സുഡാൻ ആഭ്യന്തരയുദ്ധം; പലായനം ചെയ്ത 19 സ്ത്രീകളെ ആർ.എസ്.എഫ് ബലാത്സംഗത്തിനിരയാക്കി; റിപ്പോർട്ട്
Sudan
സുഡാൻ ആഭ്യന്തരയുദ്ധം; പലായനം ചെയ്ത 19 സ്ത്രീകളെ ആർ.എസ്.എഫ് ബലാത്സംഗത്തിനിരയാക്കി; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 3:01 pm

ഖാർത്തും: സുഡാനിലെ എൽ ഫാഷറിൽ നിന്നും പലായനം ചെയ്ത സ്ത്രീകളെ ആർ.എസ്.എഫ് ബലാത്സംഗം ചെയ്‌തെന്ന് സുഡാനീസ് ഡോക്ടർമാർ.

രണ്ട് ഗർഭിണികളെയുൾപ്പെടെ 19 സ്ത്രീകളെയാണ് ആർ.എസ്.എഫ് അംഗങ്ങൾ ലൈംഗികമായി പീഡിപ്പിച്ചത്.

എൽ ഫാഷർ നഗരത്തിൽനിന്നും വടക്കൻ സംസ്ഥാനമായ അൽ ഡബ്ബയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായതെന്നാണ് സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് എക്സിൽ പറഞ്ഞു.


‘ബലാത്സംഗത്തിനിരയായവരിൽ രണ്ടുപേർ ഗർഭിണികളാണ്. ഇവർക്ക് പ്രാദേശിക മെഡിക്കൽ സംഘങ്ങളുടെ മേൽനോട്ടത്തിൽ സംരക്ഷണം ലഭിക്കുന്നുണ്ട്,’ ഡോക്‌ടേഴ്‌സ് ഗ്രൂപ്പ് പറഞ്ഞു.

എൽ ഫാഷറിന്റെ ഭീകരതയിൽ നിന്നും രക്ഷപ്പെടുന്ന സ്ത്രീകളെക്കെതിരെ ആർ.എസ്.എഫ് നടത്തുന്ന കൂട്ടബലാത്സംഗത്തെ ഡോക്‌ടേഴ്‌സ് ഗ്രൂപ്പ് ശക്തമായി അപലപിച്ചു.

ഇത് സ്ത്രീകളെ നേരിട്ട് ലക്ഷ്യം വെച്ച് നടത്തിയ അക്രമണമാണെന്നും സ്ത്രീ ശരീരത്തെ അടിച്ചമർത്തലിന്റെ ആയുധമാക്കി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവർ പറഞ്ഞു.

സുഡാനിൽ സ്വതന്ത്ര അന്വേഷണ സംഘങ്ങളെ നിയമിച്ച് പൗരന്മാരെ ലക്ഷ്യം വച്ചുള്ള ആർ.എസ്.എഫ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനും ഡോക്‌ടേഴ്‌സ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.

പലായനം ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനും, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കാനും അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ ഗ്രൂപ്പുകളോടും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സുഡാനിലെ കോർഡോഫാനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Content Highlight: Sudan civil war; 19 women who fled were raped by RSF; report