ഭക്തരുടെ വികാരം മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്; അയോധ്യ ഭണ്ഡാര കൊള്ളയില്‍ ദുഖം രേഖപ്പെടുത്തി ആര്‍.എസ്.എസ്
India
ഭക്തരുടെ വികാരം മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്; അയോധ്യ ഭണ്ഡാര കൊള്ളയില്‍ ദുഖം രേഖപ്പെടുത്തി ആര്‍.എസ്.എസ്
നിഷാന. വി.വി
Monday, 13th July 2026, 8:29 am

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ ദുഖം രേഖപ്പെടുത്തി ആര്‍.എസ്.എസ്. കേസില്‍ നടക്കുന്ന എസ്.ഐ.ടി അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നിര്‍ണായക വഴിത്തിരിവിലാണ് എത്തിനില്‍ക്കുന്നതെന്നും ആര്‍.എസ്.എസ് പറഞ്ഞു.

കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രാന്ത പ്രചാരക് യോഗത്തിലായിരുന്നു പരാമര്‍ശം. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയുടെ സമാപന ദിവസമായിരുന്നു അയോധ്യാ വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്.

ജൂലൈ 10 മുതല്‍ 12 വരെ നടന്ന ത്രിദിന യോഗത്തില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവരുള്‍പ്പെടെ 226 പ്രമുഖ ഭാരവാഹികള്‍ പങ്കെടുത്തു.

ഭക്തരുടെ വികാരം മുറിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കുന്നത് തടയണമെന്ന് സംഘടന ക്ഷേത്ര ട്രസ്റ്റിനോട് അഭ്യര്‍ത്ഥിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചതെന്നും ആര്‍.എസ്.എസ് പ്രസതാവനയില്‍ പറഞ്ഞു.

ജൂണ്‍ 7-നാണ് കാണിക്കപ്പണത്തില്‍ വലിയ തോതിലുള്ള തട്ടിപ്പ് നടന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് രൂപീകരിച്ച എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 25-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ട്രസ്റ്റ് അംഗങ്ങള്‍ രാജിവെക്കുകയും എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Content Highlight: Such incidents that hurt the sentiments of devotees must not recur; RSS expresses grief over the Ayodhya donation box theft.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.