തെരുവ് നായ്ക്കളെ മെരുക്കാന്‍ പരിഹാരം തേടി സര്‍ക്കാര്‍
Kerala News
തെരുവ് നായ്ക്കളെ മെരുക്കാന്‍ പരിഹാരം തേടി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th September 2022, 8:36 am

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ പരിഹാരം തേടി ഉന്നതതലയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. തെരുവു നായ്ക്കളുടെ ശല്യം മനുഷ്യ ജീവന് ഭീഷണിയാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. സംഭവത്തില്‍ നേരത്തെ സുപ്രീം കോടതിയും ഇടപെട്ടിരുന്നു.

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെയെടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപടികളും സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ അക്രമകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്തുമെന്നത് വലിയ വെല്ലുവിളിയാണ്. ഈ മാസം 28നാണ് വിഷയത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കുക.

പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും എന്ത് ചെയ്യണമെന്നതില്‍ സര്‍ക്കാരിന്റെയും അനുബന്ധ സംഘടനകളുടെയും അഭിപ്രായം അറിഞ്ഞതിന് ശേഷമാവും സുപ്രീം കോടതി ഉത്തരവ്.

കേസില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കക്ഷിചേരാനാകുമോ എന്നതും സര്‍ക്കാര്‍ പരിശോധിക്കും. നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി(ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പ്രോഗ്രാം രണ്ട് വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നു. ഇത് വീണ്ടും ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

152 ബ്ലോക്കുകളിലും പദ്ദതി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2017 മുതല്‍ നായ്ക്കളിലെ വന്ധ്യംകരണ പ്രവര്‍ത്തനം നടത്താനുളള അനുമതി കുടുംബശ്രീക്കായിരുന്നു. എന്നാല്‍ പിന്നീട് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ ഇതില്‍ നിന്നും കുടുംബശ്രീയെ ഒഴിവാക്കുകയായിരുന്നു.

സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകള്‍ ഇല്ലാത്തതും വന്ധ്യംകരണം നിലച്ചതിന് കാരണമായിരുന്നു. ഇക്കാരണം മുന്‍നിര്‍ത്തി മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അതിനിടെ പേവിഷബാധ വാക്‌സിന്‍ ഫലപ്രദമല്ലയോ എന്നതടക്കം വിവിധ കാരണങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തീരുമാനമെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നായ അടക്കമുളള മൃഗങ്ങളുടെ കടിയേറ്റ് ചികില്‍സ തേടി എത്തിയത് പന്ത്രണ്ടായിരത്തിലേറെ പേരാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ആണ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പഠനത്തിന് ഒരുങ്ങുന്നത്

Content Highlight: Stray Dog Issue in Kerala, govt calls high power meeting