ന്യൂയോർക്ക്: സുഡാനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനാന പദ്ധതി ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നിൽ അവതരിപ്പിച്ച് സുഡാൻ പ്രധാനമന്ത്രി കാമിൽ ഇദ്രിസ്.
രണ്ടുവർഷത്തിലേറെ നീണ്ട യുദ്ധം അവസാനിപ്പിക്കാൻ ആയുധങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളും ആർ.എസ്.എഫ് ഉപേക്ഷിക്കണമെന്ന് സുഡാൻ പ്രധാനമന്ത്രി നിർദേശിച്ചു.
പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നും ആർ.എസ്.എഫ് പിൻവാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനുള്ള നിർദേശം യു.എൻ, ആഫ്രിക്കൻ യൂണിയൻ, അറബ് ലീഗ് എന്നിവ മേൽനോട്ടത്തിലാണ് വിശദീകരിച്ചത്.
ആർ.എസ്.എഫ് സേനകളെ ക്യാമ്പുകളിൽ പാർപ്പിക്കുകയും നിരായുധരാക്കുകയും ചെയ്യുമെന്നും വെടിനിർത്തലിന് വിജയ സാധ്യത ഉണ്ടാകണമെങ്കിൽ അത്തരമൊരു നടപടി ആവശ്യമാണെന്നും കാമിൽ ഇദ്രിസ് പറഞ്ഞു.
സുഡാൻ സൈന്യവും ആർ.എസ്.എഫും തമ്മിലുള്ള സംഭാഷണത്തിലൂടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുമെന്ന് സുഡാൻ പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധ കുറ്റങ്ങളിൽ ഉൾപ്പെട്ട ആർ.എസ് എഫ് സൈനികരെ സമൂഹത്തിലേക്ക് പുനസംയോജിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് ഒരു യുദ്ധം ജയിക്കുന്നതിനെകുറിച്ചല്ല, പതിറ്റാണ്ടുകളായി സുഡാനെ പരാജയപ്പെടുത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതിയാണ്,’ കാമിൽ ഇദ്രിസ് പറഞ്ഞു.
യു.എൻ സുരക്ഷ കൗൺസിലിലെ 15 അംഗങ്ങളോടും ഈ നിർദേശത്തെ പിന്തുണയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.