അലഹബാദ്: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് ജീവിക്കുന്ന യുവദമ്പതികളെ പിന്തുടരുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി.
പൊലീസിന്റെ ഇത്തരം പ്രവണതകള്‍ ‘അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന്’ നിരീക്ഷിച്ച കോടതി, ആവശ്യത്തിലേറെ കേസുകള്‍ അന്വേഷിക്കാനുള്ളപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് പൊലീസ് സമയം പാഴാക്കുകയാണെന്നും കുറ്റപ്പെടുത്തി.
ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് തരുണ്‍ സക്‌സേന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.
തന്റെ 19 വയസുള്ള മകളെ ഒരാള്‍ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയില്‍ സഹാറന്‍പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ബി.എന്‍.എസ് സെക്ഷന്‍ 87 പ്രകാരമായിരുന്നു യുവാവിനെതിരെ കേസെടുത്തിരുന്നത്. എന്നാല്‍, ദമ്പതികള്‍ 2025 ഡിസംബറില്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്നും കോടതി കണ്ടെത്തി.
ഈ സാഹചര്യത്തില്‍ പൊലീസ് കാണിച്ച അമിത താത്പര്യത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
പൊലീസിന്റെ ഇത്തരം അശ്രദ്ധമായ നടപടികള്‍ കാരണം കോടതികളില്‍ അനാവശ്യ കേസുകള്‍ കുന്നുകൂടുകയാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഘട്ടത്തില്‍ തന്നെ വിവേചനബുദ്ധി കാണിച്ചിരുന്നെങ്കില്‍ ഈ കേസുകള്‍ കോടതിയില്‍ എത്തുമായിരുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.
പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ എവിടെ താമസിക്കണം, ആരോടൊപ്പം ജീവിക്കണം, ആരെ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കുന്നത് അവരുടെ മൗലികാവകാശമാണ്. ഇതില്‍ ഇടപെടാന്‍ ഭരണഘടന ആര്‍ക്കും അധികാരം നല്‍കുന്നില്ല.
ചില സന്ദര്‍ഭങ്ങളില്‍ ദമ്പതികളെ നിര്‍ബന്ധിച്ച് വേര്‍പെടുത്തി യുവതിയെ വീട്ടുകാരിലേക്ക് തിരിച്ചയക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധവും ചിലപ്പോള്‍ കുറ്റകരവുമാണെന്നും കോടതി ഓര്‍മിപ്പിച്ചു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ഡി.ജി.പിക്ക് കോടതി പ്രത്യേക നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതികള്‍ ഇടപെടുന്നതിന് മുമ്പ് തന്നെ പൊലീസ് ഇത്തരം കാര്യങ്ങളില്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും, യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
രാജ്യത്തെ ഓരോ പൗരനും, പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയ്ക്കും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശം ഈ വിധിയിലൂടെ നല്‍കണമെന്നും കോടതി പറഞ്ഞു.
‘ഏതു ബന്ധത്തില്‍പ്പെട്ട ആളായാലും, നിയമപ്രകാരം മേജറായ മറ്റൊരു മുതിര്‍ന്ന വ്യക്തിയുടെ ഇഷ്ടത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കാനോ ഭരിക്കാനോ ഭരണഘടന അനുവദിക്കുന്നില്ല.’, കോടതി വ്യക്തമാക്കി.
ഈ കേസില്‍ പരാതിക്കാരനായ പിതാവിന് മകളെ കാണാനില്ലെന്ന് കാണിച്ച് ഒരു ‘മിസ്സിങ് കേസ്’ മാത്രമേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ എന്നും, ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
യുവ ദമ്പതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും കോടതി റദ്ദാക്കി. ദമ്പതികളുടെ സമാധാനപരമായ വിവാഹ ജീവിതം തടസപ്പെടുത്താന്‍ പിതാവിനോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനൊപ്പം ദമ്പതികള്‍ വിവാഹ ശേഷം താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കരുതെന്ന് പരാതിക്കാരന് കോടതി കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
ദമ്പതികളെ പിന്തുടരുന്ന പ്രവണത അവസാനിപ്പിക്കാന്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അഭിഭാഷകരായ ആശിഷ് കുമാര്‍, ശിവം കുമാര്‍ ശുക്ല എന്നിവരാണ് ഹരജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
Content Highlight: Stop chasing young couples, focus on investigating crimes: Allahabad HC to UP Police