എട്ടാഴ്ച സമയം; അതിനുള്ളില്‍ ദല്‍ഹിയിലെ തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണം: സുപ്രീം കോടതി
India
എട്ടാഴ്ച സമയം; അതിനുള്ളില്‍ ദല്‍ഹിയിലെ തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th August 2025, 5:57 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായകമായ ഉത്തരവുമായി സുപ്രീം കോടതി. ദല്‍ഹി-എന്‍.സി.ആറിലെ മുഴുവന്‍ തെരുവുനായ്ക്കളെയും എട്ട് ആഴ്ചക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ദല്‍ഹി സര്‍ക്കാരിനും എം.സി.ഡിക്കും(ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍) എന്‍.ഡി.എം.സിക്കും (ന്യൂദല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍) ഉത്തരവ് സംബന്ധിച്ചുള്ള നടപടികള്‍ ആരംഭിക്കാമെന്നും കോടതി അറിയിച്ചു.

നിശ്ചിത സമയപരിധിക്കുള്ളില്‍ വേണ്ടത്ര ഷെല്‍ട്ടര്‍ ഹോമുകള്‍ സംഘടിപ്പിക്കാന്‍ മുന്‍സിപ്പല്‍ സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികളും മുന്‍കൈ എടുക്കണമെന്നും നിര്‍ദേശമുണ്ട്.

പിടികൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ തന്നെ താമസിപ്പിക്കണം. പൊതുസ്ഥലങ്ങളിലോ കോളനികളിലോ തുറന്നുവിടരുതെന്നും സുപ്രീം കോടതി പറഞ്ഞു. കൂടാതെ ഒരു തവണ ഷെല്‍ട്ടര്‍ ഹോമിലാക്കിയ നായയെ പിന്നീട് തെരുവുകളിലേക്ക് ഇറക്കിവിടരുതെന്നും കോടതി വ്യക്തമാക്കി.

തെരുവുനായ്ക്കളെ പിടികൂടുന്നത് തടസപ്പെടുത്താന്‍ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ശ്രമം നടത്തിയാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ ഒരുകാരണവശാലും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

മൃഗസ്‌നേഹികള്‍ക്ക് വേണ്ടി നമ്മുടെ കുട്ടികളെ ബലിയര്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ബെംഗളൂരു പോലുള്ള നഗരങ്ങളും തെരുവുനായകളുടെ ആക്രമണത്തില്‍ നിയമസഹായം തേടിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടപെടല്‍.

ജൂലൈയില്‍ ദല്‍ഹിയിലെ തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ‘നഗരം തെരുവ് നായ്ക്കളാല്‍ വേട്ടയാടപ്പെടുന്നു; കുട്ടികള്‍ അതിന് വലിയ വില നൽകേണ്ടി വരുന്നത്’ എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടല്‍.

ജൂണ്‍ 30ന് പേവിഷബാധയെ തുടര്‍ന്ന് ദല്‍ഹിയില്‍ ആറുവയസുകാരി മരണപ്പെട്ടിരുന്നു. പൂത്ത് കലാന്‍ മേഖലയിലെ ചാവി ശര്‍മയാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

സ്വമേധയാ കേസ് പരിഗണിച്ച കോടതി, വാക്സിനേഷന്‍ നല്‍കാത്ത തെരുവുനായ്ക്കളുടെ കടിയേറ്റ് കുട്ടികളും പ്രായമായവരും നിരന്തരം റാബീസ് രോഗത്തിന് ഇരയാകുകയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് റിട്ട് ഹരജി രജിസ്റ്റര്‍ ചെയ്തത്. ദല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയാനകവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

Content Highlight: Delhi’s stray dogs should be shifted to shelters within eight weeks: Supreme Court