ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വംശീയ അതിക്രമത്തിൽ ‘ചക്മ’ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ത്രിപുരയിൽ നിന്നുള്ള അഞ്ചൽ ചക്മയെന്ന 24 കാരനെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ ഒമ്പതിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന ആക്രമണത്തിലായിരുന്നു വിദ്യാർത്ഥിക്ക് പരിക്കേറ്റത്.
ഒരു കൂട്ടം അക്രമികൾ എം.ബി.എ വിദ്യാർത്ഥിയായ അഞ്ചൽ ചക്മയെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു.
അക്രമികൾ മദ്യലഹരിയിലായിരുന്നെന്നും തങ്ങളെ ഉപദ്രവിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നും കത്തി ഉപയോഗിച്ച് നിരവധി തവണ അഞ്ചൽ ചക്മയെ കുത്തിയെന്നും കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ സഹോദരൻ പറഞ്ഞു.
ഉത്തരവാദികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അഞ്ചൽ ചക്മയുടെ കുടുംബവും നിരവധി വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വടക്കുകിഴക്കൻ മേഖലയിലെ യുവാക്കൾക്കെതിരെ നിലനിൽക്കുന്ന വംശീയ വിവേചനമെന്ന പ്രശ്നം പരിഹരിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Content Highlight: Student killed in communal violence; five arrested in Uttarakhand