ഹിന്ദി അടിച്ചേല്പിക്കലിനെതിരെ സംസാരിക്കാനുള്ള പേടിയല്ല, പരാശക്തിയില്‍ നിന്ന് സൂര്യ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി സുധാ കൊങ്കര
Indian Cinema
ഹിന്ദി അടിച്ചേല്പിക്കലിനെതിരെ സംസാരിക്കാനുള്ള പേടിയല്ല, പരാശക്തിയില്‍ നിന്ന് സൂര്യ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി സുധാ കൊങ്കര
അമര്‍നാഥ് എം.
Thursday, 25th December 2025, 10:55 pm

തമിഴകത്തിന്റെ ദളപതി വിജയ്‌യുമായി ക്ലാഷ് വെച്ച ചിത്രമാണ് പരാശക്തി. സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. എന്നാല്‍ ചിത്രത്തില്‍ ആദ്യം നായകനായി കാസ്റ്റ് ചെയ്തത് സൂര്യയെയായിരുന്നു. പ്രൊജക്ട് അനൗണ്‍സ് ചെയ്ത് പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് സൂര്യ ഇതില്‍ നിന്ന് പിന്മാറിയത്.

സൂര്യയുടെ പിന്മാറ്റത്തെച്ചൊല്ലി ധാരാളം അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. അതിലൊന്നായിരുന്നു ചിത്രത്തിന്റെ സബ്ജക്ട്. തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ സബ്ജക്ട് കാരണമാണ് സൂര്യ പിന്മാറിയതെന്ന് ചിലര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ അതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുക്കുയാണ് ഡയറക്ടര്‍ സുധാ കൊങ്കര.

കൊവിഡിന്റൈ സമയത്താണ് താന്‍ ഈ പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് സുധ പറയുന്നു. എങ്ങോട്ടും പോകാനാകാത്ത സാഹചര്യമായിരുന്നിട്ട് കൂടി ഓണ്‍ലൈനില്‍ പരമാവധി റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചാണ് താന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതെന്ന് സുധ പറഞ്ഞു. പിന്നീട് സൂര്യയെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഈ കഥക്ക് ഓക്കെ പറഞ്ഞെന്നും സുധ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ആ സമയത്ത് എനിക്കറിയാവുന്ന ഒരേയൊരു സ്റ്റാര്‍ സൂര്യ മാത്രമായിരുന്നു. അങ്ങനെയാണ് അയാള്‍ ഓക്കെ പറഞ്ഞത്. എന്നാല്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് പ്രശ്‌നം ഉടലെടുത്തത്. ഈ സിനിമ ഒറ്റ സ്‌ട്രെച്ചില്‍ തീര്‍ക്കാനാകില്ലെന്ന് സൂര്യ പറഞ്ഞു. എനിക്കാണെങ്കില്‍ ഈ സിനിമ ഒറ്റ സ്‌ട്രെച്ചിലാണ് തീര്‍ക്കേണ്ടത്. അല്ലാത്ത പക്ഷം ഇതിന്റെ പ്രൊഡക്ഷന്‍ കോസ്റ്റ് വലിയ രീതിയില്‍ ഉയരും.

പരാശക്തി. Photo: theatrical poster

ഈയൊരു കാര്യത്തെച്ചൊല്ലിയാണ് സൂര്യ പുറനാനൂറില്‍ നിന്ന് പിന്മാറിയത്. ഇതല്ലാതെ വേറെ കാരണമുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ, ഈ പ്രൊജക്ട് ഉപേക്ഷിക്കാന്‍ ഞാന്‍ തയാറായില്ല. സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തി. ശിവകാര്‍ത്തികേയന്റെ മാനേജറെ ബന്ധപ്പെട്ടു. അതുവഴി ശിവയുമായി സംസാരിച്ചു. കഥ പോലും കേള്‍ക്കാതെ അയാള്‍ ഓക്കെ പറഞ്ഞു. അങ്ങനെയാണ് പുറനാനൂറ് പരാശക്തിയായി മാറിയത്’ സുധാ കൊങ്കര പറയുന്നു.

1965 കാലഘട്ടത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പരാശക്തി വികസിക്കുന്നത്. ശിവകാര്‍ത്തികേയന് പുറമെ അഥര്‍വ ശ്രീലീല എന്നിവരും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രവി മോഹനാണ് ചിത്രത്തിലെ വില്ലന്‍. മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫും പരാശക്തിയുടെ ഭാഗമാണ്. 2026 ജനുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sudha Kongara explains why Suriya backed from Purananooru

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം