പത്താംക്ലാസുകാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ശ്രമം
national news
പത്താംക്ലാസുകാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ശ്രമം
ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 2:40 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവം മറച്ചുവെച്ച സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.

സ്‌കൂളിലെ ഹോസ്റ്റലില്‍ ആയിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥികളേയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ അഞ്ച് സ്‌കൂള്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.


ഓഗസ്റ്റ് ആദ്യവാരം നടന്ന സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി തന്റെ സഹോദരിയോടും സ്‌കൂളിലെ അടുത്ത സുഹൃത്തിനോടും മാത്രമേ പറഞ്ഞിരുന്നുള്ളൂ. ബലാത്സംഗത്തില്‍ ഗര്‍ഭിണിയായെന്നറിഞ്ഞ പെണ്‍കുട്ടി സഹോദരിയോടൊപ്പം സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും അവര്‍ ബലാത്സംഗവിവരം പുറത്തറിയിക്കാതിരിക്കാനാണ് ശ്രമിച്ചതെന്ന് എ.ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയിട്ടുണ്ടെന്നും കുറ്റകൃത്യം മറച്ചുവെച്ചതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

സംഭവം ഉത്തരാഖണ്ഡ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയം പുറത്തുവന്നത്. ഗര്‍ഭം അലസിപ്പിക്കാനായി സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് മരുന്നുകലക്കി നല്‍കിയെന്നും നഴ്സിങ് ഹോമിലേക്ക് കൊണ്ടുപോയിരുന്നെന്നും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ഉഷ നെഗി പറഞ്ഞു.