നെയ്ത്ത് തൊഴിലാളിയായ അളഗിരി സ്വാമി 60 വര്‍ഷങ്ങള്‍ക്ക് മുമ്പേ നെയ്ത്ത് തുടങ്ങിയതാണ്. എട്ടാം ക്ലാസ് പഠനത്തിന് ശേഷമാണ് അളഗിരി നെയ്ത്തിന് ഇറങ്ങുന്നത്. ഇപ്പോള്‍ വയസ്സ് 80. രൂപത്തിനും ഭാവത്തിനും മാറ്റമുണ്ടായി എന്നല്ലാതെ ജീവിത അവസ്ഥയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല, എന്നിട്ടും നെയ്ത്ത തുടരുന്നു. നെയ്ത്ത് തുടരുന്നതിന് കാരണമായി അളഗിരി സ്വാമിക്ക് പറയാനുള്ളത് ഇതാണ്. “കാരണവന്മാരായി കൈമാറി വന്ന കുലത്തൊഴിലാണ്.” അളഗിരി സ്വാമിക്ക് മാത്രമല്ല നെയ്ത്തു ഗ്രാമമായ കുത്താംപുളളിയില്‍ താമസമാക്കിയ 1200 കുടുംബങ്ങള്‍ക്കക്കും നെയ്ത്ത് തുടരുന്നതിന് കാരണമായി പറയാനുള്ളത് ഇത് തന്നെയാണ്.
തൃശ്ശൂര്‍ ജില്ലയിലെ തിരുവില്ലാമല പഞ്ചായത്തില്‍ ഒന്നും രണ്ടും വാര്‍ഡിലായാണ് കുത്താംപുളളി നെയ്ത്തുഗ്രാമം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത തൊഴില്‍ ചെയ്താണ് കുത്താംപുള്ളി നെയ്ത്ത ഗ്രാമമാകുന്നത്. ഗ്രാമത്തില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളും കുലത്തൊഴിലായ നെയ്ത്ത് വ്യവസായം മാത്രമാണ് ചെയ്തിരുന്നത്. തറികളിലിരുന്ന് നെയ്യുന്നതും നെയ്തുണ്ടാക്കിയവ വിപണികളിലെത്തിക്കുന്നതും ഗ്രാമവാസികള്‍ തന്നെ. എന്നാല്‍ മുതുമുത്തച്ഛനമാരായി തുടങ്ങിയ കുലത്തൊഴിലുമായി ജീവിക്കുന്നവരില്‍ തറികളിലിരുന്ന് നെയ്യാന്‍ അറിയുന്നവരുടെ എണ്ണം ഇപ്പോള്‍ കുറവാണ്. “പുതിയ തലമുറയിലെ ആരും തന്നെ കുലത്തൊഴിലിലേക്ക് കടന്നു വരുന്നില്ല. അധിക ആളുകളും വിപണന മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നു.” ഇന്നും നെയ്ത്ത് തുടരുന്ന കുടുംബത്തിലെ മുതിര്‍ന്ന അംഗമായ അളഗിരി സ്വാമി പറയുന്നു.

2016-17 കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഐ.സി.ജെ വിദ്യാര്‍ത്ഥികള്‍ നെയ്ത്ത് തൊഴിലാളി നീലകണ്ഠനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് “ജീവിതത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ഈ തൊഴില്‍ ഞങ്ങളുടെ ഗ്രാമത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും സ്വാധീനിച്ച ഘടകമാണ്.നിരവധി അഗ്രഹാര കുടംബങ്ങള്‍ വസിക്കുന്ന ഈ ഗ്രാമത്തിന്റെ പ്രശസ്തിക്ക് പിന്നില്‍ കൈത്തറി വ്യവസായമാണ്.” പുതിയ തലമുറക്കാരുടെ തൊഴിലിനോടുള്ള താല്‍പര്യക്കുറവ് കൈത്തറി വ്യവസായത്തെ കാര്യമായി ബാധിക്കുന്നു എന്നും കൂലിത്തൊഴിലിനോടുള്ള വിമുഖത നെയ്ത്ത് വ്യവസായത്തിന്റെ വളര്‍ച്ചയെ മങ്ങലേല്‍പ്പിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗതമായി നിലനില്‍ക്കുന്ന വ്യവസായത്തെ സംരക്ഷിക്കേണ്ട അധികാരികള്‍ കാര്യക്ഷമമായി ഒന്നും തന്നെ ചെയ്യുന്നില്ല. മുന്‍ കാലങ്ങളില്‍ പഞ്ചായത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തി നെയ്ത്തു തൊഴിലിലേര്‍പ്പെട്ടവര്‍ക്ക് ഉല്‍പാദനത്തിനാവശ്യമായ നൂലും പുതുതായി കടന്നു വന്നവര്‍ക്ക് കൈത്തറി ഉപകരണവും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും ചെയ്യുന്നില്ല.” പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ തിരുവില്ലാമല പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. മാറി മാറി വന്നിരുന്ന സര്‍ക്കാരുകള്‍ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ പദ്ധതികള്‍ കൊണ്ടു വരാറുണ്ടെങ്കിലും അതിലൊന്നും കൈത്തറി മേഖലക്ക് വേണ്ടത്ര പ്രാധിനിധ്യം ഉണ്ടാകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൈത്തറി യൂണിഫോം പദ്ധതിയിലൂടെ കൈത്തറി തൊഴിലാളികള്‍ക്ക് വരുമാനമുണ്ടാക്കാനും വ്യവസായം നിലനിര്‍ത്താനും സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ അതും കുത്താംപുള്ളിയിലെ കൈത്തറി വ്യവസായത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ ഉതകുന്നതല്ല. സഹകരണ സംഘങ്ങളിലൂടെ ഫെസ്റ്റിവല്‍ സമയങ്ങളിലെല്ലാം സബ്‌സിഡി നല്‍കാറുണ്ട്. അതും പുതിയ തലമുറയെ ഈ പരമ്പരാഗത വ്യവസായത്തോട് അടുപ്പിക്കാന്‍ കഴിയുന്നതല്ല. പുതിയ ആളുകളെ കൈത്തറിയിലേക്ക് എത്തിക്കുന്നതിന് വേണ്ടത് “സംസ്ഥാന സര്‍ക്കാര്‍ വ്യാവസായിക തലത്തില്‍ കൈത്തറിയെ ഉള്‍പ്പെടുത്തി കൃത്യമായി പരിശീലനം നല്‍കി വായ്പ കൊടുത്ത് സ്വയം ഉല്‍പാദനം നടത്താനുള്ള രീതിയിലേക്ക് ആളുകളെ പ്രാപ്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് പുതിയ തലമുറ കൈത്തറി വ്യവസായത്തിലേക്ക് കടന്നു വരാത്തത് എന്ന ചോദ്യത്തിന് ബിരുദ വിദ്യാര്‍ത്ഥിയായ സൂരജ് പറയുന്നത് ഇങ്ങിനെയാണ്. “കുലത്തൊഴിലെന്ന് പറഞ്ഞ് കൈത്തറി വ്യവസായവുമായി നിന്നാല്‍ ഒന്നും നേടാനാകില്ല. എല്ലാവരും കാശുണ്ടാക്കി ഭാവി സുരക്ഷിതമാക്കാനാണ് നോക്കുന്നത്. എല്ലാവരേയും പോലെ തന്നെ ഞങ്ങളും അതിനാണ് ശ്രമിക്കുന്നത്.” കുലത്തൊഴിലാണെന്ന് കരുതി തുച്ഛമായ വേദനത്തില്‍ കൈത്തറി വ്യവസായത്തില്‍ ജീവിതം ഹോമിക്കാന്‍ ആരും തയ്യാറാകുന്നില്ല.
അപ്പോള്‍ കൈത്തറി വ്യവസായത്തിലെ ബിസ്സിനസ്സ് രംഗത്തെക്കുറിച്ചാണ് അറിയേണ്ടത്. വിപണിയില്‍ 1000 മുതല്‍ 10000 രൂപവരെയാണ് കൈത്തറി സെറ്റ് പുടവകള്‍ക്കും മുണ്ടുകള്‍ക്കും വില. ഓണം പോലെയുള്ള സീസണുകളില്‍ ഇവക്ക് ആവശ്യക്കാരേറെയുണ്ട്. എന്നാല്‍ ഈ ഡിമാന്റിന്റെ ഗുണം ഉല്‍പാദകരായ കൈത്തറി തൊഴിലാളികളായ സാധാരണക്കാരില്‍ എത്തുന്നില്ല. ഡിസൈനിനുസരിച്ച് പണം ലഭിക്കുമെങ്കിലും ശരാശരി വരുമാനം കണക്കാക്കിയാല്‍ 200 മുതല്‍ 300 രൂപവരെയാണ് ലഭിക്കുന്നത്. ഇവിടെയാണ് ഇടനിലക്കാരന്റെ ലാഭം കണക്കാക്കപ്പെടേണ്ടത്. എല്ലാ മേഖലകളിലും ഉള്ളത് പോലത്തന്നെ കൈത്തറി മേഖലയിലും ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കാനുള്ള അവകാശം ഇടനിലക്കാരനാണെന്നും മെംബര്‍ പറയുന്നു.
യുവാക്കളെ കൈത്തറിയിലേക്ക് അടുപ്പിക്കാത്തതിന് തുച്ഛമായ കൂലിമാത്രമല്ല കാരണം എന്നാണ് കുത്താംപുള്ളി സൊസൈറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍ പറയുന്നത് “നെയ്ത്ത് വ്യവസായത്തില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ ആരും പെണ്ണ് കൊടുക്കുന്നില്ല. അത് സ്വന്തം കുലത്തില്‍ നിന്നു പോലും. കൊടുക്കാന്‍ പറഞ്ഞാലും ആരും കേള്‍ക്കില്ല.” പരമ്പരാഗതമായ ഒരു വ്യവസായം ഇല്ലാതാകുമ്പോള്‍ അതിന് കാരണമായി ആരും അറിയപ്പെടാത്ത ഇതുപോലുള്ള സാമൂഹിക വശങ്ങള്‍ കൂടി ഉണ്ടാകും. ഇതൊക്കെ അറിയാല്‍ ആരും ശ്രമിക്കാറുമില്ലെന്നും അദ്ദേഹം പറഞ്ഞു.

50 കൊല്ലങ്ങള്‍ക്ക് മുന്‍പ് നെയ്ത്ത് വ്യവസായം പ്രതിസന്ധി നേരിട്ട ഒരു സമയമുണ്ടായി. നെയ്ത്ത് ഒരു കുടില്‍ വ്യവസായം മാത്രമായി ഒതുങ്ങി നില്‍ക്കേണ്ടി വരും എന്ന് വരെ എത്തി. ഈ സമയത്താണ് കുത്താംപുള്ളി സൊസൈറ്റി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന കുത്താംപുള്ളി ഹാന്റ്‌ലൂം ഇന്റസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചത്. 1972 ല്‍ 102 പേരുമായാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നത്. തലമുറകള്‍ കൈമാറിവന്ന കരവിരുതും തൊഴിലാളികളുടെ അര്‍പ്പണ ബോധവും ചേര്‍ന്നതോടെ നെയ്ത്ത് സജീവമായി. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. ഒരു ദീര്‍ഘ നിശ്വാസത്തോട് കൂടിയാണ് കുത്താംപുള്ളി സൊസൈറ്റി മാനേജര്‍ സരവണന്‍ ഇത് പറഞ്ഞു നിര്‍ത്തിയത്. സൊസൈറ്റിയില്‍ നിന്നും കൊടുക്കുന്ന നൂലുകള്‍ നിശ്ചിത സമയത്തിനകം ഉല്‍പ്പന്നങ്ങളാക്കി തിരിച്ച് സൊസൈറ്റിയില്‍ എത്തിക്കുന്നു. അവിടെ നിന്നും അപ്പര്‍ സൊസൈറ്റിയായ ഹാന്റക്‌സ് എല്ലാം ശേഖരിച്ച് ഇന്ത്യയുടെ പല ഭാഗത്തേക്കും കയറ്റി അയക്കുന്നു. ലാഭവും ചിലവും കണക്കാക്കി ഒരു നിശ്ചിത സംഖ്യ നൈത്തുകാര്‍ക്ക് കൊടുക്കുകയുമാണ് ചെയ്തിരുന്നത് എന്നും സരവണന്‍ പറയുന്നു.
പ്രശസ്തിയാര്‍ജിച്ച കുത്താംപുള്ളി കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രധാനമായും കസവ് സാരികള്‍ക്കാണ് വിപണിയില്‍ പ്രചാരം ഏറെയുള്ളത്. ആവശ്യക്കാര്‍് അവര്‍ക്ക് ഇഷ്ടമുള്ള ഡിസൈനില്‍ വസ്ത്രം ചെയ്ത് കൊടുക്കുന്നത് കൊണ്ട് ആഘോഷങ്ങള്‍ക്ക് വേണ്ടി ആളുകള്‍ കുത്താംപുള്ളി അന്വേഷിച്ചെത്താന്‍ തുടങ്ങി. കൂടാതെ കൈത്തറി വസ്ത്രങ്ങള്‍ക്ക് മറ്റു വസ്ത്രങ്ങളേക്കാള്‍ ഗുണമേന്മയും കൂടുതലാണ്. ഇതൊക്കെ കൊണ്ട് തന്നെ കുത്താംപുള്ളി കൈത്തറിക്ക് ആവശ്യക്കാര്‍ കൂടുകയും ചെയ്തു. എന്നാല്‍ ഇന്ന് കാലം മാറിയതിനനുസരിച്ച് നെയ്ത്ത് യന്ത്രവല്‍കൃതമായി മാറി. കൈത്തറി മേഖലയില്‍ കാര്യക്ഷമതയുള്ള തൊഴിലാളികള്‍ കുറയുകയും ചെയ്തു. “കുത്താംപുള്ളിക്കാരുടെ ഹൃദയമിടിപ്പിന് പോലും തറികളുടെ താളമായിരുന്നു. ഇവിടെ ദിവസങ്ങളുണരുന്നതും ഒടുങ്ങുന്നതുമെല്ലാം നെയ്ത്ത് സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു” എന്ന് നെയ്ത്തുകാരന്‍ കൃഷ്ണന്‍ ഓര്‍മിച്ചെടുക്കുന്നു.
കന്നട ഭാഷ തായ്വഴിയായുള്ള കുത്താംപുള്ളിയുലെ നെയ്ത്തുകാന്‍ ദേവാംഗ ചെട്ടിയാര്‍ കുലത്തില്‍പ്പെട്ടവരാണ്. 350 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജഭരണ കാലത്ത് മൈസൂരില്‍ നിന്നും തിരുവിതാംകൂറിലേക്ക് കുടിയേറിയവര്‍. തിരുവിതാംകൂര്‍ രാജാവ് ഇവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് രാജ കുടംബത്തിലേക്കുള്ള വസ്ത്രങ്ങള്‍ നെയ്‌തെടുക്കാനുള്ള അനുമതി നല്‍കി. ഇത് നാടൊട്ടുക്ക് പ്രചാരം ലഭിക്കുന്നതിന് കാരണമായി. ഇതാണ് ഞങ്ങളുടെ കുലത്തെക്കുറിച്ച് കാരണവന്‍മാരില്‍ നിന്ന് കിട്ടിയ അറിവെന്ന് കുത്താംപുള്ളി സൊസൈറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍ പറയുന്നു.

പ്രചാരവും ഗുണമേന്‍മയും കുത്താംപുള്ളി സാരിയെ ജോഗ്രഫിക്കല്‍ ഇന്റിക്കേഷന്‍ ആക്ട് പ്രകാരം എക്‌സ്‌ക്ലൂസീവ് ഇന്റലക്ച്വല്‍ പ്രോപെര്‍ട്ടി റൈറ്റിന് അര്‍ഹമാക്കി. 2011 ലായിരുന്നു അത്. കുത്താംപുള്ളി കൈത്തറിയുടെ പേരും പ്രശസ്തിയും ആളുകളെ ചൂഷണം ചെയ്യുന്നതിന് യന്ത്രത്തറി വ്യവസായം ഉപയോഗിക്കാന്‍ തുടങ്ങി എന്നതാണ് വസ്തുത. കൈത്തറിയിലും യന്ത്രത്തറിയിലും ഉണ്ടാക്കിയ വസ്ത്രങ്ങള്‍ സാധാരണക്കാരന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് ചൂഷണം എളുപ്പമാക്കുന്നത്. അതിനാല്‍ കുത്താംപുള്ളി എന്ന ലേബലില്‍ ഇറങ്ങുന്ന വസ്ത്രങ്ങളെല്ലാം ഒറിജിനല്‍ കൈത്തറികള്‍ അല്ല എന്നും പഞ്ചായത്ത് മെംബര്‍ വ്യക്തമാക്കുന്നു. പണ്ട് കൈത്തറിയുടെ പ്രതാപ കാലത്ത് 4000 ത്തില്‍ അതികം ആളുകള്‍ ഉണ്ടായിരുന്ന കൈത്തറിയില്‍ നിലവില്‍ 300 ല്‍ താഴെ ആളുകള്‍ മാത്രമാണ് ഉള്ളത്. കുത്താംപുള്ളി കസവുകളെന്ന പേരില്‍ നിലവില്‍ ലഭിക്കുന്നത് യന്ത്രത്തറി ഉത്പന്നങ്ങളാണെന്നും അദ്ദേഹം പറയുന്നു.
ഒരു വശത്ത് കുത്താംപുള്ളിയിലെ പരമ്പരാഗതമായ കൈത്തറി വ്യവസായം നിരവധിയായ കാരണങ്ങള്‍ കൊണ്ട് തകരുന്ന കാഴ്ചയാണ്. മറുവശത്ത് വളരെ ശ്രദ്ധയോടെയും അര്‍പ്പണ ബോധത്തോടെയും നൂല്‍ നെയ്‌തെടുത്ത് കുത്താംപുള്ളി എന്ന പേരിനെയും സംസ്‌കാരത്തേയും ഒരു കൂട്ടം ചൂഷണം ചെയ്യുന്നു. കുത്താംപുള്ളി കൈത്തറിയന്ന ലാബലില്‍ വിപണികളിലെത്തുന്നത് മുഴുവന്‍ ആ പാരമ്പര്യത്തിന്റെ ഉല്‍പ്പന്നങ്ങളല്ല എന്ന് ഉപഭോക്താക്കളുടെ ഓര്‍മയിലിരിക്കട്ടെ.
