തിരക്കുള്ള റോഡിലിറങ്ങി സിഗരറ്റ് വലിച്ച് ചെന്നൈയെ സ്തംഭിപ്പിച്ച രജനി; സിനിമയെ വെല്ലുന്ന രജനി - ജയ പോരിന്റെ കഥ
Entertainment
തിരക്കുള്ള റോഡിലിറങ്ങി സിഗരറ്റ് വലിച്ച് ചെന്നൈയെ സ്തംഭിപ്പിച്ച രജനി; സിനിമയെ വെല്ലുന്ന രജനി - ജയ പോരിന്റെ കഥ
അമൃത ടി. സുരേഷ്
Sunday, 12th December 2021, 4:52 pm

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇന്ന് 71ാം പിറന്നാളാണ്. നാടകീയതകള്‍ നിറഞ്ഞ അമാനുഷിക കഥാപാത്രങ്ങളെ വെള്ളിത്തിരയിലവതരിപ്പിച്ച രജനിയുടെ ജീവിതവും സിനിമ പോലെ സംഭവബഹുലമാണ്. രാഷ്ട്രീയ രംഗപ്രവേശനത്തില്‍ അടി തെറ്റിയെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാക്കളിലൊരാളായ ജയലളിതയെ പരാജയത്തിലേക്ക് കൂപ്പുകുത്തിച്ച ഒരു ചരിത്രമുണ്ട് രജനിക്ക്.

ജയലളിത-രജനി പോര് തമിഴ് രാഷ്ട്രീയത്തില്‍ ഏറെ സുപരിചിതമാണ്. സിനിമയില്‍ ജയലളിതയുടെ അവസാനകാലത്താണ് രജനി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയരുന്നത്. 1980 ല്‍ പുറത്തിറങ്ങിയ ജയയുടെ അവസാനചിത്രമായ ‘നദിയെ തേടിവന്ത കടല്‍’ എന്ന ചിത്രത്തില്‍ രജനി ആയിരുന്നു നായകനാവേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തെ ജയ തിരസ്‌കരിക്കുകയായിരുന്നു. ശരത് ബാബുവാണ് പിന്നീട് ഈ ചിത്രത്തില്‍ നായകനായത്. അതുപോലെ രജനിയെ താരപദവിയിലേക്ക് ഉയര്‍ത്തിയ ബില്ലയിലെ നായികവേഷം ജയ നിരസിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമക്ക് പുറത്തേക്കും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നീണ്ടു. 1992ല്‍ തമിഴ്‌നാട്ടിലെ ഏറ്റവും തിരക്കേറിയ വഴിയായ എം.ജി രാധാകൃഷ്ണന്‍ റോഡില്‍ രജിനിയുടെ വണ്ടി ട്രാഫിക്ക് കരുക്കില്‍ പെട്ടു. അവിടെ നില്‍ക്കുന്ന ഒരു പൊലീസുകാരനോട് അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയായ ജയയുടെ വാഹനം കടന്നു പോകാന്‍ ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് മറുപടി നല്‍കി. അരമണിക്കൂറായി ബ്ലോക്ക് തുടങ്ങിയിട്ട്. മുഖ്യമന്ത്രി വരാന്‍ വൈകുകയാണെങ്കില്‍ വാഹനങ്ങള്‍ കടത്തിവിട്ടു കൂടെ എന്ന് രജനി ചോദിച്ചു. എന്നാല്‍ തനിക്ക് കിട്ടിയ നിര്‍ദേശം ഇങ്ങനെയാണെന്ന് പൊലീസുകാരന്‍ മറുപടി പറഞ്ഞു. ക്ഷമ നശിച്ച രജനി വണ്ടിയില്‍ നിന്നുമിറങ്ങി അടുത്തുള്ള പെട്ടികടയില്‍ ചെന്ന് ഒരു സിഗരറ്റ് വാങ്ങി സിനിമ സ്റ്റൈലില്‍ ഒരു പോസ്റ്റില്‍ ചാരിനിന്ന് സിഗരറ്റ് വലിക്കാന്‍ തുടങ്ങി.

സൂപ്പര്‍ താരത്തെ റോഡില്‍ കണ്ട് ജനങ്ങള്‍ തിങ്ങിക്കൂടി. ഇതോടെ വഴിയിലെ ബ്ലോക്ക് വര്‍ധിച്ചു. ജയയുടെ വാഹനം വന്നപ്പോള്‍ കടന്നുപോകാനാവാത്ത സ്ഥിതിയായി. ഒടുവില്‍ കടത്തിവിടാനാവില്ല എന്ന് പറഞ്ഞ അതേ പൊലീസുകാരന്‍ വന്ന് അദ്ദേഹത്തോട് സ്ഥലത്ത് നിന്നും പോകണമെന്ന് അപേക്ഷിച്ചു. മുഖ്യമന്ത്രി പോകാന്‍ കാത്തുനില്‍ക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇങ്ങനെ പല നിലക്ക് ജയയും രജനിയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പരസ്യമായി തന്നെ നടന്നു. സംവിധായകന്‍ മണിരത്‌നത്തിന്റെ ബോംബെയിലെ വസതിയിലെ ബോംബാക്രമണത്തോടെ അത് മൂര്‍ധന്യാവസ്ഥയിലെത്തി.

1995 ല്‍ മുംബൈ കലാപം ആധാരമാക്കി ബോംബെ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് മണിരത്‌നത്തിന്റെ ചെന്നെയിലെ വസതിയിലേക്ക് ബോബേറുണ്ടായത്. സംഭവത്തില്‍ മണിരത്‌നത്തിന് സാരമായി പരുക്കേറ്റു. അല്‍ ഉമ എന്ന സംഘടനയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന സൂചനകളുണ്ടായിരുന്നു.

എന്നാല്‍ സംഭവം ജയലളിത സര്‍ക്കാരിനെതിരെ തിരിച്ചുവിടുന്നതില്‍ രജനികാന്ത് മുഖ്യപങ്ക് വഹിച്ചു. ബോംബെ റിലീസ് ചെയ്ത സമയത്ത് തന്നെയാണ് രജനികാന്തിന്റെ ബാഷയും റിലീസ് ചെയ്തത്. ബാഷയുടെ ഒരു വിജയാഘോഷവേദിയില്‍ സര്‍ക്കാരിനെതിരെ രജനി പൊട്ടിത്തെറിച്ചു. ‘തമിഴ്‌നാട്ടില്‍ ആര്‍ക്കും സമാധാനത്തോടെ വസിക്കാനാവുന്നില്ല. മണിരത്‌നത്തിന് എന്താണ് സംഭവിച്ചത്. അദ്ദേഹം രാവിലെ കാപ്പി കുടിക്കുമ്പോള്‍ വീട്ടില്‍ വീണത് ബോംബാണ്. ഇത് എന്ത് നാടാണ്. ഇവിടെ ഒരു ഭരണമുണ്ടോ? സര്‍ക്കാരുണ്ടോ? ഇവിടെ ബോംബ് കള്‍ചറാണ് നടക്കുന്നത്. ഈ ബോംബ് കള്‍ച്ചര്‍ അവസാനിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇങ്ങനെ തുടര്‍ന്നാല്‍ നമ്മുടെ നാട് ശവപ്പറമ്പാകും,’ രജനി പറഞ്ഞു.

1996 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ രജിനി തിരിഞ്ഞു. കരുണാനിധിയുടെ ഡി.എം.കെയെ അദ്ദേഹം പരോക്ഷമായി പിന്തുണച്ചു. ഒടുവില്‍ ഫലം വന്നപ്പോള്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ നേടിയത് വെറും നാല് സീറ്റ്. സ്വന്തം മണ്ഡലത്തില്‍ പോലും അവര്‍ക്ക് ജയിക്കാനായില്ല. 234 ല്‍ 221 സീറ്റും നേടി കരുണാനിധി അധികാരത്തിലെത്തി. എന്നാല്‍ അധികം വൈകാതെ രജനി ഡി.എം.കെ ബന്ധം അവസാനിപ്പിച്ചു.

ആദ്യകാലങ്ങളില്‍ തര്‍ക്കത്തിലായിരുന്നുവെങ്കിലും പിന്നീട് തന്റെ അയല്‍ക്കാരി കൂടിയായിരുന്ന ജയയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ രജനി ശ്രമിച്ചിരുന്നു. രജനിയുടെ മകളുടെ വിവാഹത്തില്‍ ജയ പങ്കെടുക്കുകയും ചെയ്തു.

ഒടുവില്‍ ജയലളിതയുടെ മരണശേഷം നടത്തിയ അനുശോചന യോഗത്തിലെ വേദിയില്‍ വെച്ച് പഴയ കാര്യങ്ങളോര്‍ത്ത് രജനി വിതുമ്പി. ‘ഞാനവരെ വിമര്‍ശിച്ചു, വിഷമിപ്പിച്ചു, അവരുടെ തോല്‍വിക്ക് കാരണമായി. ജയയുടെ ഹൃദയം തങ്കം പോലെ പരിശുദ്ധമാണ്,’ അദ്ദേഹം പറഞ്ഞു. ജയലളിത അധികാരത്തില്‍ വന്നാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ രജനി ഒടുവില്‍ കൊഹിനൂര്‍ രത്‌നമെന്നാണ് അവരെ വിശേഷിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: story behing rajinikanth and jayalalitha fight

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.