ന്യൂയോർക്ക്: ആർ.എസ്.എഫ് പിടിച്ചെടുത്തതിനെ തുടർന്ന് സുഡാനിലെ എൽ ഫാഷർ ഒരു കുറ്റകൃത്യ സ്ഥലമാണെന്ന് ഐക്യരാഷ്ട്രസഭ.
ഒരു കാലത്ത് ജനസാന്ദ്രത കൂടിയ നഗരത്തിൽ വളരെക്കുറച്ച് ആളുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും നഗരത്തിൽ വെള്ളമോ ശുചീകരണമോ ഇല്ലാതെയാണ് സാധാരണക്കാർ കഴിയുന്നതെന്നും യു.എന്നിന്റെ മാനുഷിക കോർഡിനേറ്റർ ഡെനിസ് ബ്രൗൺ പറഞ്ഞു.
ആർ.എസ്.എഫിന്റെ ആക്രമണങ്ങൾക്ക് ശേഷം ആദ്യമായി അന്താരാഷ്ട്ര സഹായ സംഘങ്ങൾ മേഖല സന്ദർശിച്ചതിന് പിന്നാലെയാണ് യു.എന്നിന്റെ പ്രസ്താവന.
മണിക്കൂറുകൾ നീണ്ട സന്ദർശനത്തിനിടെ തങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞത് വളരെ കുറച്ച് ആളുകളെ മാത്രമാണെന്നും ശേഷിച്ചവർ ഒഴിഞ്ഞ കെട്ടിടങ്ങളിലോ ഷെൽട്ടറുകളിലോ അഭയം തേടിയെന്നും സഹായ സംഘങ്ങളിലെ ജീവനക്കാർ പറഞ്ഞു.
‘ആളുകളുടെ ഫോട്ടോ ഞങ്ങളുടെ പക്കലുണ്ട്. ക്ഷീണം, സമ്മർദം, ഉത്കണ്ഠ, നഷ്‌ടം എന്നിവ അവരുടെ മുഖത്ത് വ്യക്തമായി കാണാൻ കഴിയും,’ ഡെനിസ് ബ്രൗൺ പറഞ്ഞതായി വാർത്ത ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എത്രപേർ അവിടെ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമല്ലെന്നും ഇതുമായി ബന്ധപ്പെട്ട് മതിയായ വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നഗരത്തിന്റെ വലിയൊരു ഭാഗവും അവശേഷിക്കുന്നവരുടെ വീടുകളും നശിപ്പിക്കപ്പെട്ടെന്നും ഡെനിസ് ബ്രൗൺ കൂട്ടിച്ചേർത്തു.
ആളുകൾ അപകടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ചിലർ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലാണ് ജീവിക്കുന്നത്. ചിലർ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമിച്ച, ശുചിത്വമില്ലാത്ത, വെള്ളമില്ലാത്ത അവസ്ഥകളിലാണ് ജീവിക്കുന്നത്. ഇത് ആളുകൾക്ക് വളരെ മാന്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്,’ ഡെനിസ് ബ്രൗൺ വ്യക്തമാക്കി.
വടക്കൻ ഡാഫറിൽ കുട്ടികളുടെ പോഷകാഹാര കുറവ് അഭൂതപൂർവമായ തോതിലുണ്ടെന്ന് യൂണിസെഫ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
യുദ്ധത്തെ അതിജീവിച്ചവർക്കുള്ള സഹായം പുനസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സഹായ സംഘങ്ങളും ആക്രമണത്തിൽ അന്വേഷണം നടത്തുമെന്ന് മനുഷ്യാവകാശ വിദഗ്ധരും അറിയിച്ചു.
Content Highlight: Sudan civil war; UN calls El Fasher a crime scene