കടല്‍ ഫേസ് ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റൊക്കെയായിരുന്നു ഞാന്‍ നോക്കിയത്, പക്ഷെ എന്റെ കയ്യിലുള്ള കാശ് വെച്ച് കിട്ടിയില്ല: സുദേവ് നായര്‍
Entertainment news
കടല്‍ ഫേസ് ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റൊക്കെയായിരുന്നു ഞാന്‍ നോക്കിയത്, പക്ഷെ എന്റെ കയ്യിലുള്ള കാശ് വെച്ച് കിട്ടിയില്ല: സുദേവ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th June 2022, 2:01 pm

അഭിനയമാണോ അതോ സിനിമയുടെ പ്രൊമോഷനാണോ ഏറ്റവും ബുദ്ധിമുട്ടേറിയത് എന്ന ചോദ്യത്തിന് മറുപടിയുമായി നടന്‍ സുദേവ് നായര്‍.

പോപ്പര്‍‌സ്റ്റോപ്പ് മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”പ്രൊമോഷന്‍സിനെ ഇന്ററസ്റ്റിങ്ങായി വെക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ആക്ടിങ്ങിന് പിന്നെ സ്‌ക്രിപ്റ്റ് ഒക്കെയുണ്ടല്ലോ. അതിന്റെ ഹാര്‍ഡ് വര്‍ക്ക് വേറെ ആളുകള്‍ ചെയ്തിട്ടുണ്ട്.

പക്ഷെ, പ്രൊമോഷന്‍സും ഫണ്‍ ആണ്.

നേരത്തെയൊന്നും ആരും പ്രൊമോഷന് വിളിക്കില്ലായിരുന്നു. ഇപ്പൊ വിളിക്കുന്നെങ്കിലും ഉണ്ട്,” സുദേവ് ചിരിച്ചുകൊണ്ട് പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ തുറമുഖം സിനിമയെ പറ്റി സംസാരിക്കവെ, കടലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രത്യേക അനുഭവം പറയാനുണ്ടോ എന്ന ചോദ്യത്തിനും സുദേവ് രസകരമായി മറുപടി പറയുന്നുണ്ട്.

”അനാര്‍ക്കലി സിനിമ ഷൂട്ട് ചെയ്യാന്‍ ലക്ഷദ്വീപില്‍ പോയ സമയത്ത് ഉണ്ട്. അവിടെ ഒരു 45 ദിവസം ഉണ്ടായിരുന്നു.

ആ സമയത്ത് അവിടെ നിന്നും സ്‌കൂബ ഡൈവിങ് പഠിച്ചു. എക്‌സാം ഒക്കെ എഴുതി ഓപ്പണ്‍ ഡൈവര്‍ സര്‍ട്ടിഫിക്കറ്റ് നേടി. ഞാനിപ്പൊ ഒരു സര്‍ട്ടിഫൈഡ് സ്‌കൂബ ഡൈവറാണ്.

കടലുമായുള്ള എന്റെ ആദ്യത്തെ അറ്റാച്ച്‌മെന്റ് അതായിരുന്നു. പിന്നീടങ്ങോട്ട് ആ അടുപ്പവും ബന്ധവും കൂടി. ഇപ്പോഴടുത്ത് ഞാന്‍ സര്‍ഫിങ്ങും ചെയ്യാന്‍ തുടങ്ങി, ഏകദേശം ഒരു വര്‍ഷം മുമ്പ്.

എനിക്ക് ബ്രേക്ക് കിട്ടുന്ന സമയത്തൊക്കെ ഞാന്‍ വര്‍ക്കലയില്‍ പോയി സര്‍ഫ് ചെയ്യും. ഐ റിയലി ലവ് ദ സീ.

ഞാന്‍ താമസിക്കുന്നതും മുംബൈയിലും കൊച്ചിയിലുമായാണ്. രണ്ടും കടലിന് അടുത്താണ്.

ഇപ്പോള്‍ മുംബൈയില്‍ വീട് ഷിഫ്റ്റ് ചെയ്തപ്പോഴും കടല്‍ ഫേസ് ചെയ്തുകൊണ്ടുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് ആയിരുന്നു ഞാന്‍ നോക്കിയത്. പക്ഷെ എന്റെയടുത്തുള്ള കാശ് വെച്ച് എനിക്ക് കിട്ടിയില്ല,” സുദേവ് ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് സുദേവിന്റെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. ജൂണ്‍ പത്തിന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.

ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Sudev Nair talks about his love for sea during Thuramukham promotion