തീവ്രവാദത്തെ കഥ പറഞ്ഞ് തോല്‍പിക്കുന്ന ന്യൂസിലാന്‍ഡിന്റെ മെയ്‌സൂണ്‍
DISCOURSE
തീവ്രവാദത്തെ കഥ പറഞ്ഞ് തോല്‍പിക്കുന്ന ന്യൂസിലാന്‍ഡിന്റെ മെയ്‌സൂണ്‍
അന്ന കീർത്തി ജോർജ്
Wednesday, 1st March 2023, 8:30 pm

ജീവിതം അത്ര സുരക്ഷിതമല്ലെന്ന് ഡോ. മെയ്‌സൂണ്‍ സലാമക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായിരുന്നു. താന്‍ മാനേജരായ അല്‍-നൂര്‍ ചൈല്‍ഡ് കെയര്‍ സെന്ററിന് നേരെ കല്ലേറുകളുണ്ടായപ്പോഴും, കാറില്‍ ഒരിക്കല്‍ രക്ത നിറത്തില്‍ വിദ്വേഷ പ്രസ്താവനകള്‍ പ്രത്യക്ഷപ്പെട്ടപ്പോഴുമെല്ലാം അവര്‍ സര്‍ക്കാരിനോട് വരാനിരിക്കുന്ന ആപത്തിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചിരുന്നു.

ന്യൂസിലാന്‍ഡിലെ ഇസ്‌ലാമിക് വുമണ്‍ കൗണ്‍സിലിന്റെ നാഷണല്‍ കോഡിനേറ്റര്‍ എന്ന നിലയില്‍ കമ്മ്യൂണിറ്റിക്കകത്തും പുറത്തും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കാലത്ത് ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന ഇസ്‌ലാമോഫോബിയയെ കുറിച്ച് അവര്‍ക്ക് ബോധ്യമായിരുന്നു. ജോര്‍ദാനില്‍ നിന്നും ന്യൂസിലാന്‍ഡിലേക്ക് കുടിയേറി എത്തിയ ഫലസ്തീന്‍ വംശജയായ മെയ്‌സൂണിന് പക്ഷെ മനുഷ്യത്വത്തില്‍ വലിയ വിശ്വാസമായിരുന്നു. എന്നാല്‍ പേടിസ്വപ്‌നങ്ങളേക്കാള്‍ ക്രൂരമായ ദുരന്തം അവരെ തേടിയെത്തി.

2019 മാര്‍ച്ച് 15, പതിവ് പോലെ ഒരു വെള്ളിയാഴ്ചയായിരുന്നു അത്. മകന്‍ ആറ്റ മുഹമ്മദ് ഏല്യാനും ഭര്‍ത്താവ് മുഹമ്മദ് ഏല്യാനും അല്‍ നൂര്‍ പള്ളിയിലേക്ക് പ്രാര്‍ത്ഥനക്കായി പോയിരിക്കുകയായിരുന്നു. പക്ഷെ ഉച്ചക്ക് 1.42ന്, ആ പള്ളിയിലേക്ക് തോക്കുമായി എത്തിയ വംശീയ തീവ്രവാദി ബ്രാന്റണ്‍ ഹാരിസണ്‍ ടാറന്റ് നിര്‍ത്താതെ വെടിയുതിര്‍ത്ത ആ ദിവസം, ഡോ. മെയ്‌സൂണ്‍ സലാമയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.

ഡോ. മെയ്സൂണ്‍ സലാമ

ഫുട്‌സല്‍ ഗോളിയും അടുത്തുള്ള ബോയ്‌സ് സ്‌കൂളിലെ ടീമിന്റെ കോച്ചുമായിരുന്ന, ടെക് ബിസിനസ് രംഗത്തെ ഡെവലപ്പറായിരുന്ന, വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പ്രിയപ്പെട്ടവനായ തന്റെ മകന്‍ ആറ്റ മുഹമ്മദ് ഏല്യാന്‍ മരണപ്പെട്ട വിവരം മണിക്കൂറുകള്‍ക്കുള്ളില്‍ മെയ്‌സൂണെ തേടിയെത്തി. ഭര്‍ത്താവ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണെന്നും അവര്‍ അറിഞ്ഞു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ദിവസത്തെ കുറിച്ച് പറയുമ്പോള്‍, അന്നുണ്ടായ നടുക്കം മെയ്‌സൂണിന്റെ നോട്ടത്തിലും ശബ്ദത്തിലും നിറഞ്ഞുനിന്നിരുന്നു. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയേക്കാള്‍ മെയ്‌സൂണിനെ തളര്‍ത്തിയത് മകന്റെ മകളായ അയയുടെ നോട്ടമായിരുന്നു. രണ്ട് വയസുകാരിയായ തന്റെ പേരക്കുട്ടിയോട് എന്ത് പറയണമെന്നറിയാതെ മെയ്‌സൂണ്‍ കുഴങ്ങി.

അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട, കളിപ്പിച്ചും ചിരിപ്പിച്ചും കഥകള്‍ പറഞ്ഞു എടുത്ത് നടന്നിരുന്ന, കെട്ടിപ്പിടിച്ച് ഉമ്മകള്‍ നല്‍കുമായിരുന്ന ഉപ്പ ഇനി ഒരിക്കലും കൂടെയുണ്ടാകില്ലെന്ന് അയയോട് എങ്ങനെ പറയുമെന്ന് മെയ്‌സൂണിന് അറിയില്ലായിരുന്നു. താന്‍ നടത്തിയിരുന്ന ചൈല്‍ഡ് കെയര്‍ സെന്ററിലെ ഓരോ കുട്ടിയുടെയും മുഖം അവരുടെ മനസിലേക്ക് ഓടിയെത്തി. നിസഹായതയുടെ ആഴം ഇത്രമേല്‍ മുറിപ്പെടുത്തുമെന്ന് അറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

മകള്‍ അയക്കൊപ്പം ആറ്റ മുഹമ്മദ് ഏല്യാന്‍

‘മകന്റെ മരണം എനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു. എന്റെ ഭര്‍ത്താവിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഞാന്‍ പൊതുരംഗത്ത് ഏറെ സജീവമായിരുന്ന സമയമായിരുന്നു അത്. ഞാന്‍ നടത്തിവന്നിരുന്ന ചൈല്‍ഡ് കെയര്‍ സെന്ററിലെ കുട്ടികളില്‍ പലര്‍ക്കും അവരുടെ മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്ടമായിരുന്നു.

“വെടിവെയ്പ്പ് നടന്നതിന് ശേഷം, ആ കുട്ടികളായിരുന്നു എന്റെ മനസില്‍ മുഴുവന്‍. എന്റെ മകന്റെ മകളായ അയയെ കുറിച്ചായിരുന്നു ഞാന്‍ കൂടുതലും ചിന്തിച്ചത്. രണ്ട് വയസുകാരിയായ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഉപ്പയെ നഷ്ടപ്പെട്ടു. ഉപ്പ ഈ ഭൂമിയിലില്ലെന്ന് എങ്ങനെ അവളോട് പറയുമെന്ന്, എങ്ങനെ ആ ദുഖകരമായ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ അവളെ ഒരുക്കുമെന്ന് ആലോചിച്ച് എനിക്ക് ആധിയായി,’ ഡോ. മെയ്‌സൂണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആക്രമണം നടന്ന് രണ്ടാഴ്ചകള്‍ക്ക് ശേഷം ചൈല്‍ഡ് കെയര്‍ സെന്റര്‍ തുറന്നപ്പോള്‍, മാര്‍ച്ച് 15ന് നടന്ന ആക്രമണത്തിലെ വെടിയുണ്ടകള്‍ ഏറ്റവും ആഴത്തില്‍ തറച്ചിരിക്കുന്നത് കുഞ്ഞുങ്ങളിലാണെന്ന് മെയ്‌സൂണിന് ബോധ്യമായി. ഉപ്പയെ നഷ്ടപ്പെട്ട കുട്ടികളായിരുന്നു ഭൂരിഭാഗവും. തങ്ങളകപ്പെട്ടിരിക്കുന്ന ട്രോമ എന്താണെന്ന് പോലും മനസിലാക്കാന്‍ കഴിയാത്ത അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തേ മതിയാകൂവെന്ന് മെയ്‌സൂണിന് മനസിലായി.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ.മെയ്‌സൂണ്‍ ന്യൂസിലാന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡനോടും വിദ്യാഭ്യാസ വകുപ്പിനോടും പറഞ്ഞു. ആ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷെ ട്രോമയിലൂടെ കടന്നുപോകുന്ന കുട്ടികളോട് എങ്ങനെ സംസാരിക്കണമെന്നതിനെ കുറിച്ച് പോലും സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കോ കാര്യമായ ധാരണ ഇല്ലായിരുന്നു.

അയക്കൊപ്പം ഡോ. മെയ്സൂണ്‍ സലാമ

ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന എജ്യുക്കേറ്ററെന്ന നിലയില്‍ കുഞ്ഞുങ്ങളോട് എന്തും സംവദിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കഥകളാണെന്ന് മെയ്‌സൂണിന് തോന്നി. മുത്തശ്ശിയുടെ മടിയിലിരുന്ന് കഥ കേള്‍ക്കുന്നതും വായിക്കുന്നതും അയക്ക് ഏറെ ഇഷ്ടവുമായിരുന്നു. ഈ തോന്നലില്‍ നിന്നാണ് ന്യൂസിലാന്‍ഡിലെ വിദ്യാഭ്യാസ പദ്ധതിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഒരു കൂട്ടം കഥാപുസ്തകങ്ങള്‍ പിറവിയെടുത്തത്.

‘കൊവിഡ് കാലത്തെ ലോക്ക്ഡൗണിലാണ് ഞാന്‍ കഥയെഴുതാന്‍ തുടങ്ങുന്നത്. അയക്ക് നാല് വയസായിരുന്നു അപ്പോള്‍. അവളോട് ഉപ്പയുടെ മരണത്തെ കുറിച്ച് പറയണമായിരുന്നു. ഞാന്‍ ആ സമയത്ത് കുട്ടികളെ ചിത്രശലഭങ്ങളെ കുറിച്ച് പഠിപ്പിക്കുകയായിരുന്നു. അയയും ഇക്കാര്യങ്ങള്‍ പഠിക്കുന്നുണ്ടായിരുന്നു.

“ലാര്‍വ-പ്യൂപ്പ എന്നീ ഘട്ടങ്ങളിലൂടെ കടന്ന് പൂമ്പാറ്റയായി മാറുന്ന ആ ലൈഫ് സൈക്കിള്‍, അനിവാര്യമായ മാറ്റത്തെ കുറിച്ചും അതിനെ അംഗീകരിച്ച് മുന്നോട്ടു പോകേണ്ടതിനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കാനാകുന്ന ഏറ്റവും മികച്ച മാര്‍ഗമാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ‘അയ ആന്‍ഡ് ബട്ടര്‍ഫ്‌ളൈ’ എന്ന കഥ എഴുതുന്നത്,’ മെയ്‌സൂണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അയ ആന്‍ഡ് ബട്ടര്‍ഫ്‌ളൈയിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘അയയുടെ ഉപ്പയായിരുന്നു ഈ തോട്ടമുണ്ടാക്കിയത്. പുതിയ നീല തൂമ്പ കൊണ്ട് ഇവിടമെല്ലാം ചെറുതായി കിളച്ചായിരുന്നു ഉപ്പ തോട്ടം പരുവപ്പെടുത്തിയത്. അയ ഓരോ ദിവസവും ഉപ്പയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ചില സമയത്ത് ആ തോട്ടത്തിന് നടുവില്‍ നിന്ന് പൊട്ടിക്കരയുന്ന മുത്തശ്ശിയെ അവള്‍ കാണാറുണ്ട്. കരയുന്നത് നല്ലതാണെന്ന് അപ്പോള്‍ മുത്തശ്ശന്‍ പറയും. ‘ഉള്ളിലെ ദുഖത്തെ നമ്മള്‍ എങ്ങനെയെങ്കിലും പ്രകടിപ്പിച്ചേ തീരു’ മുത്തശ്ശന്‍ അയയോട് പറയും.’ (ഇംഗ്ലിഷ് പതിപ്പില്‍ നിന്ന് പരിഭാഷപ്പെടുത്തിയത്)

അയ ആന്‍ഡ് ബട്ടര്‍ഫ്ളെെയില്‍ നിന്ന്

ട്രോമയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള റിസോഴ്‌സ് മെറ്റീരിയലുകള്‍ അധികമില്ലെന്നും, ഈ കഥകള്‍ ഏറെ സഹായകരമാകുമെന്നാണ് പുസ്തകം കണ്ട് സോഷ്യല്‍ വര്‍ക്കേഴ്‌സ് പറഞ്ഞത്. പിന്നീട് വിദ്യാഭ്യാസ വകുപ്പുമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ വികസിച്ചു.

പക്ഷെ ഈ തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മകനെ നഷ്ടപ്പെട്ടതിന്റെ വേദന മെയ്‌സൂണിനെ ഇടക്കെല്ലാം വന്ന് പൊതിയും. ഒരിക്കല്‍ പോലും മകന്റെ അവസാന നിമിഷങ്ങളെ കുറിച്ച് മെയ്‌സൂണ്‍ അന്ന് ആ പള്ളിയിലുണ്ടായിരുന്ന ആരോടും ചോദിച്ചിട്ടില്ല. 2020 മാര്‍ച്ച് 15ന് ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ അനുസ്മരണ ചടങ്ങിന് പിന്നിലെ സന്മനസ് മനസിലാക്കുന്നുണ്ടെങ്കിലും, അവ വീണ്ടും തന്നെ വേദന നിറഞ്ഞ ഓര്‍മകളിലേക്ക് തള്ളിവിടുകയാണെന്ന് മെയ്‌സൂണ്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

നഷ്ടബോധം ഇടക്കിടെ ഉള്ളില്‍ നിറയുമ്പോഴെല്ലാം തീവ്രവാദത്തിനും വിദ്വേഷത്തിനുമെതിരെ ഇനിയുമേറെ പ്രവര്‍ത്തിക്കണമെന്ന് അവര്‍ സ്വയം തീരുമാനിച്ചുകൊണ്ടിരുന്നു. റോയല്‍ കമ്മീഷനിലും സര്‍ക്കാരിന്റെ അഡ്‌വൈസറി ബോര്‍ഡുകളിലും പങ്കെടുത്തുകൊണ്ട് തന്റെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മെയ്‌സൂണ്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ പറഞ്ഞു.

‘ഞാന്‍ തിരക്കിട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നെങ്കിലും അന്ന് ഞാന്‍ അങ്ങനെ പ്രവര്‍ത്തിച്ചത് വിഷമങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ എന്നെ സഹായിച്ചു,’ മെയ്‌സൂണ്‍ പറയുന്നു.

അയക്ക് വേണ്ടിയുള്ള കഥാപുസ്തങ്ങളുമായി തുടങ്ങിയ പദ്ധതി പതിയെ പതിയെ വിപുലമാകാന്‍ തുടങ്ങി. ട്രോമയില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുന്നതോടൊപ്പം, തീവ്രവാദത്തിനെതിരെയുള്ള ശക്തമായ ആയുധമായി അവ മാറി.

മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും മന്ത്രി പ്രിയങ്ക രാധാകൃഷ്ണനുമൊപ്പം ഡോ. മെയ്സൂണ്‍ സലാമ

തീവ്രവാദത്തെ മുളയിലെ ഇല്ലാതാക്കണമെങ്കില്‍, സംസ്‌കാരങ്ങളിലെയും വിശ്വാസങ്ങളിലെയും ജീവിതരീതികളിലെയും വൈവിധ്യത്തെ കുറിച്ച് ഏറ്റവും ചെറിയ പ്രായം മുതലേ കുട്ടികള്‍ മനസിലാക്കി വളരേണ്ടതുണ്ടെന്ന് ഡോ. മെയ്‌സൂണ്‍ പറയുന്നു.

‘തീവ്രവാദി ആക്രമണങ്ങളുടെയെല്ലാം തുടക്കം ഭയമാണ്. ആക്രമിക്കാനൊരുങ്ങുന്ന സംസ്‌കാരത്തോടും കമ്മ്യൂണിറ്റിയോടും ഒരുതരം ഭയം തീവ്രവാദികള്‍ക്കുണ്ട്. ഈ ഭയം എവിടെ നിന്നാണ് വരുന്നത് എന്നതാണ് ഞങ്ങള്‍ ആദ്യം അന്വേഷിച്ചത്. അവര്‍ക്ക് മറ്റുള്ളവരുടെ സംസ്‌കാരത്തെയോ വിശ്വാസങ്ങളെയോ ജീവിതരീതികളെയോ കുറിച്ച് അറിയില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി.

മാധ്യമങ്ങളോ ചില തീവ്രചിന്താ ഗ്രൂപ്പുകളോ പുറത്തുവിടുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് അവരില്‍ മുസ്‌ലിങ്ങളോടോ ഇതര വിഭാഗങ്ങളോടോ വെറുപ്പും വിദ്വേഷവും വളരുന്നത്. അതുകൊണ്ട് തന്നെ ബോധവത്കരണവും വിദ്യാഭ്യാസവുമാണ് തീവ്രവാദത്തിനെതിരെയുള്ള ഏറ്റവും മികച്ച പരിഹാരമെന്ന് ഞങ്ങള്‍ക്ക് മനസിലായി.

ചെറിയ പ്രായം മുതല്‍ തന്നെ മറ്റുള്ളവരെയും അവരുടെ സംസ്‌കാരത്തെയും കുറിച്ച് അറിയാനും മനസിലാക്കാനുമായാല്‍ മാറ്റം സാധ്യമാണ്. അതുകൊണ്ടാണ് ആ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള പ്രോജക്ടുകള്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. വേഷവും ജീവിതരീതികളും വിശ്വാസവുമെല്ലാം വ്യത്യസ്തമാണെങ്കിലും എല്ലാവരും മനുഷ്യരാണെന്ന് മനസിലാക്കി വേണം പുതിയ തലമുറ വളരാന്‍,’ ഭാവിയെ കുറിച്ച് തെളിമയോടെ പ്രതീക്ഷാനിര്‍ഭരമായി മെയ്‌സൂണ്‍ സംസാരിക്കുകയാണ്.

മുസ്‌ലിം ജീവിതത്തെയും സംസ്‌കാരത്തെയും പരിചയപ്പെടുത്തുന്ന നിരവധി കഥകള്‍ പദ്ധതിയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. മെയ്‌സൂണ്‍ മാത്രമല്ല, ഇസ്‌ലാമിക് വുമണ്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ന്യൂസിലാന്‍ഡിലെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളിലുള്ളവര്‍ കഥകളുമായെത്തി. സര്‍ക്കാര്‍ അവ പ്രസിദ്ധീകരിക്കുകയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു.

പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ നിന്ന്

ഇതിനോടകം നിരവധി കൃതികള്‍ ഇവര്‍ പുറത്തിറക്കി കഴിഞ്ഞു. അഭയാര്‍ത്ഥിയായി എത്തിയ ഒരാള്‍ നേരിടുന്ന വിവേചനങ്ങളുമായി ഒരു കഥ, സൊമാലിയില്‍ നിന്നെത്തിയ ഒരു കുട്ടിയെ കുറിച്ചാണ് മറ്റൊരു കഥ. പള്ളിയിലെ ഓപ്പണ്‍ ഡേ ആണ് മറ്റൊന്നില്‍. വിവിധ മേഖലകളിലുള്ള 13 മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ ജീവിതം പറയുന്ന പുസ്തകവുമുണ്ട്. മുസ്‌ലിം കുട്ടികളില്‍ തങ്ങളും ന്യൂസിലാന്‍ഡിന്റെ ഭാഗമാണെന്ന ഉറപ്പാണ് ഈ പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നത്. മറ്റ് കമ്മ്യൂണിറ്റിയിലെ കുട്ടികള്‍ക്ക് മുസ്‌ലിം വിഭാഗങ്ങളെ കുറിച്ചറിയാനും മനസിലാക്കാനും ചര്‍ച്ചകള്‍ തുടങ്ങാനും ഇവ സഹായകമാകുന്നു.

ഗണിതശാസ്ത്രവും സാമൂഹ്യശാസ്ത്രവും സയന്‍സും തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൂടിയാണ് ഈ കഥകള്‍ എന്നത് സ്‌കൂളുകളിലെ നിലവിലെ കരിക്കുലത്തില്‍ ഏറ്റവും അനുയോജ്യമായിരുന്നു. ഓരോ കഥാപുസ്തകവുമായി ബന്ധപ്പെട്ട ആക്ടിവിറ്റികളുടെ റിസോഴ്‌സ് മെറ്റീരിയലുകള്‍ കൂടി ഇവക്കൊപ്പമുള്ളതിനാല്‍ അധ്യാപകരും ഏറെ സന്തോഷത്തിലാണ്.

തന്നെ അടിമുടി ഇല്ലാതാക്കിയ ഒരു ദുരന്തത്തോട്, ഒരിക്കലും നികത്താനാകാത്ത നഷ്ടത്തോട്
ആത്മസംയമനത്തോടെയും മനുഷ്യത്വത്തോടെയും ഒരു സ്ത്രീ പ്രതികരിച്ച രീതി തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച മാതൃകയായിരിക്കുകയാണ്. വൈവിധ്യങ്ങളെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹത്തെ വാര്‍ത്തെടുക്കുക മാത്രമാണ് തീവ്രവാദത്തിനുള്ള ഫലപ്രദമായ മറുമരുന്നെന്ന് ചെറുകഥകളിലൂടെ ഡോ. മെയ്‌സൂണ്‍ സലാമ പതിഞ്ഞ താളത്തില്‍ പറഞ്ഞുതരികയാണ്.

യു.എ.ഇയില്‍ വെച്ച് 2023 ഫെബ്രുവരി 21, 22 തീയതികളിലായി നടന്ന ആഗോള വനിതാ സമ്മേളനത്തില്‍ വെച്ച് ഡൂള്‍ന്യൂസ് പ്രതിനിധി അന്ന കീര്‍ത്തി ജോര്‍ജിന് ഡോ. മെയ്‌സൂണ്‍ സലാമ നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്

Content Highlight: Story of Dr. Maysoon Salama, Muslim woman in New Zealand who uses children stories to prevent terrorism and Islamophobia

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.