ബോളിവുഡ് സിനിമകൾ കാണുന്നത് നിർത്തി മലയാളം സിനിമ കാണാൻ തുടങ്ങി: അനുരാ​ഗ് കശ്യപ്
Malayalam Cinema
ബോളിവുഡ് സിനിമകൾ കാണുന്നത് നിർത്തി മലയാളം സിനിമ കാണാൻ തുടങ്ങി: അനുരാ​ഗ് കശ്യപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd August 2025, 2:57 pm

ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് അനുരാഗ് കശ്യപ്. വ്യത്യസ്തമായ ചിത്രങ്ങളൊരുക്കി ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അനുരാഗ് കശ്യപിന് സാധിച്ചു.

അഭിനയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇമൈക്ക നൊടികൾ, മഹാരാജ, റൈഫിൾ ക്ലബ്ബ് എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്. ബോളിവുഡിലെ സ്റ്റാർ സിസ്റ്റത്തിൽ മനംമടുത്ത് ഇനി ബോളിവുഡിലേക്കില്ലെന്ന് അടുത്തിടെ അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. ഇപ്പോൾ മലയാള സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

വിഷാദരോഗത്തിൽ നിന്ന് കരകയറിയെന്നും ഇപ്പോൾ സുഖം പ്രാപിച്ചിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറയുന്നു. ഹിന്ദി സിനിമകൾ കാണുന്നത് നിർത്തിയെന്നും പുതിയ സംവിധായകരുടെയും നിർമാതാക്കളുടെയും സിനിമകൾ കാണാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റൈഫിൾ ക്ലബിലെ ചിത്രീകരണത്തിന് പോയപ്പോൾ വളരെ വ്യത്യസ്തമായിട്ടുള്ള കാര്യം സംഭവിച്ചുവെന്നും അത് തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സംഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ചലച്ചിത്രമേഖലയിൽ ആളുകൾ തന്നെ ഒഴിവാക്കുകയാണെന്നും കാരണം താൻ ഒന്നും മറച്ച് വെച്ച് സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാര്യങ്ങളെക്കുറിച്ചും സംസാരിക്കുമെന്നും എന്നാൽ അതുപോലെയല്ല ദക്ഷിണേന്ത്യയെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യയിൽ, അവർക്ക് തന്നോട് വളരെയധികം സ്‌നേഹമുണ്ടെന്നും അവർ തന്റെ സിനിമകൾ കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ മദ്യപാനം നിർത്തിയെന്നും എഴുതാനും വ്യായാമം ചെയ്യാനും തുടങ്ങിയെന്ന് അനുരാഗ് കൂട്ടിച്ചേർത്തു. സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തിയേറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം 2022 പുറത്തിറങ്ങി ദൊബാര ആണ്. അടുത്തതായി റിലീസ് ചെയ്യുന്നത് നിഷാഞ്ചി എന്ന സിനിമയാണ്. വേദിക പിന്റോ, മോണിക്ക പൻവാർ, മുഹമ്മദ് സീഷാൻ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlight: Stopped watching Bollywood movies and started watching Malayalam movies says Anurag Kashyap