കൊവിഡ് 19 നെ  നേരിടാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്; മോദിയോട് സുബ്രഹ്മണ്യന്‍ സ്വാമി
COVID-19
കൊവിഡ് 19 നെ നേരിടാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്; മോദിയോട് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂസ് ഡെസ്‌ക്
Saturday, 21st March 2020, 5:00 pm

ന്യൂദല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇത് സംബന്ധിച്ച് ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സാമ്പത്തികസഹായം നല്‍കുക എന്നതാണ് ഇപ്പോള്‍ അടിയന്തരമായി ചെയ്യേണ്ടത്.’, സ്വാമി കത്തില്‍ പറഞ്ഞു.


17 രാജ്യങ്ങളും രണ്ട് കേന്ദ്രബാങ്കുകളും ഇതിനോടകം സ്വീകരിച്ച നടപടി പരാമര്‍ശിച്ചുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. അമേരിക്ക, യു.കെ ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്ര നാണയ നിധിയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും കൊവിഡ് 19 കാലത്തെ സ്വീകരിച്ച നടപടികളാണ് സ്വാമി കത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്.

രാജ്യം കൊവിഡ് 19 നേരിടുമ്പോള്‍ പ്രധാനമന്ത്രി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തത് വ്യാഴാഴ്ചയായിരുന്നു. എന്നാല്‍ കൊവിഡ് 19 നില്‍ വലയുന്ന രാജ്യത്തെ സാമ്പത്തിക-സാമൂഹികാവസ്ഥയുടെ ഉന്നമനത്തിനായി ഒരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നില്ല.

ഞായറാഴ്ച രാജ്യത്തെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും യാതൊരു ജോലികളും ചെയ്യരുതെന്നുമാണ് മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടത്.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 55 ശതമാനം വരുന്ന സേവന മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് മോദിയുടെ കര്‍ഫ്യൂ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമൂഹിക ഇടപെടലുകള്‍ സാധ്യമാകാതിരിക്കുന്നതും ഭാഗികമായ അടച്ചുപൂട്ടലും വളരെ പ്രധാനപ്പെട്ടതാണെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ രാഹുല്‍ ബജോരിയ വ്യക്തമാക്കി. ഇത് ജി.ഡി.പി വളര്‍ച്ചയെയടക്കം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തോടെതന്നെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥ മറികടക്കുക എന്നത് ശ്രമകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കര്‍ഫ്യൂ’വാണിതെന്നായിരുന്നു മോദി പറഞ്ഞത്.

ലോകമഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനകാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

WATCH THIS VIDEO: