സുഡാൻ ആഭ്യന്തര യുദ്ധം; വിദേശ പിന്തുണയുള്ള സായുധ സംഘങ്ങളെ പുറത്താക്കണം: നീതിന്യായ മന്ത്രി
Sudan
സുഡാൻ ആഭ്യന്തര യുദ്ധം; വിദേശ പിന്തുണയുള്ള സായുധ സംഘങ്ങളെ പുറത്താക്കണം: നീതിന്യായ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 8:32 am

ദോഹ: സുഡാനിൽ നിന്നും വിദേശ പിന്തുണയുള്ള സായുധ സംഘങ്ങളെ പുറത്താക്കണമെന്ന് സുഡാൻ നീതിന്യായ മന്ത്രി അബ്ദുല്ല ദിരിഫ്.

സംഘർഷങ്ങളെ ചെറുക്കുന്നതിന് ഒരു ഏകീകൃത സമീപനം ആവശ്യമാണെന്ന് ഖത്തറിൽ നടന്ന ദോഹ ഫോറം സമ്മേളനത്തിനിടെ അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സുഡാനിലെ സമാധാനത്തിന് പ്രധാനതടസമാകുന്നത് ഈ സായുധ സംഘങ്ങൾക്ക് പുറത്തുനിന്നും ലഭിക്കുന്ന പിന്തുണയാണെന്നും അബ്ദുല്ല ദിരിഫ് കൂട്ടിച്ചേർത്തു.

രാജ്യത്തിനുള്ളിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവെയ്പ്പായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു .

ആർ.എസ്.എഫ് പ്രദേശങ്ങൾ പിടിച്ചടക്കുകയും ആയുധങ്ങളുമായി പ്രവർത്തിക്കുകയും ചെയ്യുന്നിടത്തോളം സമാധാനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും അബ്ദുല്ല ദിരിഫ് വ്യക്തമാക്കി.

‘കുറ്റവാളികളുടെയും ഭീകരരുടെയും കൈകളിൽ ആയുധങ്ങളുണ്ടെങ്കിൽ നമ്മൾ എങ്ങനെയാണ് സമാധാനത്തെ കുറിച്ച് ചർച്ച ചെയ്യുക,’ അദ്ദേഹം പറഞ്ഞു.

പ്രധാന നഗരങ്ങളിൽ നിന്നും ആർ.എസ്.എഫ് പിന്മാറണമെന്നും സുരക്ഷാ നിയന്ത്രണങ്ങൾ സംസ്ഥാന അധികാരികൾക്ക് കൈമാറണമെന്നും അബ്ദുല്ല ദിരിഫ് ആവശ്യപ്പെട്ടു.

സംഘർഷത്തിൽ വിദേശ രാജ്യങ്ങളുടെ പിന്തുണ ചൂണ്ടിക്കാട്ടി ആർ.എസ്.എഫ് പ്രദേശങ്ങളിൽ നിന്നും പൂർണമായി പിന്മാറിയാൽ മാത്രമേ സൈന്യം വെടിനിർത്താലിന് സമ്മതിക്കുകയുള്ളുയെന്നും സുഡാൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ നേരത്തെ പറഞ്ഞിരുന്നു.

യു.എ.ഇ ഉൾപ്പടെയുള്ള മധ്യസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

രാജ്യത്തുടനീളമുള്ള അസ്ഥിരതയ്ക്കും അക്രമങ്ങൾക്കും വിദേശപിന്തുണയുള്ള സംഘങ്ങൾക്കെതിരെ നടപടി എടുക്കുന്നതിന് സുഡാൻ സർക്കാരിനുമേൽ സമ്മർദം വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഒക്ടോബർ 26-ന് ആർ.എസ്.എഫ് എൽ ഫാഷറിൽ കൂട്ടക്കൊല നടത്തിയതായും 40,000-ത്തിലധികം ആളുകളെ കുടിയിറക്കിയതായും പ്രാദേശിക അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Content Highlight: Sudan’s civil war; Foreign-backed armed groups must be expelled: Justice Minister