കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. പ്രസിദ്ധ് കൃഷണയെയും മുഹമ്മദ് സിറാജിനെയും മറികടന്ന് റാണയെ ടീമില്‍ എടുത്ത തീരുമാനം ന്യായീകരിക്കാന്‍ കഴിയില്ലെന്നും അതൊരു മോശം തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
റാണയ്ക്ക് വീണ്ടും വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നതിന് കാരണം ഒരാള്‍ക്ക് താരത്തിനോടുള്ള പ്രത്യേക താത്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു എസ്. ബദ്രിനാഥ്.
‘ഇതിന് ഒരു ന്യായീകരണവുമില്ല. അവന്‍ ടീമിലെത്തിയതിന് കാരണം ഫേവറിസമാണ്. ഹര്‍ഷിത് റാണയെ ആര്‍ക്കാണ് ഇഷ്ടമെന്ന് എല്ലാവര്‍ക്കും അറിയാം, അതുകൊണ്ടാണ് അവന്‍ ടീമില്‍ എത്തിയത്. ഐ.പി.എല്ലില്‍ അവന്റേത് മോശം പ്രകടനമായിരുന്നു,’ എസ്. ബദ്രിനാഥ് പറഞ്ഞു.
പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും റാണയെക്കാള്‍ മികച്ച പ്രകടനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവരെ മറികടന്ന് എങ്ങനെ താരം ടീമിലെത്തിയെന്ന് എനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രസിദ്ധ് കൃഷ്ണ ഐ.പി.എല്ലിലും ഇംഗ്ലണ്ട് പരമ്പരയിലും മികച്ച പ്രകടനമാണ് നടത്തിയത്. മുഹമ്മദ് സിറാജും മികച്ച നമ്പറുകളാണുള്ളത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ പേരില്‍ അവനെ ഒഴിവാക്കുകയായിരുന്നെങ്കില്‍ പ്രസിദ്ധായിരുന്നു ടീമില്‍ എത്തേണ്ടിയിരുന്നത്. എന്തുകൊണ്ടാണ് അവനെ തെരഞ്ഞെടുക്കാതിരുന്നത്? എങ്ങനെയാണ് ഹര്‍ഷിത് റാണ ടീമില്‍ എത്തിയത്,’ എസ്. ബദ്രിനാഥ് പറഞ്ഞു.
അതേസമയം, ഏഷ്യ കപ്പിനായി 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ശുഭ്മന്‍ ഗില്‍ ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനായി സ്ഥാനം കയറ്റവും ലഭിച്ചു. വിക്കറ്റ് കീപ്പറായി മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുക. എട്ട് ടീമുകളുള്ള ടൂര്‍ണമെന്റിന് യു.എ.ഇയാണ് വേദി. ഇന്ത്യ പതിവ് പോലെ പാകിസ്താനൊപ്പം ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ-യില്‍ ഇവര്‍ക്കൊപ്പം യു.എ.ഇയും ഒമാനുമുണ്ട്.