ത്രിപുരയിൽ വിദ്യാർത്ഥിയുടെ മരണം; അന്വേഷണം ഏറ്റെടുത്ത് എസ്.ഐ.ടി
India
ത്രിപുരയിൽ വിദ്യാർത്ഥിയുടെ മരണം; അന്വേഷണം ഏറ്റെടുത്ത് എസ്.ഐ.ടി
ശ്രീലക്ഷ്മി എ.വി.
Wednesday, 31st December 2025, 4:37 pm

ഡെറാഡൂൺ: ത്രിപുരയിൽ വംശീയ അധിക്ഷേപത്തെ തുടർന്ന് അഞ്ചൽ ചക്മയെന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് എസ്.ഐ.ടി. വംശീയ അധിക്ഷേപത്തിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

കേസ് അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ രീതിയിലാണ് നടക്കുന്നതെന്നും കണ്ടെത്തുന്ന പുതിയ തെളിവുകൾ രേഖപ്പെടുത്തുമെന്നും എസ്.ഐ.ടി അറിയിച്ചു.

‘സംഭവത്തിന് പിന്നിൽ വംശീയ ഉദ്ദേശമുണ്ടെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ ഇതുവരെയുള്ള അന്വേഷണത്തിൽ വംശീയ വിവേചനം നടന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല,’ ഡെറാഡൂൺ എസ്.എസ്.പി അജയ് സിങ് പറഞ്ഞു.

ഡിസംബർ 26-ന് അഞ്ജൽ മരിക്കുന്നത് വരെ പോലീസുമായുള്ള സംഭാഷണത്തിനിടയിൽ വംശീയ അധിക്ഷേപം നടന്നതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വംശീയ വിവേചനത്തെക്കുറിച്ച് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പൗരന്മാർക്കെതിരായ വംശീയ വിവേചനവും അക്രമവും തടയുന്നതിൽ ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹരജി ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ടയാളും സഹോദരനും അടങ്ങുന്ന സംഘവും ആറുപേരടങ്ങുന്ന പ്രതികളുടെ സംഘവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ബഹളത്തിനിടയിൽ തർക്കം മൂർച്ഛിക്കുകയും അക്രമത്തിലേക്ക് നയിച്ചെന്നും പൊലീസ് പറഞ്ഞു.

‘അതിഥികൾക്കിടയിൽ ചില തമാശകൾ നടന്നിരുന്നു. ഇരയുടെ പക്ഷത്തുള്ളവർക്ക് ചില പരാമർശങ്ങൾ അപമാനകരമായി തോന്നി, ഇത് തർക്കത്തിലേക്ക് നയിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ജൽ ചക്മയ്ക്കും സഹോദരൻ മൈക്കിൾ ചക്മയ്ക്കും പരിക്കേറ്റു,’ പൊലീസ് പറഞ്ഞു.

ഡിസംബർ ഒമ്പതിനായിരുന്നു ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വംശീയ അതിക്രമത്തിൽ എം.ബി.എ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. ത്രിപുരയിൽ നിന്നുള്ള അഞ്ചൽ ചക്മയെന്ന 24 കാരനെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു കൂട്ടം അക്രമികൾ എം.ബി.എ വിദ്യാർത്ഥിയായ അഞ്ചൽ ചക്മയെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു. ചൈനക്കാരനെന്ന് ആരോപിച്ചായിരുന്നു മർദനം.

അക്രമികൾ മദ്യലഹരിയിലായിരുന്നെന്നും തങ്ങളെ ഉപദ്രവിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നും കത്തി ഉപയോഗിച്ച് നിരവധി തവണ അഞ്ചൽ ചക്മയെ കുത്തിയെന്നും കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ സഹോദരൻ പറഞ്ഞു.

ആക്രമണത്തിനിടെ മൈക്കിളിന്റെ തലയ്ക്ക് പരിക്കേൽക്കുകയും അഞ്ചലിന്റെ കഴുത്തിലും വയറിലും കുത്തേൽക്കുകയും ചെയ്തിരുന്നു.

Content Highlight: Student’s death in Tripura; SIT takes over investigation

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.