">
ജീവിക്കാനായുള്ള കച്ചോടമാണ്, ഒഴിപ്പിക്കുമ്പോള്‍ കരുണ കാണിക്കണം.. മര്യാദയും
ജംഷീന മുല്ലപ്പാട്ട്

സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം ആളുകള്‍ വഴിയോരക്കച്ചവടം നടത്തുന്നുണ്ടെന്നാണ് കണക്ക്. 2011ല സംസ്ഥാന വഴിയോരക്കച്ചവട സംരക്ഷണ നിയമത്തില്‍ വഴിയോരക്കച്ചവടത്തെ സ്വയം തൊഴിലായി അംഗീകരിക്കുകയും തൊഴില്‍ സുരക്ഷയും ക്ഷേമപദ്ധതികളും നടപ്പാക്കണമെന്ന നിര്‍ദേശവുമുണ്ട്.

2014ലെ വഴിയോരക്കച്ചവട നിയമ പ്രകാരം വഴിയോരക്കച്ചവടക്കാരുടെ സര്‍വേ നടത്തി കച്ചവട മേഖല തിരിച്ച് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്രയൊക്കെ നിയമ സംരക്ഷണമുണ്ടായിട്ടും കേരളത്തിലെ വഴിയോരക്കച്ചവടക്കാരുടെ തൊഴില്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.

പ്രധാനപ്രശ്‌നം പുനരധിവാസം തന്നെയാണ്. വഴിയോരക്കച്ചവടക്കാരെ അതാതു കോര്‍പറേഷനുകള്‍ പുനരധിവസിപ്പിക്കണമെന്ന നിയമമുണ്ടായിട്ടും കേരളത്തില്‍ പലയിടത്തും ഇതു നടപ്പിലാക്കിയിട്ടില്ല.

തൃശൂരില്‍ 2013ല്‍ ഐ.പി പോള്‍ കോര്‍പറേഷന്‍ മേയറായിരിക്കെയാണ് വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ ശക്തന്‍ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഷെഡ് പോലുള്ള കെട്ടിടങ്ങള്‍ പണിതത്. എന്നാല്‍ ആറു വര്‍ഷമായിട്ടും നടപടി ക്രമങ്ങള്‍ ഒന്നും മുന്നോട്ടു പോയിട്ടില്ല.

40 വര്‍ഷത്തില്‍ കൂടുതലായി ശക്തന്‍സ്റ്റാന്‍ഡിന്റെ പരിസരത്ത് വഴിയോരക്കച്ചവടം നടത്തുന്നവരാണിവര്‍. കച്ചവടമല്ലാതെ മറ്റൊരു
തൊഴിലും ഇവര്‍ക്ക് അറിയുകയുമില്ല.

312 കച്ചവടക്കാരെയാണ് പുതിയ മാര്‍ക്കറ്റിലേയ്ക്ക് പുനരധിവസിപ്പിക്കാന്‍ കോര്‍പറേഷന്‍ തീരുമാനം എടുത്തിരുന്നത്. ഇവിടയേ്ക്ക് കച്ചവട സ്ഥാപനങ്ങള്‍ മാറ്റാന്‍ വഴിയോരക്കച്ചവടക്കാര്‍ തയ്യാറുമാണ്. പക്ഷേ കോര്‍പറേഷന്‍ നിയമ സുരക്ഷ നല്‍കാതെ മാറില്ല എന്നാണ് കച്ചവടക്കാരുടെ നിലപാട്.

കച്ചവടക്കാരുടെ പ്രധാന ആവശ്യം ഓരോ കടക്കും വാടക നിശ്ചയിച്ച് ലൈസന്‍സ് അനുവദിച്ചു കൊടുക്കുക എന്നാണ്. ലൈസന്‍സ് ഇല്ലാതെ പുതിയ മാര്‍ക്കറ്റിലേയ്ക്ക് കച്ചവടം മാറ്റിയാല്‍ കോര്‍പറേഷന്‍ പറയുന്ന സമയത്ത് ഒഴിഞ്ഞു കൊടുക്കണ്ടി വരും. ഈ ഭീതി എല്ലാവര്‍ക്കുമുണ്ട്.

നിലവില്‍ അഞ്ചടി മാത്രം വിസ്തൃതിയുള്ള സ്ഥലമാണ് പുതിയ മാര്‍ക്കറ്റിനകത്ത് ഓരോ കച്ചവടക്കാരനും കോര്‍പറേഷന്‍ അനുവദിച്ചു നല്‍കിയിട്ടുള്ളത്. ഇത് എട്ടടിയെങ്കിലും ആക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

കൂടാതെ ഓരോരുത്തര്‍ക്കും അനുവദിച്ച സ്ഥലം പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തി കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അത് ഷീറ്റുകൊണ്ട് മറച്ചു കൊടുക്കണമെന്നാണ് മറ്റൊരു ആവശ്യം. മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ഓരോരുത്തര്‍ക്കും മീറ്റര്‍ കണക്ഷന്‍ തുടങ്ങിയ ആവശ്യങ്ങളും വഴിയോരക്കച്ചവടക്കാര്‍ ഉന്നയിക്കുന്നുണ്ട്.

നിലവില്‍ ശക്തന്‍സ്റ്റാന്‍ഡിന്റെ പരിസരത്തെ വഴിയോരക്കച്ചവടക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിയൊഴിപ്പിക്കലാണ്. പുനരധിവാസം സാധ്യമാകാതെ വഴിയോരക്കച്ചവടക്കാരെ കുടിയൊഴിപ്പിക്കരുതെന്ന നിയമം നിലനില്‍ക്കേയാണ് അധികാരികളുടെ ഈ നടപടി. കൂടാതെ മഴയും വെയിലും ഏറ്റ് യാതൊരു സുരക്ഷിതത്വവുമില്ലാതെ തൊഴിലെടുക്കുകയാണ് ഇവര്‍.

 

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം