'ഞങ്ങള്‍ പഴയ ആക്ടേഴ്‌സിന്റെ ടെക്‌നിക്കാണിത്..' അന്ന് വേണുച്ചേട്ടന്‍ ഒരുപാട് ഉപദേശം തന്നു: സുദേവ്
Malayalam Cinema
'ഞങ്ങള്‍ പഴയ ആക്ടേഴ്‌സിന്റെ ടെക്‌നിക്കാണിത്..' അന്ന് വേണുച്ചേട്ടന്‍ ഒരുപാട് ഉപദേശം തന്നു: സുദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd September 2025, 7:53 am

സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാങ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് സുദേവ് നായര്‍. പിന്നീട് എം.ബി പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

ആ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും 2014ല്‍ മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് സുദേവിന് ലഭിക്കുകയും ചെയ്തു. അതിനുശേഷമാണ് 2015ല്‍ അനാര്‍ക്കലി എന്ന സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഭിനയിച്ച സുദേവ് നായര്‍ കെ.പി.എ.സി ലളിത, നെടുമുടി വേണു തുടങ്ങിയ ആളുകള്‍ അവസാനമായി അഭിനയിച്ച സിനിമകളില്‍ അവര്‍ക്കൊപ്പം സ്‌ക്രീന്‍സ്പേയ്സ് പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, യഷ് തുടങ്ങിയവര്‍ക്കൊപ്പവും അഭിനയിച്ചു.

sudev nair

ഇപ്പോള്‍ സിനിമയില്‍ എല്ലാവരുടെയും പേഴ്സണാലിറ്റി വ്യത്യസ്തമാണെന്ന് പറയുകയാണ് സുദേവ് നായര്‍. ചിലര്‍ വളരെ റിസേര്‍വ്ഡായ ആളുകളാകുമെന്നും അദ്ദേഹം പറയുന്നു. പക്ഷെ എല്ലാവരും ഒരു സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ചിന്തിക്കുന്നത് തനിക്ക് ഈ പ്രോജക്ടിന് വേണ്ടി എന്ത് കൊടുക്കാന്‍ പറ്റുമെന്നാണെന്നും അല്ലാതെ തനിക്ക് ഇവിടെ നിന്ന് എന്തെടുക്കാന്‍ പറ്റുമെന്ന് ചിന്തിക്കില്ലെന്നും സുദേവ് പറഞ്ഞു.

‘ലാലേട്ടനും മമ്മൂക്കയും ലളിത ചേച്ചിയും നെടുമുടി വേണുച്ചേട്ടനുമൊക്കെ അങ്ങനെയാണ്. നെടുമുടി വേണുച്ചേട്ടന്‍ എനിക്ക് കുറേയധികം ഉപദേശങ്ങള്‍ തന്നിട്ടുണ്ട്. അതില്‍ ഒരു കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

മൊണ്ടേജ് പോലെയുള്ള സീനായിരുന്നു അത്. ഞങ്ങള്‍ രണ്ടുപേരും ഒരേയിടത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ ക്യാമറ മുന്നിലൂടെ പോകുകയാണ് ചെയ്യുന്നത്. ആ സമയത്ത് വേണുച്ചേട്ടന്‍ ദൂരെയുള്ള ഒരു പോയിന്റിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഞാന്‍ എന്താണെന്ന് അറിയാന്‍ അവിടേക്ക് നോക്കി നിന്നു.

അപ്പോഴാണ് ‘അത് ഞങ്ങള്‍ പഴയ ആക്ടേഴ്‌സിന്റെ ടെക്‌നിക്കാണ്’ എന്ന് വേണുച്ചേട്ടന്‍ പറയുന്നത്. ഞങ്ങള്‍ വെറുതെ എവിടേക്കെങ്കിലും ഇങ്ങനെ കൈ ചൂണ്ടികാണിച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് എനിക്ക് വളരെ ഇന്‍ട്രസ്റ്റിങ്ങായി തോന്നി. അല്ലാതെ വെറുതെ എവിടേക്കെങ്കിലും നോക്കി നിന്നാല്‍ ബോറാകില്ലേ. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ വേണുച്ചേട്ടന്‍ പറഞ്ഞിരുന്നു,’ സുദേവ് നായര്‍ പറഞ്ഞു.

Content Highlight: Sudev Nair Talks About Advice Of Nedumudi Venu