കൊളംബോയിലെ ഹോട്ടലില്‍ നടത്തിയ സ്ഫോടനത്തിടെ തന്നെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ പ്രസിഡണ്ട്
colombo bombings
കൊളംബോയിലെ ഹോട്ടലില്‍ നടത്തിയ സ്ഫോടനത്തിടെ തന്നെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ പ്രസിഡണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2019, 12:08 pm

 

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സ്ഫാടനക്കേസിന്റെ സൂത്രധാരന്‍ കൊളംബോ ഹോട്ടലിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട്.

‘ഭീകര സംഘടനാ തലവനായ സഹ്റാന്‍ ഹാഷിം,ഷങ്ഗ്രി-ലാ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചത്.’ ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേന അറിയിച്ചു.

ചാവേര്‍ ആക്രമണങ്ങള്‍ക്ക് പുറപ്പെടും മുമ്പ് ഭീകരര്‍ പ്രതിജ്ഞയെടുക്കുന്ന വീഡിയോ ഐ.എസ് ഐ.എസ് പുറത്ത് വിട്ടപ്പോള്‍ അതില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവായ സഹ്റാന്‍ ഹാഷിം പ്രത്യക്ഷപ്പെടുന്നുണ്ട്.

മുഖം മറച്ച് ഏഴുപേരും സഹ്റാന്‍ ഹാഷിമും ഉള്‍പ്പെട്ടെ എട്ടുപേരാണ് ദൃശ്യത്തിലുള്ളത്. സെഹ്റാന്‍ ഹാഷിമാണ് മറ്റുള്ളവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. അറബിയിലാണ് പ്രതിജ്ഞയെടുക്കുന്നത്.

നേരത്തെ ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വലിയ പിന്തുണയാണെന്നും ആവശ്യമാണെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യന്‍ പാക്കിസ്ഥാന്റെ സഹായം തേടുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഹിന്ദുസ്ഥാന്‍ ടൈസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സ്ഫോടനം നടത്തിയ രണ്ട് ചാവേറുകളുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഗന്ധ വ്യജ്ഞന വ്യാപാരിയായ മുഹമ്മദ് യുസുഫ് ഇബ്രാഹിം ആണ് പൊലീസ് പിടിയിലായത്. സഫോടനത്തില്‍ ചാവേറായ ഇംസാത് അഹമ്മദ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാഹിം എന്നിവരാണ് യുസുഫിന്റെ മക്കള്‍.

കൊളംബൊയിലെ സിന്നാമണ്‍ ഗ്രാന്‍ഡ്, ഷാന്‍ഗ്രില ഹോട്ടലുകളിലാണ് ഇരുവരും പൊട്ടിത്തെറിച്ചത്. ഹോട്ടലുകളിലെ ഭക്ഷണശാലയില്‍ സ്ഫോടക വസ്തുക്കളുമായി കയറി സ്ഫോടനം നടത്തുകയായിരുന്നു.

ശ്രീലങ്കന്‍ സ്ഫോടനത്തില്‍ ചാവേറായതില്‍ കൂടുതല്‍ പേരും ശ്രീലങ്കയിലെ ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്കുന്നവരും വിദ്യാസമ്പന്നരുമാണ്. 9 പേരില്‍ 8 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്‍പതാമത്തെ ആള്‍ ചാവേറായതില്‍ ഒരാളുടെ ഭാര്യയാണെന്നാണ് കരുതുന്നത്.

ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മക്കളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ഈസ്റ്റര്‍ ദിനത്തില്‍ എട്ടിടങ്ങളില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഫിക് ജമാ അത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.