ന്യൂദൽഹി: ലഡാക്കിലെ ജനങ്ങളെയും സംസ്കാരത്തെയും ബി.ജെ.പിയും ആർ.എസ്.എസും അക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ആക്രമണവും ഭീഷണിപ്പെടുത്തലും അവസാനിപ്പിക്കണമെന്നും ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ലഡാക്കിലെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ശബ്ദത്തിന് നാല് യുവാക്കളെ കൊന്നും സോനം വാങ്‌ചുക്കിനെ ജയിലിലടച്ചുമാണ് ബി.ജെ.പി പ്രതികരിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
‘ലഡാക്കിലെ അത്ഭുതകരമായ ജനത, സംസ്‌കാരം, പാരമ്പര്യങ്ങൾ എന്നിവയെ ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് ആക്രമിക്കുന്നു. ലഡാക്കിലെ ജനങ്ങളുടെ ശബ്ദത്തിന് നാല് യുവാക്കളെ കൊന്നും സോനം വാങ്‌ചുക്കിനെ ജയിലിലടച്ചുമാണ് ബി.ജെ.പി പ്രതികരിച്ചത്. അക്രമവും കൊലപാതകവും നിർത്തൂ. ഭീഷണിപ്പെടുത്തൽ നിർത്തൂ. ലഡാക്കിന് ആറാം ഷെഡ്യുൾ നൽകൂ,’ രാഹുൽ ഗാന്ധി എക്സിൽ പറഞ്ഞു.
കഴിഞ്ഞാഴ്ച ലേയിൽ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന ആവശ്യത്തിന് പിന്നാലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തിരുന്നു. കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അമ്പത് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആദിവാസി സമൂഹങ്ങൾക്ക് ഭരണം, ഭൂമി, വനം എന്നിവയ്ക്ക് പരിമിതമായ സ്വയംഭരണാവകാശം നൽകണമെന്നും ലഡാക്ക് ജനത ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സോനം വാങ്‌ചുക് ഉൾപ്പെടെ 15 പേർ സെപ്റ്റംബർ പത്ത് മുതൽ നിരാഹാരസമരം ആരംഭിച്ചിരുന്നു.
Content Highlight: Stop intimidation and killing; BJP and RSS are attacking Ladakh: Rahul Gandhi