ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. നായകനായി ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഈ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്.
ഋതുരാജ് ഗെയ്ക്വാദിനോട് കാണിച്ചത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഓള്‍റൗണ്ടര്‍മാരുണ്ടായിട്ടും നിതീഷ് കുമാര്‍ റെഡ്ഡിയെ എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് മനസിലാവുന്നില്ലെന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.
എസ്. ബദ്രിനാഥ്. Photo: Screen grab
‘രവീന്ദ്ര ജഡേജക്കും വാഷിങ്ടണ്‍ സുന്ദറിനുമൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്. എന്തിനാണ് അവനെ ടീമില്‍ എടുത്തത് എന്ന് മനസിലാവുന്നില്ല. അവന്‍ ഒരു ഓള്‍ റൗണ്ടറാണെന്നാണ് പറയുന്നത്. പക്ഷേ അവന്‍ പന്തെറിയുമ്പോള്‍ ഒരുപാട് റണ്‍സ് വഴങ്ങുന്നുണ്ട്.
ഗെയ്ക്വാദിനെ ഒഴിവാക്കി നിതീഷിനെ എന്തിനാണ് ടീമിലെടുത്തത്? ഋതുരാജ് ഗെയ്ക്വാദിനോട് കാണിച്ചത് വലിയ അനീതിയാണ്. സെലക്ഷനില്‍ വ്യക്തമായ വിവേചനമുണ്ട്. ടീമിലെ മറ്റ് തെരഞ്ഞെടുപ്പുകളെല്ലാം പ്രതീക്ഷിച്ചത് പോലെ തന്നെ മികച്ചതാണ്. എന്നാല്‍ ഗെയ്ക്വാദിന് പകരം നിതീഷിനെ എടുത്തത് മാത്രമാണ് ഏക ആശങ്ക,’ എസ്. ബദ്രിനാഥ് പറഞ്ഞു.
ഋതുരാജ് ഗെയ്ക്വാദ്. Photo: Johns/x.com
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഗെയ്ക്വാദ് സെഞ്ച്വറി നേടിയിരുന്നു. താരത്തിന് 83 പന്തില്‍ 105 റണ്‍സാണ് താരം നേടിയത്. പക്ഷേ, ഇന്ത്യയുടെ അടുത്ത പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരം പുറത്താവുകയായിരുന്നു.
എന്നാല്‍, പ്രോട്ടിയാസിന് എതിരെ ഒരു മത്സരം പോലും കളിക്കാതിരുന്നിട്ടും നിതീഷ് ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്തി. താരം പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് ടീമില്‍ ഇടം പിടിച്ചിരുന്നത്.