മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല; വി.ഡി. സതീശനെ വിമര്‍ശിച്ച് സുധാകരന്‍
Kerala
മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല; വി.ഡി. സതീശനെ വിമര്‍ശിച്ച് സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 4:03 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് സദ്യ കഴിച്ചത് ശരിയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. ‘ഞാനാണെങ്കില്‍ അത് ചെയ്യില്ലായിരുന്നു, മോശമായി പോയി,’ സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍ക്കും പൗരപ്രമുഖര്‍ക്കും മതസാമുദായിക നേതാക്കള്‍ക്കുമായി ബുധനാഴ്ച മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിലാണ് വി.ഡി. സതീശന്‍ പങ്കെടുത്തത്. നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രിയുടെ അടുത്തിരുന്നാണ് സതീശന്‍ സദ്യ കഴിച്ചത്.

മുഖ്യമന്ത്രിക്കൊപ്പമിരുന്ന് സദ്യ കഴിച്ചതില്‍ സതീശനെതിരെ പല ഭാഗങ്ങളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെ. സുധാകരനും പരസ്യവിമര്‍ശനം നടത്തിയത്.

അതേസമയം കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ കഴിഞ്ഞദിവസം വി.ഡി.സതീശന്‍ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു.

പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസുകാരനെ മര്‍ദിച്ച നാല് പോലീസുകാരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്‍ഗ്രസ് നടത്തുമെന്നും സതീശന്‍ പറഞ്ഞു.

Content Highlight: Sudhakaran told the media that it was not right for V.D. Satheesan to Eat Onam Sadhya with the Chief Minister