സുഡാൻ ആഭ്യന്തരയുദ്ധം; സൈനികരെ റിക്രൂട്ട് ചെയ്യുന്ന കൊളംബിയൻ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്
sudan civil war
സുഡാൻ ആഭ്യന്തരയുദ്ധം; സൈനികരെ റിക്രൂട്ട് ചെയ്യുന്ന കൊളംബിയൻ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 7:16 am

ന്യൂയോർക്ക്: സുഡാൻ ആഭ്യന്തര യുദ്ധത്തിനായി സൈനികരെ റിക്രൂട്ട് ചെയ്യുന്ന കൊളംബിയൻ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്.

യുദ്ധത്തിൽ നിന്നും ലാഭം നേടുന്നതിനായി ഒരു അന്തർദേശീയ ശൃംഖല രൂപീകരിച്ചെന്നാരോപിച്ച് നാല് കൊളംബിയൻ പൗരന്മാർക്കും അവരുടെ ബിസിനസുകൾക്കുമെതിരെയാണ് അമേരിക്കൻ സർക്കാർ ഉപരോധം ഏർപ്പെടുത്തിയത്.

മുൻ കൊളംബിയൻ സൈനികരെയും കുട്ടികളെ ഉൾപ്പടെയും റീക്രൂട്ട് ചെയ്യുകയും ആർ.എസ്.എഫിനു (റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്) വേണ്ടി പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു രാജ്യാന്തര ശൃംഖലയുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് യു.എസ് ട്രഷറി വകുപ്പിന്റെ പ്രസ്താവനയിൽ പറഞ്ഞു.

2024 മുതൽ യുദ്ധത്തിനായി ആർ.എസ്.എഫിനൊപ്പം നൂറുകണക്കിന് മുൻ കൊളംബിയൻ സൈനികർ സുഡാനിലേക്ക് പോയിട്ടുണ്ടെന്ന് ട്രഷറി കൂട്ടിച്ചേർത്തു.

ആർ.എസ്.എഫിനുവേണ്ടി കൊളംബിയക്കാർ കൃത്യമായി പരിശീലനം നടത്തുന്നുവെന്നും ചിലർ കുട്ടികളെ ഇതിനായി പരിശീലിപ്പിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

സുഡാനിലെ കാർട്ടൂമിലും എൽ ഫാഷറിലുമുൾപ്പെടെയുള്ള യുദ്ധങ്ങളിൽ കൊളംബിയക്കാർ പങ്കുചേർന്നിട്ടുണ്ടെന്നും ട്രഷറി കൂട്ടിച്ചേർത്തു.

‘കുട്ടികളുൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യം വെക്കാൻ ആർ.എസ്.എഫ് തയ്യാറാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. അവരുടെ ക്രൂരമായ സംഘർഷം മേഖലയെ അസ്ഥിരപ്പെടുത്തുന്നു. ഇത് തീവ്രവാദ ഗ്രൂപ്പുകൾ വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു,’ ട്രഷറി അണ്ടർ സെക്രട്ടറി ഓഫ് ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇന്റലിജൻസ് ജോൺ ഹർലി പറഞ്ഞു.

ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് ഈ സംഘർഷം നയിച്ചുകൊണ്ടിരിക്കുന്നതെന്നും ട്രഷറി കൂട്ടിച്ചേർത്തു.

യു.എസ് ഉപരോധം ഏർപ്പെടുത്തിയവരിൽ കൊളംബിയൻ-ഇറ്റാലിയൻ പൗരനും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളംബിയൻ സൈന്യത്തിലെ ഉദ്യോഗസ്ഥനാണെന്നും ട്രഷറി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മുൻ കൊളംബിയൻ സൈനികരെ സുഡാനിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും വിന്യസിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചതായും യു.എസ് ട്രഷറി ആരോപിച്ചു.

സുഡാനിലെ ആഭ്യന്തരയുദ്ധം മേഖലയെ അസ്ഥിരപ്പെടുത്തുകയും അമേരിക്കയെ ഭീഷണിപ്പെടുത്തുന്നവർക്ക് സുരക്ഷിത താവളമാകുകയും ചെയ്യുമെന്നും ട്രഷറി വ്യക്തമാക്കി.

Content Highlight: Sudan; US imposes sanctions on Colombian citizens recruiting soldiers