പരീക്ഷയില്‍ കുറവ് മാര്‍ക്ക് നല്‍കി; കണക്കുമാഷിനെ കെട്ടിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍
national news
പരീക്ഷയില്‍ കുറവ് മാര്‍ക്ക് നല്‍കി; കണക്കുമാഷിനെ കെട്ടിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2022, 2:05 pm

റാഞ്ചി: പരീക്ഷക്ക് കുറവ് മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെ കെട്ടിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കണക്കു മാഷിനെയാണ് വിദ്യാര്‍ത്ഥികള്‍ കെട്ടിയിട്ട് മര്‍ദിച്ചത്. മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം.

ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സര്‍ക്കാര്‍ നടത്തുന്ന പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. 9-ാം ക്ലാസ് പരീക്ഷയില്‍ തോല്‍വിക്ക് തുല്യമായി കണക്കാക്കുന്ന ഡിഡി (ഡബിള്‍ ഡി) ഗ്രേഡ് ആയിരുന്നു അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക് നല്‍കിയത്. 32 വിദ്യാര്‍ഥികളില്‍ 11 പേര്‍ക്കാണ് ഡബിള്‍ ഡി ഗ്രേഡ് ലഭിച്ചത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ മാനേജ്മെന്റ് രേഖാമൂലം പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം പരിശോധിച്ചതിന് ശേഷം പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അത് വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ തടയുകയായിരുന്നുവെന്ന് ഗോപികന്ദര്‍ പൊലീസ് ഇന്‍ ചാര്‍ജ് നിത്യാനന്ദ ബോക്തയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

സുമന്‍ കുമാര്‍ എന്ന അധ്യാപകനാണ് മര്‍ദനമേറ്റത്. 200 വിദ്യാര്‍ത്ഥികളാണ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലുള്ളത്. ഇതില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സുമന്‍ കുമാര്‍ ഇതേ സ്‌കൂളില്‍ നേരത്തെ പ്രധാനാധ്യാപകനായി ചുമതലയേറ്റിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ഒഴിവാക്കുകയായിരുന്നു.

അതേസമയം സ്‌കൂളിലെ ക്രമസമാധാനം സംരക്ഷിക്കാന്‍ ഒന്‍പത്, പത്ത് ക്ലാസുകള്‍ രണ്ട് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അധ്യാപകന്‍ തങ്ങള്‍ക്ക് പരീക്ഷകളില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയെന്നും അതിനാലാണ് പരീക്ഷയില്‍ തോറ്റതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംസ്ഥാന അക്കാദമിക് സൈറ്റില്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യേണ്ട ചുമതല പ്യൂണിനാണ്.

എന്നാല്‍ മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്ത തീയതി സംബന്ധിച്ച് വിവരം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ അഭ്യൂഹങ്ങള്‍ ലഭിച്ചതിന്റെ പേരിലാണ് ആക്രമം നടത്തിയതെന്നുമാണ് ബോക്ത പറഞ്ഞത്.

Content Highlight: Students tied teacher into tree and beaten up maths teacher for giving low marks in exams, classes suspended for two days