സുധ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു
India
സുധ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th March 2024, 3:09 pm

ന്യൂദല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവരം എക്‌സിലൂടെ അറിയിച്ചത്.

സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ സന്ദുഷ്ടനാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു. ‘സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സുധ മൂർത്തി നല്‍കിയ സംഭാവനകള്‍ വളരെ പ്രചോദനാത്മകമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം ‘നാരി ശക്തി’യുടെ ശക്തമായ അടയാളമാണ്. പാര്‍ലമെന്റില്‍ അവര്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ സാധിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധ മൂര്‍ത്തി ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്‌സനാണ്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പബ്ലിക് ഹെല്‍ത്ത് കെയര്‍ സംരംഭങ്ങളിലും അവര്‍ അംഗമായിരുന്നു. ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നാരായണ്‍ മൂര്‍ത്തിയാണ് സുധ മൂര്‍ത്തിയുടെ ഭര്‍ത്താവ്.

2006ല്‍ സുധ മൂര്‍ത്തിക്ക് ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ലഭിച്ചു. 2023ല്‍ രാജ്യം അവരെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

Contant Highlight: Sudha Murty Nominated To Rajya Sabha