സ്‌ട്രോങ് റൂം വിവാദം: മുറി തുറക്കുന്ന കാര്യം അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല; ഫാത്തിമ തഹ്‌ലിയയുടെ നടപടിയില്‍ യു.ഡി.എഫില്‍ കടുത്ത അതൃപ്തി
Kerala News
സ്‌ട്രോങ് റൂം വിവാദം: മുറി തുറക്കുന്ന കാര്യം അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല; ഫാത്തിമ തഹ്‌ലിയയുടെ നടപടിയില്‍ യു.ഡി.എഫില്‍ കടുത്ത അതൃപ്തി
ആദര്‍ശ് എം.കെ.
Tuesday, 21st April 2026, 8:23 am

 

കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.ടിയിലെ സ്‌ട്രോങ് റൂമിനോട് ചേര്‍ന്നുള്ള റിസര്‍വ് റൂം തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്‌ലിയയുടെ നടപടിയില്‍ യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഗൗരവകരമായ കാര്യങ്ങളില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കരുതെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം തഹ്‌ലിയക്ക് കര്‍ശന നിര്‍ദേശം നല്‍കി.

ജെ.ഡി.ടിയില്‍ എട്ട് മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ നിരീക്ഷിക്കാന്‍ യു.ഡി.എഫ് ഒരു പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.


റിസര്‍വ് റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരം വരണാധികാരി രാവിലെ എട്ട് മണിക്ക് തന്നെ ഫാത്തിമ തഹ്‌ലിയയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം തഹ്‌ലിയ യു.ഡി.എഫ് ജില്ലാ നേതൃത്വത്തെയോ കാവല്‍ നില്‍ക്കുന്ന സംഘത്തെയോ അറിയിച്ചിരുന്നില്ല.

സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മുറി തുറന്ന വിവരം അറിഞ്ഞ യു.ഡി.എഫ് നേതാക്കള്‍, സ്ഥാനാര്‍ത്ഥിയോ ഏജന്റോ അറിയാതെയാണ് മുറി തുറന്നതെന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്ററും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് റിസര്‍വ് റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് വിവരം ലഭിച്ചിരുന്നതായി തഹ്‌ലിയ വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥര്‍ക്കൊപ്പം തഹ്‌ലിയ മുറിക്കുള്ളില്‍ നിന്ന് പുറത്തുവരുന്നത് കണ്ടതോടെ യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിഞ്ഞു. സ്ഥാനാര്‍ത്ഥി ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാത്തത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നും ഇത് തെറ്റായ നടപടിയാണെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തഹ്‌ലിയയുടെ നടപടി പരിചയക്കുറവ് മൂലം സംഭവിച്ചതാണെന്നാണ് നേതൃത്വം കണക്കാക്കുന്നത്. അതിനാല്‍ മറ്റ് അച്ചടക്ക നടപടികളിലേക്ക് കടന്നിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ ഇത്തരം ഗൗരവകരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ യു.ഡി.എഫ് ജില്ലാ നേതൃത്വവുമായി കൂടിയാലോചിക്കണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പല തീരുമാനങ്ങളും യു.ഡി.എഫ് തലത്തില്‍ ചര്‍ച്ച ചെയ്ത് എടുക്കേണ്ടതാണെന്നും ഒറ്റയ്ക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളരുത് എന്നും നേതൃത്വം തഹ്‌ലിയയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്‌ട്രോങ് റൂം തുറന്നെന്ന ആരോപണവുമായി യു.ഡി.എഫ് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തുറന്നത് സ്‌ട്രോങ് റൂമല്ല, മറിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ഇത് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് തുറന്നതെന്നും റിട്ടേണിങ് ഓഫീസര്‍ വ്യക്തമാക്കി.

പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയാണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയല്‍സ് റൂം തുറന്നതെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.

ആശയക്കുഴപ്പം മൂലമാകാം നേതാക്കള്‍ പരാതി ഉന്നയിച്ചത് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Content Highlight: Strong Room Controversy: UDF deeply unhappy with Fatima Tahlia’s action

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.