സുഡാൻ; ആർ.എസ്.എഫ് ലൈംഗികാതിക്രമം വ്യവസ്ഥാപിതമായ ആയുധമായി ഉപയോഗിച്ചു: വനിത സംഘടന
Sudan
സുഡാൻ; ആർ.എസ്.എഫ് ലൈംഗികാതിക്രമം വ്യവസ്ഥാപിതമായ ആയുധമായി ഉപയോഗിച്ചു: വനിത സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 1:10 pm

ഖാർത്തും: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ ലൈംഗികാതിക്രമത്തെ വ്യവസ്ഥാപിതമായ ആയുധമായി ആർ.എസ്.എഫ് ഉപയോഗിക്കുന്നെന്ന് വനിതാ സംഘടന.

സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ് ഫോർ വിമൻ ഇൻ ദി ഹോൺ ഓഫ് ആഫ്രിക്ക (SIHA) എന്ന സംഘടനയാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

മേഖലയിലെ സംഘർഷങ്ങൾ സാധാരണ ജനങ്ങളെ തകർക്കുന്നുണ്ടെന്നും ഭൂരിഭാഗം ആക്രമണങ്ങൾക്കും ഉത്തരവാദി ആർ.എസ്.എഫ് ആണെന്നും സംഘടന അവകാശപ്പെട്ടു. ഇത് മാനുഷിക പ്രതിസന്ധിയുടെ ഭയാനകമായ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

സുഡാനിലുടനീളം 1,300ത്തോളം ലൈംഗികാതിക്രമ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ ഭൂരിഭാഗവും ബലാത്സംഗമാണെന്നും 225 കേസുകളിൽ നാലുവയസ് പ്രായമുള്ള കുട്ടികളടക്കം ഉൾപ്പെടുന്നുണ്ടെന്നും സംഘടന റിപ്പോർട്ട് ചെയ്തു.

2023 ഏപ്രിലിൽ സുഡാന്റെ ക്രൂരമായ ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് ശേഷം 14 സംസ്ഥാനങ്ങളിലായി 1,294 സംഭവങ്ങളാണ് പരിശോധിച്ചതെന്ന് സംഘടന പറഞ്ഞു.

എൽ ഫാഷറിൽ നിന്നും പലായനം ചെയ്ത സ്ത്രീകളെ ആർ.എസ്.എഫ് ബലാത്സംഗം ചെയ്‌തെന്ന് സുഡാനീസ് ഡോക്ടർമാരുടെ സംഘടന നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

രണ്ട് ഗർഭിണികളെയുൾപ്പെടെ 19 സ്ത്രീകളെയാണ് ആർ.എസ്.എഫ് അംഗങ്ങൾ ലൈംഗികമായി പീഡിപ്പിച്ചത്.

എൽ ഫാഷർ നഗരത്തിൽനിന്നും വടക്കൻ സംസ്ഥാനമായ അൽ ഡബ്ബയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായതെന്നാണ് സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് എക്സിൽ പറഞ്ഞത്.

Content Highlight: Sudan; RSF used sexual violence as a systematic weapon: Women’s organization