്ങാണ്,’സുധീഷ് പറയുന്നു.

Content Highlight: Sudheesh says that he was mostly called to play the hero’s friend role