ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പരാജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധ്യനിര ബാറ്റര്‍ ശിവം ദുബെയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദരീനാഥ്. ചെന്നൈയുടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്നും ശിവം ദുബെ വലിയ നിരാശയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സി.എസ്.കെ ദുബെയെ വിശ്വസിച്ചിട്ടും താരത്തിന് അത് തിരിച്ച് കാണിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ചെന്നൈയുടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ വളരെയധികം ആശങ്കാജനകമാണ്. ശിവം ദുബെ വലിയ നിരാശയാണ് നല്‍കുന്നത്. ബൗളര്‍മാര്‍ അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ പന്തെറിയുന്നു. ടീമില്‍ ദുബെയ്ക്ക് ആവശ്യത്തിന് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സി.എസ്.കെ ദുബെയെ വിശ്വസിക്കുന്നു, പക്ഷേ അദ്ദേഹത്തിന് അത് തിരിച്ച് കാണിക്കാന്‍ സാധിക്കുന്നില്ല. എതിരാളികളെ എങ്ങനെ നേരിടണമെന്ന് ദുബെയ്ക്ക് ഒരു പിടിയുമില്ല,’ സുബ്രഹ്‌മണ്യം ബദരീനാഥ് പറഞ്ഞു.
സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 150 റണ്‍സാണ് താരം നേടിയത്. 45* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമാണ് താരത്തിനുള്ളത്. 30.00 ആവറേജും 143.40 എന്ന പ്രഹരശേഷിയുമാണ് താരത്തിനുള്ളത്. ഇതുവരെ ആറ് സിക്‌സും 14 ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
അതേസമയം ഗുജറാത്തിനെതിരെ എട്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ഗെയ്ക്വാദ് ഒഴികെയുള്ള താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതും ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കാത്തതുമാണ് ടീമിന് വിനായത്.
ഐ.പി.എല്‍ 2026ല്‍ ഇതുവരെ ചെന്നൈ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിച്ചിട്ടുളളത്. ദല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരെയാണ് പരാജയപ്പെടുത്താനായത്. നിലവില്‍ ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈ. മെയ് രണ്ടിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.