ചെറുപ്പം മുതലേ സിനിമാഭ്രാന്തനായിരുന്ന വ്യക്തി, ദിവസവും മൂന്ന് സിനിമകള്‍ വരെ തിയേറ്ററില്‍ പോയി കണ്ടിരുന്ന ആള്‍.
എന്നാല്‍ സിനിമയില്‍ വരണമെന്നോ തിരക്കഥാകൃത്താവണമെന്നോ അയാള്‍ ചിന്തിച്ചില്ല. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ അറിയപ്പെടുന്നൊരു തിരക്കഥാകൃത്തായി. നൂറിലധികം മലയാള സിനിമകളുടെ ഭാഗമായി. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല മലയാളം കണ്ട പ്രതിഭാശാലിയായ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിനെക്കുറിച്ചാണ്.
കലൂര്‍ ഡെന്നിസും ആര്‍ട്ടിസ്റ്റ് കിത്തോയും ചേര്‍ന്ന് ചിത്രപൗര്‍ണമി എന്നൊരു വാരിക നടത്തിയിരുന്നു. സിനിമക്കാരുമായി ബന്ധം ഉണ്ടാക്കുക എന്നതായിരുന്നു അതിന്റെ പ്രധാന ഉദ്ദേശ്യം. പ്രേം നസീറിന്റെ മേല്‍നോട്ടത്തില്‍ എ. എന്‍. രാമചന്ദ്രനാണ് ചിത്രപൗര്‍ണമി ആരംഭിച്ചത്.
അക്കാലത്താണ് പാറപ്പുറത്തിന്റെ ‘ഈ മനോഹരതീരം’ എന്ന കഥ സിനിമയാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഒരു നിര്‍മാതാവ് അവരെ സമീപിച്ചത്. ഐ.വി.ശശിയാണ് സംവിധാനം ചെയ്യേണ്ടത്.
ഐ.വി.ശശിയെ നേരത്തേ അറിയാമായിരുന്ന കലൂര്‍ ഡെന്നിസ് ഹൈദരാബാദില്‍ പോയി അദ്ദേഹത്തെ കണ്ടു. പാറപ്പുറം തന്നെ തിരക്കഥയും എഴുതി.
എറണാകുളത്ത് ഈ മനോഹര തീരത്തിന്റെ ചിത്രീകരണം നടക്കുന്ന സമയം ഡെന്നിസിന്റെ സുഹൃത്ത് സി.സി ആന്റണി ലൊക്കേഷനില്‍ വന്നു. അദ്ദേഹം പറഞ്ഞു, ‘നമുക്കൊരു സിനിമ ചെയ്യണം’ എന്ന്.
ആ ചോദ്യത്തില്‍ ഡെന്നിസിന്റെയുള്ളിലെ സിനിമാമോഹം ഉണര്‍ന്നു. ആന്റണിയെ ഐ.വി. ശശിക്ക് പരിചയപ്പെടുത്തി. അന്ന് ചെറുതായി നോവലും കഥയും എഴുതുമായിരുന്നു അദ്ദേഹം.
എം. ഡി. ജോര്‍ജിന്റെ ചിത്രകൗമുദി എന്ന വാരികയില്‍ ‘അനുഭവങ്ങളേ നന്ദി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ കഥ ഐ.വി ശശിയോട് പറഞ്ഞു. കഥ ഇഷ്ടപ്പെട്ട ശശി എസ്. എല്‍. പുരം സദാനന്ദന്റെ തിരക്കഥയില്‍ അത് സിനിമയാക്കി. അങ്ങനെ കലൂര്‍ ഡെന്നിസിന്റെ ആദ്യ സിനിമ വെള്ളിത്തിരയിലെത്തി.
പിന്നീട് എഴുതിയ ചിത്രം വിജയിച്ചില്ലെങ്കിലും മറ്റൊരു തിരക്കഥ എഴുതാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. രക്തം എന്ന സിനിമ.
പ്രേംനസീറും മധുവും എം.ജി. സോമനും അഭിനയിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം രക്തം സൂപ്പര്‍ ഹിറ്റ് ആയി മാറി. മലയാള സിനിമയില്‍ കലൂര്‍ ഡെന്നിസ് എന്ന എഴുത്തുകാരന്റെ യാത്ര അവിടെ തുടങ്ങുകയായിരുന്നു.
ആര്‍ക്ക് പിന്നാലെയും അവസരം അന്വേഷിച്ച് നടക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്. മമ്മൂട്ടി നായകനായ മൂന്ന് സിനിമകള്‍ ഒരേ സമയം റിലീസ് ചെയ്യാനുള്ള ഒരപൂര്‍വ ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1986ല്‍ ആണത്. പി.ജി. വിശ്വംഭരന്റെ ‘പ്രത്യേകം ശ്രദ്ധിക്കുക‘, ജോഷിയുടെ ‘ക്ഷമിച്ചു എന്നൊരു വാക്ക്‘ കെ. മധുവിന്റെ ആദ്യ ചിത്രം ‘മലരും കിളിയും’ ഈ മൂന്നു സിനിമകളുടെയും തിരക്കഥ നിര്‍വഹിച്ചത് കലൂര്‍ ഡെന്നിസ് ആണ്.
ജോഷിക്കുവേണ്ടി അഞ്ചര വര്‍ഷത്തിനുള്ളില്‍ പതിനഞ്ച് സിനിമകള്‍ ഡെന്നിസ് എഴുതിയിട്ടുണ്ട്. ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം വിജയചിത്രങ്ങള്‍.
‘നൂറ്റിപതിനെട്ട് സിനിമകള്‍ക്ക് ഞാന്‍ തിരക്കഥ എഴുതി. പ്രേംനസീര്‍, മധു, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, മുകേഷ്, ജഗദീഷ്, ജയറാം തുടങ്ങിയ താരങ്ങള്‍ക്കെല്ലാം വേണ്ടി തിരക്കഥകള്‍ എഴുതിയിട്ടുണ്ട്,’ കലൂര്‍ ഡെന്നിസ് പറയുന്നു.
Content Highlight: Story of Kaloor Dennis in Malayalam Cinema