'എന്തിനാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്?'; ഇത് കോണ്‍ഗ്രസിനോടും ശിവസേനയോടും ബി.ജെ.പി നടത്തുന്ന യുദ്ധമല്ലെന്ന് മനസിലാക്കണമെന്ന് ശിവസേന
national news
'എന്തിനാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്?'; ഇത് കോണ്‍ഗ്രസിനോടും ശിവസേനയോടും ബി.ജെ.പി നടത്തുന്ന യുദ്ധമല്ലെന്ന് മനസിലാക്കണമെന്ന് ശിവസേന
ന്യൂസ് ഡെസ്‌ക്
Friday, 19th June 2020, 10:44 pm

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ എടുത്ത നിലപാടുകളില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശിവസേന. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ബി.ജെ.പി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്തിനാണെന്നും ഇത് ആരോപണങ്ങള്‍ നടത്തേണ്ട സമയമല്ലെന്നും ശിവസേന പറഞ്ഞു.

‘ജവഹര്‍ലാല്‍ നെഹ്‌റുവിന് തെറ്റ് പറ്റി അല്ലെങ്കില്‍ രാജീവ് ഗാന്ധിക്ക് തെറ്റി എന്നൊന്നും പറഞ്ഞ് കളിക്കേണ്ട സമയമല്ലിത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലോ അല്ലെങ്കില്‍ ബി.ജെ.പിയും ശിവസേനയും തമ്മിലോ രാഷ്ട്രീയം കളിക്കുകയോ യുദ്ധം നടത്തുകയോ അല്ല വേണ്ടത്. ഇത് നമ്മുടെ സൈന്യത്തിന് നേരെയുണ്ടായ അതിക്രമമാണ്. അതിന് പ്രതികാരം ചെയ്യാനാണ് രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്നത്’, ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘1962ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് പിടിപ്പുകേട് സംഭവിച്ചു എന്ന് ആരോപിക്കുന്നവര്‍ ഇനിയും പാഠം പഠിച്ചിട്ടില്ല. അവര്‍ സ്വയം ആത്മപരിശോധന നടത്തണം. നമ്മുടെ ആളുകളുടെ ത്യാഗം വെറുതെയാവരുത്. തങ്ങളുടെ സൈനികരെ ആരെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ആത്മാഭിമാനത്തിനെതിരായ ആക്രമണമായിട്ടാണ് എല്ലാ രാജ്യങ്ങളും കണക്കാക്കാറുള്ളത്. ഇവിടെ, നമ്മുടെ ധീരരായ 20 സൈനികര്‍ കൊല്ലപ്പെട്ടു. അതിനെയാണ് കാണേണ്ടത്’, സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സഹായം ആവശ്യപ്പെടണമെന്നും അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടണമെന്നും ശിവസേന പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ