Administrator
Administrator
അമ്മ അറിയാന്‍ : മൂന്നാം സിനിമയുടെ ലാവണ്യഭൂമിക
Administrator
Tuesday 31st May 2011 7:24pm

സോബിന്‍കുമാര്‍

[മലയാളത്തിലെ ജനകീയ ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹം നമ്മേ വിട്ട് പിരിഞ്ഞിട്ട് 23 വര്‍ഷമായിരിക്കുന്നു. പൊള്ളുന്ന പ്രത്യയശാസ്ത്രത്തെ ചോദ്യങ്ങളുടെ കൂരമ്പാക്കിമാറ്റിയ ജോണിന് ഡൂള്‍ന്യൂസ് ആദരാജ്ഞലി അര്‍പ്പിക്കുന്നു. അമ്മ അറിയാന്‍ എന്ന ഒറ്റ സിനിമ മതി അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്താന്‍. ഇതിഹാസമായിമാറിയ ആ സിനിമയെക്കുറിച്ച് സോബിന്‍ കുമാര്‍ നടത്തിയ പഠനം.]

“ഞാന്‍ പല വസ്തുക്കളാണ്. അവയ്ക്കിടയില്‍
പൊരുത്തമുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല.
ഭിന്നതകളെല്ലാം പരിഹരിച്ച് വിടവുകളെല്ലാം
അടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളല്ല ഞാന്‍.
ഭിന്നതകളിലാണ് ഞാന്‍ ജീവിക്കുന്നത്”.

– എഡ്‌വേഡ് സെയ്ദ് –

തുടക്കങ്ങളില്‍ നിര്‍ത്തുവാനോ ഒടുക്കങ്ങളില്‍ ഒതുക്കുവാനോ പാതിയില്‍ ഇട്ടേച്ചു പോകുവാനോ ആകാത്ത ഒരപൂര്‍വ്വതയാണ് ജോണ്‍ എബ്രഹാം. അന്വേഷിക്കുന്നവന്റേയും അലയുന്നവന്റേയും പീഢിത രൂപങ്ങളുടെ പ്രതിനിധാനമായി ജോണിനെകാണാം. ജീവിതത്തിന്റെ വന്യതയെ ആഘോഷിച്ച് വസന്തങ്ങളുടെ പൂക്കാലം തെരുവിലെ ജീവിതങ്ങളിലാണെന്ന് സത്യസന്ധമായി വിശ്വസിച്ച കലാകാരനാണ് ജോണ്‍ എബ്രഹാം. തെരുവും, അഗ്രഹാരവും, പള്ളിമേടകളും, കള്ളുഷാപ്പുകളും, വില കൂടിയ റസ്റ്റോറന്റുകളും സമാന്തരമായി അളന്നത് കൊണ്ടാകാം ഇല്ലായ്മക്കാരന്റെ വരുതികളെ, വിശ്വാസങ്ങളെ, സ്‌നേഹത്തെ നെഞ്ചിലേറ്റാന്‍ ജോണ്‍ എബ്രഹാം എന്ന സിനിമാക്കാരനായത്. സിനിമയുടെ മായികതട്ടകം ഒളിപ്പിച്ചു നടത്തുന്ന വരേണ്യവും, സമ്പന്നവുമായ ചോദനകളെ റദ്ദാക്കുകയും. ജനകീയ വീക്ഷണത്തിന്റെ ബദല്‍ സിനിമാ സങ്കല്‍പ്പം മാലയാളത്തിന് പരിചയപ്പെടുത്തുകയും ചെയ്ത ജോണ്‍, സിനിമയെ തന്നെ രാഷ്ട്രീയമാക്കുകയാണ്(യായിരുന്നു) ചെയ്തത്. ജോണ്‍ എബ്രഹാം ‘അമ്മ അറിയാന്‍’ (1986) എന്ന സിനിമയെ രാഷ്ട്രീയമാക്കുകായിരുന്നു. മൂന്നാം ലോക സിനിമയുടെ പ്രത്യയ ശാസ്ത്ര ചര്‍ച്ചയോട് ചേര്‍ത്ത് കാണാനുള്ള എളിയ ശ്രമമാണ് ഈ പഠനം.

ആന്തരിക/ബാഹ്യ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന കാലാരൂപം എന്ന നിലയില്‍ നിന്നും സിനിമ, രാഷ്ട്രീയ വിവക്ഷകളും ബൗദ്ധികതയും ചേര്‍ന്ന് കനം വയ്ക്കുന്ന കലാപമാധ്യമമായി പരിവര്‍ത്തനം ചെയ്തിട്ട് നാളേറെയായിരിക്കുന്നു. സ്വപ്നം/യാഥാര്‍ത്ഥ്യം, നേര്/നുണ, ശാന്തം/ അശാന്തം, സുന്ദരം/വിരൂപം തുടങ്ങി ദ്വന്ദാത്മകമായ കാഴ്ചയുടെ അറിവിടങ്ങളായി സിനിമ വര്‍ത്തിക്കുകയും ജ്ഞാനോത്പാദനത്തിന്റെ പുതുഭൂമികയായി തീരുകയും ചെയ്യുന്നു. അറിവ് ദൃശ്യാനുഭങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നു. അങ്ങനെസിനിമ കാഴ്ചയുടെ പാഠങ്ങളായി പരിണമിക്കുകയും ഓരോ സിനിമയും ലോകത്തെ കാണാനുള്ള കണ്ണായി മാറുകയും ചെയ്യുന്നു. അതായത് ലോകത്തെ അറിയണമെങ്കില്‍ സിനിമ കാണണം എന്ന നില. ഇരുപതാം നൂറ്റാണ്ടിന്റെ കലയെന്ന് ലെനിന്‍ വിശേഷിപ്പിച്ച സിനിമ വളരെ പെട്ടെന്ന് ലോകത്താകെ പടരുകയും ജനവികാരമായി മാറുകയും ചെയ്തു. ഇന്ന് സിനിമയ്ക്ക് ജനങ്ങളിലുള്ള സ്വാധീനം വളരെ നിര്‍ണ്ണായകരമായിരിക്കുന്നു. കേവലം ഒരു സൗന്ദര്യ വസ്തു, ഒരു വിനോദോപാധി എന്ന നിലയിലുള്ള സമീപനം സിനിമയെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്. ഇതിവൃത്തത്തിന് ചുരുളഴിയാനുള്ള നിര്‍ദോഷമായ ഒരു ഇടം അല്ല സെല്ലുലോയ്ഡ് എന്നര്‍ത്ഥം.

പുത്തന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി ലോകത്തെയാകെ റാഞ്ചിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ജനങ്ങളുടെ ജീവിത സംസ്‌കാരത്തെപ്പറ്റി ചിന്തിക്കുന്നതും, സാംസ്‌കാരികോത്പന്നം എന്ന നിലയില്‍ ‘കലയില്‍’ നിലനില്‍ക്കുന്നതും നിലനിര്‍ത്തുന്നതുമായ സാംസ്‌കാരിക പരിസരങ്ങളെപ്പറ്റി പുനരാലോചിക്കേണ്ടതും അത്യാവശ്യമാണ്. ജീവിതത്തെപ്പോലും എങ്ങനെ ലാഭകരമായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്ന കമ്പോള മന:സ്ഥിതിയ്ക്കകത്ത് പണം സൃഷ്ടിക്കുന്ന വിടവുകള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന തട്ടുകള്‍; ജനതയെ നിലനിര്‍ത്തുന്നത് തന്നെ അസമത്വങ്ങളുടെ ശ്രേണികളോടെയാണ്. ലോകത്തെയാകെ ഒറ്റമാര്‍ക്കറ്റായി കാണുന്ന ആഗോളകണ്ണുകളോടെയാണ്. മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങള്‍ വിപണികളിലേക്ക് എത്തുന്നത്. വിപണി മേല്‍ക്കോയ്മ വച്ച് പുലര്‍ത്തുന്ന ഒറ്റമേല്‍ക്കൂര സമൂഹവിഭാവനം യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ ലാഭബോധം മാത്രമാണ് ലോകത്തില്‍ നടപ്പിലാക്കുന്നത്. ഇതിലൂടെ എല്ലാം ചരക്കുവത്കരിക്കുകയും ലോകത്താകമാനമുള്ള മനുഷ്യന്റെ ജീവിതം തന്നെ ചരക്കായി മാറുകയും ചെയ്യുന്നു. ഇത്തരം അധിനിവേശ മന:സ്ഥിതി തിരിച്ചറിയുന്നതിലൂടെ മൂന്നാം ലോക ജനത സമരസപ്പെടാനാവാത്ത ബദല്‍ നിര്‍മ്മിതികള്‍ കണ്ടെടുക്കുകയും അവയെ പ്രയോഗ സാധ്യമാക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു തിരിച്ചറിവാണ് അക്ഷരാര്‍ത്ഥത്തില്‍ ‘മൂന്നാംലോക സിനിമ’ എന്ന കാഴ്ചപ്പാട്.

അടുത്ത പേജില്‍ തുടരുന്നു

Advertisement