വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്
Kerala News
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th June 2025, 7:04 am

വഴിക്കടവ്: മലപ്പുറത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മനപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മലപ്പുറം വഴിക്കടവ് പൊലീസിന്റേതാണ് നടപടി.

ബി.എന്‍.എസ് 105 പ്രകാരമാണ് കേസ്. എഫ്.ഐ.ആറില്‍ പ്രതിയായി ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് വിവരം. ഇന്നലെ (ശനിയാഴ്ച)യാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവാണ് മരിച്ചത്. അനന്തുവിനെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് വിവരം.

ബന്ധുക്കളായ അഞ്ച് കുട്ടികള്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമയുണ്ടായത്. കെ.എസ്.ഇ.ബി ലൈനില്‍ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈന്‍ വലിച്ചുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചെന്നുമാണ് പ്രാഥമിക നിഗമനം.

ഇതിനിടെ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റതെന്ന് ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടി പ്രതികരിച്ചതായും വിവരമുണ്ട്.

നിലവിൽ പരിക്കേറ്റ ഒരു കുട്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട അനന്തുവിന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം ഇന്ന് (ഞായർ) നടക്കും.

സംഭവത്തിന് പിന്നാലെ നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന പാത ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ആരോപണം. കെ.എസ്.ഇ.ബിക്ക് വീഴ്ച സംഭവിച്ചതായും ഷൗക്കത്ത് ആരോപിച്ചു.

അപകടത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്ന് നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജ് ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതികരിച്ച് സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തെത്തി.

സ്വകാര്യ വ്യക്തി ചെയ്ത കുറ്റം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നതെന്നും വനംവകുപ്പ് ഇലക്ട്രിക് ഫെന്‍സിങ് നടത്താറില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു.

വനംവകുപ്പിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ അതും പരിശോധിക്കുമെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Content Highlight: Student electrocuted from boar trap dies in Malappuram; Police file case of involuntary manslaughter