അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മലയോരത്ത് ഉരുള്‍പൊട്ടിയേക്കും, മുന്നൊരുക്കം നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം
Kerala News
അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മലയോരത്ത് ഉരുള്‍പൊട്ടിയേക്കും, മുന്നൊരുക്കം നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th October 2018, 7:40 am

കോഴിക്കോകട്: സംസ്ഥാനത്തു വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. വ്യാഴാഴ്ചമുതല്‍ ശനിയാഴ്ചവരെ പലയിടങ്ങളിലും അതിശക്തവും ഞായറാഴ്ച തീവ്രവുമായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നും ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 21 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ ജില്ലകളില്‍ അതിജാഗ്രതാ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ലക്ഷദ്വീപിനു സമീപം അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തമാകുമെന്നും തിങ്കളാഴ്ച ചുഴലിക്കാറ്റാകുമെന്നുമാണു പ്രവചനം. മിക്ക ജില്ലകളിലും അഞ്ചു മുതല്‍ ഏഴു വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. ഇടുക്കിയില്‍ നാലു മുതല്‍ ആറു വരെ തീയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.


Read Also: ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന ആഗ്രഹം നടന്നില്ല; നജ്മല്‍ ബാബുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു


 

ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ കാറ്റില്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇത്തരം സ്ഥലങ്ങളില്‍ വെള്ളിയാഴ്ചയോടെ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ആളുകള്‍ക്ക് രാത്രി അവിടെ കഴിയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്ന് മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചു. കേന്ദ്രസേനാ വിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടു. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടും.

വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ പുഴയുടെയും തോടുകളുടെയും തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറണം. ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങരുത്.