'ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാതിരിക്കാന്‍ പറ്റില്ല'; വിറ്റ ആട്ടിന്‍കുട്ടികളെ കാണാന്‍ അനുവാദം ചോദിച്ച കുട്ടികള്‍ ഇവരാണ്
kERALA NEWS
'ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാതിരിക്കാന്‍ പറ്റില്ല'; വിറ്റ ആട്ടിന്‍കുട്ടികളെ കാണാന്‍ അനുവാദം ചോദിച്ച കുട്ടികള്‍ ഇവരാണ്
ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2019, 11:42 am

കൊല്ലം: വിറ്റ ആട്ടിന്‍കുട്ടികളെ കാണാനായി വാങ്ങിയ ആളിന്റെ വീട് തേടിപിടിച്ച് കുട്ടികള്‍ എഴുതി വെച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ കുട്ടികളെ കണ്ടെത്തിയിരിക്കുകയാണ് ആട്ടിന്‍കുട്ടിയെ വാങ്ങിയവര്‍.

കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം.എം.സി.എസ്.പി.എം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അലീന കോശി, നാലാം ക്ലാസ് വിദ്യാര്‍ഥി ജോര്‍ജി കോശി, ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ എസ് മാത്യു എന്നിവരാണ് ആട്ടിന്‍കുട്ടികളെ കാണാന്‍ ഉടമസ്ഥനോട് അനുവാദം ചോദിച്ചവര്‍.

നേരത്തെ കുട്ടികളുടെ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നിധിന്‍ ജി നെടുംമ്പിനാല്‍ തന്നെയാണ് കുട്ടികളെ കണ്ടെത്തിയ വിവരവും ഫേസ്ബുക്ക് വഴി അറിയിച്ചിരിക്കുന്നത്.

ചക്കുവള്ളി സ്വദേശി കോശിയുടേയും സുനി കോശിയുടേയും മക്കളാണിവര്‍. ബഹ്റൈനില്‍ താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്.

‘എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്‍മിഷന്‍ തരും എന്ന ഉറപ്പോടെ നിര്‍ത്തുന്നു’- ഇതായിരുന്നു ആട്ടിന്‍കുട്ടികളുടെ ഉടമസ്ഥന് കുട്ടികള്‍ എഴുതിയ കത്ത്.