കൊല്‍ക്കത്ത: സ്വിംസ്യൂട്ട് ധരിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് രാജിവെക്കേണ്ടി വന്ന അധ്യാപികക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ പെറ്റീഷന്‍. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെട്ടതിനും ഇവരെ നിര്‍ബന്ധപൂര്‍വം ജോലിയില്‍ നിന്ന് രാജിവെപ്പിച്ചതിനും അധ്യാപികയോട് മാപ്പ് പറയണമെന്നാണ് പെറ്റീഷനില്‍ പറയുന്നത്.
കൊല്‍ക്കത്ത സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു സംഭവം. സ്വിംസ്യൂട്ട് ധരിച്ച ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ കണ്ടതോടെ അധ്യാപിക രാജിവെക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും നിര്‍ബന്ധപൂര്‍വം കോളേജ് അധികൃതര്‍ രാജിവെപ്പിച്ചു.
എന്നാല്‍ കോളേജ് അധികൃതരുടെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് അധ്യാപികയോട് അധികൃതര്‍ മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ചത്.
കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയിലെ അംഗമായ ഗൗരവ് ബാനര്‍ജിയാണ് കോളേജ് അധികൃതര്‍ അധ്യാപികയോട് മാപ്പ് പറയണമെന്ന ആവശ്യവുമായി ഓണ്‍ലൈന്‍ പെറ്റീഷന്‍ നല്‍കിയത്. പതിനായിരത്തിലധികം പേരാണ് ഇതോടെ അധ്യാപികയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കോളേജിലെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം. അധ്യാപികയുടെ ചിത്രങ്ങള്‍ മകന്‍ ഇന്‍സ്റ്റഗ്രാമില്‍ നോക്കുന്നത് കണ്ടുവെന്നും ഇത്തരം പ്രവര്‍ത്തികള്‍ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാതാപിതാക്കള്‍ കോളേജില്‍ പരാതി നല്‍കിയത്.
അധ്യാപികയോട് രാജി വെയ്ക്കണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരം പ്രവര്‍ത്തികളിലൂടെ അധ്യാപിക കോളേജിന്റെ സല്‍പേര് കളഞ്ഞുവെന്നാരോപിച്ച് 99 കോടി രൂപ നഷ്ടപരിഹാരമായി കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.
സംഭവം വിവാദമായതോടെ വിഷയത്തില്‍ പലയിടങ്ങളിലും ചര്‍ച്ചകള്‍ സജീവമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ അവര്‍ എന്ത് ചെയ്യുന്നു എന്നത് അവരുടെ വ്യക്തി താത്പര്യമാണെന്ന ചര്‍ച്ചകളും ഇതിന് പിന്നാലെ സജീവമായി നടന്നിരുന്നു.
ചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷം കോളേജില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പേ പോസ്റ്റു ചെയ്തതാണെന്നാണ് അധ്യാപികയുടെ പ്രതികരണം. അതേസമയം അധ്യാപികയെ സദാചാര വാദങ്ങള്‍ക്ക് ഇരയാക്കിയതിന് കോളേജ് വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പെറ്റീഷനില്‍ പരാമര്‍ശിക്കുന്നുണ്ട്.
തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കോളേജിന്റെ നടപടിയ്‌ക്കെതിരെ അധ്യാപികയും വിമര്‍ശനമുന്നയിച്ചു. പ്രൈവറ്റ് അക്കൗണ്ടിലുള്ള തന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥി എങ്ങനെ കണ്ടുവെന്നതാണ് അധ്യാപിക ഉന്നയിക്കുന്ന ചോദ്യം.
കോളേജില്‍ അധികൃതരുടെ വിചാരണ നേരിട്ടുവെന്നും പ്രകോപനമില്ലാതെ തനിക്കെതിരെ ഭീഷണികളും ലൈംഗിക പരിഹാസങ്ങളും ഉണ്ടായെന്നും അധ്യാപിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Content Highlight: Student files online petition seeking justice for teacher repealed from service over social media post