നീതി നിഷേധിക്കപ്പെട്ടു, ജനപ്രതിനിധികള്‍ അടക്കം ഭീഷണിപ്പെടുത്തി; തട്ടം വിവാദത്തില്‍ സെന്റ് റീത്താസിലെ പഠനമുപേക്ഷിച്ച് വിദ്യാര്‍ത്ഥിനി
Kerala News
നീതി നിഷേധിക്കപ്പെട്ടു, ജനപ്രതിനിധികള്‍ അടക്കം ഭീഷണിപ്പെടുത്തി; തട്ടം വിവാദത്തില്‍ സെന്റ് റീത്താസിലെ പഠനമുപേക്ഷിച്ച് വിദ്യാര്‍ത്ഥിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2025, 8:02 am

കൊച്ചി: ശിരോവസ്ത്ര വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥിനി. എട്ടാം ക്ലാസുകാരിയെ സ്‌കൂള്‍ മാറ്റുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ഈ സ്‌കൂളില്‍ പഠിക്കുന്നതില്‍ മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന കുട്ടിയുടെ ആവശ്യപ്രകരമാണ് സ്‌കൂള്‍ മാറ്റുന്നന്നതെന്ന് പിതാവ് അറിയിച്ചു.

സ്‌കൂളിന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള നീതിയും ലഭിച്ചില്ലെന്ന് പിതാവ് ആരോപിച്ചു. ദിവസങ്ങളോളം വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്താതിരുന്നിട്ടും മാനേജ്‌മെന്റ് അന്വേഷിച്ചില്ലെന്നും പിതാവ് പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് ഒപ്പമുണ്ടായിരുന്നിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് കടുംപിടുത്തം തുടര്‍ന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

നാട്ടിലെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകര്‍ത്തെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കുട്ടിയുടെ പിതാവ് പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും തന്നെയും കുറ്റക്കാരാക്കി മകളെയും ചിത്രീകരിക്കുകയും ഈ ആവശ്യം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്നും കൂട്ടിച്ചേർത്തു.

“നാട്ടിലെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകര്‍ത്തു. മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ അങ്ങേയറ്റം തളര്‍ത്തി. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മര്‍ദങ്ങള്‍ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങള്‍.

ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരില്‍ രാഷ്ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളില്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. അതില്‍ സ്‌കൂളിലെ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയമായ ഇടപെടല്‍ എനിക്കുംഎന്റെ മകള്‍ക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്.

അതിനാല്‍ ഈ സ്‌കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടി.സി വാങ്ങി മറ്റേതെങ്കിലും സ്‌കൂളില്‍ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം. അതോടെ ദുര്‍വാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുമെന്ന് കരുതട്ടെ.

നാട്ടിലെ സമാധാനം തകര്‍ക്കാന്‍ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് സ്‌കൂള്‍ അധികൃതരം പി ടി എയും മറ്റ് തത്പര കക്ഷികളും പിന്‍മാറണമെന്നും അഭ്യര്‍ഥിക്കുന്നു,” പിതാവ് ഫേസ്ബുക്ക് കുറിപ്പിലെഴുതി.

അതേസമയം, ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ പുറത്തുനിര്‍ത്തിയെന്നും വിദ്യാഭ്യാസം നിഷേധിച്ചെന്നുമുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തള്ളി സ്‌കൂള്‍ രംഗത്തെത്തിയിരിരുന്നു. ഈ റിപ്പോര്‍ട്ട് സത്യവിരുദ്ധമെന്നാണ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിന്‍ പറഞ്ഞത്.

തങ്ങള്‍ കുട്ടിയെ പുറത്താക്കിയിട്ടില്ലെന്നും കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു

വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെയും പ്രിന്‍സിപ്പാള്‍ വിമര്‍ശിച്ചു. യൂണിഫോം സ്‌കൂളിന് നിശ്ചയിക്കാമെന്നാണ് കോടതി ഉത്തരവ്. ഏതെങ്കിലും മതത്തില്‍പ്പെട്ടവര്‍ ഇത് ധരിക്കണം, ഇന്നത് ധരിക്കാന്‍ പാടില്ല എന്ന് സ്‌കൂള്‍ നിയമാവലിയില്‍ എഴുതാന്‍ പാടില്ലെന്നും പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബിന്‍ പറഞ്ഞു.

അതേസമയം, വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ സമസ്ത അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഭരണഘടനയെയും മതേതരത്വത്തെയും ചേര്‍ത്തുപിടിച്ചുള്ള പ്രതികരണമാണ് മന്ത്രി നടത്തിയതെന്ന് സമസ്ത പറഞ്ഞു.

സംഭവത്തിന്റെ പേരില്‍ നടന്നത് ഹീനമായ വര്‍ഗീയ പ്രചരണമാണെന്നും ശിരോവസ്ത്ര അവകാശത്തിന് വാദിച്ചവരെ വര്‍ഗീയവാദിയാക്കി ചാപ്പകുത്തുന്നുവെന്നും സമസ്ത മുഖപത്രത്തിലെഴുതി.

 

Content Highlight: Student to drop out of Palluruthy St. Rita’s Public School over headscarf controversy