ഹോക്കിന്‍സ് ടൗണിലെ പ്രശ്‌നങ്ങള്‍ എങ്ങനെ അവസാനിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അവസാന സീസണ്‍ നാളെ പുറത്തിറങ്ങുകയാണ്. മൂന്ന് ഭാഗങ്ങളിലായാണ് അഞ്ചാം സീസണ്‍ പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസിന് മുമ്പ് പഴയ സീസണിലെ പല രംഗങ്ങളും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ഇതുവരെയുള്ള നാല് സീസണുകളില്‍ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രം ആരാണെന്ന് പലപ്പോഴായി ചോദ്യമുയര്‍ന്നിരുന്നു. ഇലവനും മൈക്കും കേന്ദ്ര കഥാപാത്രങ്ങളാണെങ്കിലും അവരെക്കാള്‍ ആരാധകരുള്ള കഥാപാത്രങ്ങള്‍ വേറെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. ഹോപ്പര്‍, ഡസ്റ്റിന്‍ എന്നിവര്‍ പലരുടെയും ഫേവറെറ്റാണെങ്കിലും അപാര ഫാന്‍ ഫോളോയിങ്ങുള്ളത് മറ്റൊരു കഥാപാത്രത്തിനാണ്.
Joe Kerry from Stranger Things/ Copied from Screen rant
സീസണ്‍ 2 മുതല്‍ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലെ ഒഴിച്ചുകൂടാനാകാത്ത കഥാപാത്രമായി മാറിയ സ്റ്റീവാണ് സീരീസിന്റെ താരം. വെറുമൊരു സ്‌കൂള്‍ ബുള്ളി ബോയ് എന്ന രീതിയില്‍ പരിചയപ്പെടുത്തിയ കഥാപാത്രം പിന്നീട് സീരീസിന്റെ രക്ഷകനായി മാറുകയായിരുന്നു. നായകനും കൂട്ടരും പ്രതിസന്ധിയിലാകുമ്പോഴെല്ലാം രക്ഷകനായി പ്രത്യക്ഷപ്പെടുന്ന സ്റ്റീവ് ഈ സീസണിലും കൈയടി നേടുമെന്നാണ് കണക്കുകൂട്ടല്‍.
ഒരു കഥാപാത്രത്തിന് കൊടുക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ക്യാരക്ടര്‍ ആര്‍ക്കാണ് സ്റ്റീവായി വേഷമിട്ട ജോ കെറിക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ സ്റ്റീവ് തന്നെയാണ് ഹീറോ. പല എഡിറ്റഡ് വീഡിയോകളും സ്റ്റീവുമായി ബന്ധപ്പെട്ടതാണ്. ‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന് ഇന്ത്യയിലെ ഏതെങ്കിലും മ്യൂസിക് ഡയറക്ടര്‍ സംഗീതം നല്കിയാല്‍ എങ്ങനെയുണ്ടാകും’ എന്ന് ചോദിച്ച് പങ്കുവെച്ച പോസ്റ്റിലാണ് സ്റ്റീവ് താരമായി മാറിയത്.
Joe Kerry/ screen grab from X
സ്റ്റീവിന്റെ മാസ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ എഡിറ്റഡ് വീഡിയോകളാണ് ഭൂരിഭാഗം കമന്റുകളും. തമിഴ്, തെലുങ്ക് ഭാഷകളിലെ മാസ് ബി.ജി.എമ്മുകളെല്ലാം സ്റ്റീവിന്റെ മാസ് സീനുകള്‍ക്ക് നന്നായി ചേരുന്നുണ്ട്. അനിരുദ്ധിന്റെ ‘പവര്‍ ഹൗസ്’ തമന്റ് ‘ഡാക്കു മഹാരാജ് ബി.ജി.എം’, സായ് അഭ്യങ്കറിന്റെ ‘ഊറും ബ്ലഡ് എന്നിവയെല്ലാം ഈ കഥാപാത്രത്തിന് നന്നായി ഇണങ്ങുന്നുണ്ട്.
എന്നാല്‍ അഞ്ചാം സീസണില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം മരിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രെയ്‌ലര്‍ സൂചന നല്കുന്നു. അത് ഒരിക്കലും സ്റ്റീവ് ആകരുതെന്നാണ് പലരും ആഗ്രഹിക്കുന്നത്. നാളെ മുതലുള്ള ഒരുമാസക്കാലം സീരീസ് പ്രേമികള്‍ക്ക് മറക്കാനാകാത്ത ദൃശ്യാനുഭവമാകുമെന്ന് ഉറപ്പാണ്. കാത്തിരിക്കാം ഹോക്കിന്‍സ് ടൗണിലെ വിശേഷങ്ങള്‍ക്കായി.